അടുത്ത വർഷം നാടകവുമായി വരും -നാസർ
text_fieldsഇറ്റ്ഫോക് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ സംവിധായകനും നടനുമായ നാസർ കലക്ടർ അർജുൻ പാണ്ഡ്യനുമായി സംഭാഷണത്തിൽ
തൃശൂർ: പ്രതിഭകളുടെയും പ്രമുഖരുടെയും സാന്നിധ്യത്താൽ സമ്പന്നമായിരുന്നു അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന വേദി. ദക്ഷിണേന്ത്യൻ ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായ നടൻ എം. നാസറായിരുന്നു മുഖ്യതിഥി. അന്താരാഷ്ട്ര നാടകോത്സവം ഗംഭീരമായാണ് കേരളത്തിൽ ആഘോഷിക്കപ്പെടുന്നതെന്നും അടുത്ത വർഷം ഇറ്റ്ഫോക് നടക്കുന്ന തീയതി അറിയിച്ചാൽ ഒരു നാടകവുമായി എത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷത വഹിച്ച സംഗീത-നാടക അക്കാദമി ചെയർമാർ മട്ടന്നൂർ ശങ്കരൻകുട്ടിയും ആഗ്രഹം മറച്ചുവെച്ചില്ല. തനിക്ക് നാടകത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്നും ആരെങ്കിലും അത് സാധിച്ചുതരുമെന്നാണ് പ്രതീക്ഷയെന്നും മട്ടന്നൂർ പറഞ്ഞു.
ആദ്യദിനത്തിൽ വൈകീട്ട് മൂന്നിന് തോപ്പിൽഭാസി ബ്ലാക്ക് ബോക്സ് വേദിയിൽ ‘ദി നൈറ്റ്സ്’ അരങ്ങേറി. വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററിൽ ബംഗളൂരു ഭൂമിജ ട്രസ്റ്റ് അവതരിപ്പിച്ച ഹയവദന നാടകമാണ് അരങ്ങേറിയത്. രാത്രി ഒമ്പതിന് ഗൗളി മ്യൂസിക് ബാൻഡ് ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി.