അപ്പീലിൽ വന്ന് കിരീടം അടിച്ചെടുത്ത് ഒപ്പന ടീം
text_fieldsവാണിയം കുളം ടി.ആർ.കെ.എച്ച്.എസ്.എസ്. ഒപ്പന സംഘം
തൃശൂർ: അപ്പീലിൽ വന്ന് സംസ്ഥാന കലോത്സവത്തിൽ ഒപ്പന കിരീടം അടിച്ചെടുത്ത് വാണിയം കുളം ടി.ആർ.കെ.എച്ച്.എസ്.എസ്. 'മല്ലിക മലർമുല്ല മണവിയാൾ സുനാഫീല് , മുല്ലപ്പൂ സഭതന്നിൽ അതൃപ്പം ഹാലാ........' എന്നു തുടങ്ങുന്ന തേനൂറുന്ന ശീലുകൾ കൊണ്ട് ഇശൽ പെയ്ത്ത് നടത്തി പാലക്കാട് ജില്ലയിൽ നിന്നെത്തിയ സംഘം,
ശ്രേയയും നീരജയും വേദയും ചേർന്ന് പാടിയ പാട്ടിനൊപ്പം സോയ , സഹല നാജിയ , ഫാത്തിമ വഫ , മുഫ്സില , ഹന, ഫാത്തിമ നിദ എന്നിവർ ചുവടു വെച്ചു. മണവാട്ടി അംന ഫാത്തിമക്ക് ചുറ്റും കളി പറഞ്ഞ് ചാഞ്ഞും ചെരിഞ്ഞും ഇരുന്നും കൈ കൊട്ടിയപ്പോൾ മികച്ച ദൃശ്യാനുഭവമായി ഒപ്പന.
മിതമായ ചമയങ്ങളിൽ പൈതൃകത്തോട് ചേർന്ന് നിൽക്കുന്ന ശീലുകളും ഈണങ്ങളും ചുവടുകളും ചിട്ടപ്പെടുത്തിയത് കേരള സർക്കാറിൻ്റെ ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവും യുവമാപ്പിള കവിയുമായ മാളിയേക്കൽ അബൂ കെൻസ എന്ന ഫൈസൽ കൻമനമാണ്.


