പയ്യന്നൂർ ലോകസിനിമയിലേക്ക് മിഴി തുറന്ന് അരനൂറ്റാണ്ട്
text_fieldsപയ്യന്നൂർ: നാട്ടിടവഴികളിൽപോലും കലയുടെ കാൽചിലമ്പുകൾ കലമ്പുന്ന പയ്യന്നൂർ ലോകസിനിമയിലേക്ക് മിഴി തുറന്നിട്ട് ഇന്ന് അരനൂറ്റാണ്ട്. 1976ലെ വിഷുദിനമായ ഏപ്രിൽ 15നായിരുന്നു ഒരു ലോകസിനിമ കറുപ്പും വെളുപ്പും പയ്യന്നൂരിന്റെ സ്ക്രീനിൽ തെളിഞ്ഞത്.ടൗണിലെ ബി.ഇ.എം എൽ.പി സ്കൂൾ ചുവരിൽ തെളിഞ്ഞ ദൃശ്യങ്ങൾ വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിന്റെ ഗോൾഡ് റഷ് എന്ന സിനിമയിലേതായിരുന്നു.തുടർന്ന് രണ്ടാം ലോകയുദ്ധം പശ്ചാത്തലമാക്കിയുള്ള വേവ്സ് ഓഫ് ഡാന്യൂബ് എന്ന റുമേനിയൻ സിനിമയും ഹാപ്പി ആനിവഴ റി എന്ന ഫ്രഞ്ച് ഹ്രസ്വ സിനിമയും പ്രദർശിപ്പിച്ചു. പയ്യന്നൂരിൽ രൂപംകൊണ്ട സർഗ ഫിലിം സൊസൈറ്റിയുടെ ആദ്യ സിനിമ പ്രദർശനമായിരുന്നു ഇത്.
പയ്യന്നൂർ കോളജിലെ സുവോളജി വിഭാഗം മേധാവി പ്രഫ. ജോൺസി ജേക്കബാണ് 16 മില്ലിമീറ്റർ പ്രൊജക്‌ടർ കൊണ്ടുവന്ന് സിനിമകൾ പ്രദർശിപ്പിച്ചത്.1974ൽ ജോൺസിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സുവോളജിക്കൽ ക്ലബ് 1974ൽ നടത്തിയ ശാസ്ത്രപ്രദർശനത്തിന്റെ വരുമാനം ഉപയോഗിച്ചാണ് ഈ പ്രൊജക്‌ടർ വാങ്ങിയിരുന്നത്.കനേഡിയൻ, നെതർലൻഡ്‌സ് തുടങ്ങിയ എംബസികളിൽനിന്ന് ശാസ്ത്രസംബന്ധിയും അല്ലാത്തതുമായ ചിത്രങ്ങൾ എത്തിച്ച് പ്രഫ. ജോൺ സി അന്ന് താമസിച്ചിരുന്ന പയ്യന്നൂരിലെ വീട്ടുമുറ്റത്ത് പ്രദർശിപ്പിക്കാറുണ്ടായിരുന്നു.പിന്നീട് സർഗ ഏറെക്കാലം ബി.ഇ.എം എൽ.പി സ്കൂളിലും ഹൈസ്കൂളിലുമായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കാറുള്ളത്.
ബാല ചലച്ചിത്രമേളയും നാടകോത്സവവും ദൃശ്യ സംഘടിപ്പിക്കാറുണ്ടായിരുന്നു. സർഗ സ്വന്തമായി പ്രൊജക്ടർ വാങ്ങിയശേഷം ഛാത്രഭാംഗ് എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. പിന്നീട് സർഗ ചിത്രപ്രദർശനം നിലച്ചു. അന്ന് സിനിമ പ്രദർശിപ്പിച്ച പ്രൊജക‌്ടർ സീക്കിന്റെ ഓഫിസിൽനിന്ന് ടി. പി. പത്മനാഭനും ഡോ. ഇ. ഉണ്ണിക്കൃഷ്ണനും ചേർന്ന് കണ്ടെടുത്തിട്ടുണ്ട്. കോറോം ദേവീസഹായം യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പി.വി. വിജയൻ തുരുമ്പെടുത്ത പ്രൊജക്‌ടർ മോടിപിടിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്രത്തിന്റെ ലോകജാലകം പയ്യന്നൂരിൽ തുടർന്നതിന്റെ അമ്പതാം വാർഷികദിനത്തിലാണ് ഇത്തവണത്തെ വിഷു. ഈ വിഷുദിനത്തിൽ പ്രൊജക്ടറും ജോൺസിയുടെ ഫോട്ടോയും െവച്ച് പി.ടി. രാമകൃഷ്ണൻ ചെയർമാനായ സമിതി ഗാന്ധിപാർക്കിൽ രാവിലെ വിഷുക്കണി ഒരുക്കും. തുടർന്ന് സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ കലാകാരന്മാർക്ക് വിഷുക്കൈനീട്ടം നൽകും.മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയത്തിൽ വൈകീട്ട് അഞ്ചിന് സിനിമകൾ പ്രദർശിപ്പിക്കും.


