നോക്കുവിദ്യ പാവകളിയെ വിശ്വവേദിയിലെത്തിച്ച പ്രതിഭ; പങ്കജാക്ഷിയമ്മക്ക് നാടിന്‍റെ യാത്രാമൊഴി
text_fieldsമോനിപ്പള്ളി: ഏഴര പതിറ്റാണ്ടുനീണ്ട കലാസപര്യയിൽ പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളിയെ വിശ്വവേദിയിൽവരെ എത്തിച്ച പത്മശ്രീ ജേതാവ് പങ്കജാക്ഷിയമ്മക്ക് നാടിന്‍റെ യാത്രാമൊഴി. മൂക്കിനും മേൽചുണ്ടിനും ഇടയിൽ കുത്തിനിർത്തുന്ന വടിയിലൂടെ പാവകളെ നിയന്ത്രിക്കുന്ന നോക്കുവിദ്യ പാവകളിയിലെ ഇതിഹാസമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷിയമ്മ ബുധനാഴ്ച കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. 90 വയസ്സായിരുന്നു.
കഠിന പരിശ്രമത്തിലൂടെ നേടിയ ഏകാഗ്രത കൈമുതലാക്കി ‘ഓണംതുള്ളൽ’എന്ന പാരമ്പര്യ കലാരൂപത്തെ നോക്കു പാവവിദ്യയാക്കി ലോകനഗരമായ പാരിസിലെ വേദി വരെ എത്തിച്ച പങ്കജാക്ഷിയമ്മയെ 2020ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
മാതാപിതാക്കളിൽനിന്ന് പാവകളി അഭ്യസിച്ച പങ്കജാക്ഷിയമ്മ 11ാം വയസ്സ് മുതൽ കലാരംഗത്ത് സജീവമായിരുന്നു. മുമ്പ് ഓണനാളുകളിൽ തറവാട്ട് മുറ്റങ്ങളിൽ അരങ്ങേറിയിരുന്നതാണ് ഈ കലാരൂപം. മേൽചുണ്ടിനു മുകളിൽ വെക്കുന്ന കോലിൽ പാവകളെ ഉറപ്പിച്ച് ചരട് വലിച്ച് പാട്ടിനൊപ്പം കഥാ മുഹൂർത്തങ്ങൾക്കു ചേരുന്ന വിധം ചലിപ്പിച്ചാണ് നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്നത്. രാമനും ലക്ഷ്മണനും രാവണനുമൊക്കെ മാറിമാറി പങ്കജാക്ഷിയമ്മയുടെ ചരടിലെ കൈയടക്കത്താൽ നൃത്തമാടി. ഒപ്പമുള്ള കലാകാരന്മാർ തുടി, ഗഞ്ചിറ, കൈമണി എന്നിവയിൽ താളമിട്ടു പാടുന്നതിനൊപ്പമാവും അവതരണം. രാമായണ മുഹൂർത്തങ്ങൾ കൂടാതെ മഹാഭാരതരംഗങ്ങളും സാമൂഹിക ജീവിതത്തിൽനിന്ന് എടുത്ത കഥകളുമെല്ലാം പ്രമേയമായി.
കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും പങ്കജാക്ഷിയമ്മയുടെ കലാരൂപം ഇടംപിടിച്ചിരുന്നു. കേരള ഫോക്ലോർ അക്കാദമി അവാർഡും ഫെലോഷിപ്പും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2007ലാണ് പാരിസ് കാർണിവലിൽ പാവകളി അവതരിപ്പിച്ചത്. പങ്കജാക്ഷിയമ്മയുടെ കൊച്ചുമകൾ എസ്. രഞ്ജിനി മാത്രമാണ് ഈ കലാരൂപം ഇനി അറിയുന്ന ഏകയാൾ.
ഉരുളികുന്നം മൂഴിക്കൽ ശങ്കരന്‍റെയും പാപ്പിയമ്മയുടെയും അഞ്ചു മക്കളിൽ മൂത്തയാളായിരുന്നു. അമ്മയിൽനിന്നാണ് നോക്കുവിദ്യ പാവകളിയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. ഭർത്താവ്: മോനിപ്പള്ളി മൂഴിക്കൽ പരേതനായ എം.എസ്. ശിവരാമ പണിക്കർ. മക്കൾ: രാധാമണി, ശിവൻ, പരേതനായ വിജയൻ. ഓണക്കളി മാത്രമായിരുന്ന ഓണംതുള്ളലിനെ വേദികളിൽ അവതരിപ്പിക്കുന്നതിനായി ചിട്ടപ്പെടുത്തിയത് ശിവരാമപണിക്കർ ആയിരുന്നു.
രാവിലെ മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളി പാരിഷ്ഹാളിൽ പൊതുദർശനത്തിനു വെച്ചപ്പോഴും പിന്നീട് വസതിയിലും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യചടങ്ങുകൾ.


