പിച്ചളയിൽ തിളങ്ങി ഭരണാധികാരികളുടെ പ്രതിരൂപങ്ങൾ; ശ്രദ്ധനേടി മലയാളികൾ
text_fieldsദുബൈ: ദുബൈ ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും മനോഹരമായ പ്രതിരൂപം പിച്ചളയിൽ തീർത്ത് ശ്രദ്ധനേടുകയാണ് മലയാളി സുഹൃത്തുക്കളായ സജി ഷൺമുഖനും റിയാസും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും പ്രതിരൂപങ്ങളാണ് പിച്ചളയിൽ നിർമിച്ചിരിക്കുന്നത്. അറേബ്യൻ പൈതൃകത്തെ അടയാളപ്പെടുത്തുന്ന കുതിരയുടെ ഇരുവശത്തുമായി നിൽക്കുന്ന രൂപത്തിലുള്ള ഇരുവരുടെയും പ്രതിരൂപത്തിന് 48 ഇഞ്ച് നീളവും 28 ഇഞ്ച് വീതിയുമുണ്ട്.
ഏതാണ്ട് 15 ദിവസമെടുത്താണ് 12 കിലോ തൂക്കമുള്ള ശിൽപം പൂർത്തീകരിച്ചതെന്ന് സജി ഷൺമുഖൻ പറഞ്ഞു. പിച്ചള ഷീറ്റിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ പൂർണമായും കൈകൊണ്ടായിരുന്നു പ്രതിരൂപത്തിന്റെ നിർമാണം. 4x4 പിച്ചളഷീറ്റിൽ രണ്ട് പേരുടെയും ചിത്രങ്ങൾ വരച്ചശേഷം ചില ഉപകരണങ്ങളുടെ സഹായത്തോടെ പിറകു വശത്തുനിന്ന് അടിച്ചു പൊള്ളിച്ചാണ് പ്രതിരൂപങ്ങൾ അനാവരണം ചെയ്യുക. ശേഷം ഇതിന് സുവർണനിറം വരുത്തുന്നതിനായി പോളിഷ് ചെയ്തു. ഇതിന്റെ ഫ്രെയിമുകൾ നിർമിച്ചിരിക്കുന്നതും പിച്ചളയിൽ തന്നെയാണ്. യു.എ.ഇയിൽ സന്ദർശകരായി എത്തിയ രണ്ടുപേരും ഉമ്മുൽഖുവൈനിലെ താമസസ്ഥലത്ത് വെച്ചാണ് പ്രതിരൂപങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ഇതിന് ചെലവായതായി റിയാസ് പറഞ്ഞു.
പട്ടാമ്പിക്കടുത്ത് കൂടല്ലൂർ സ്വദേശികളാണ് സജി ഷൺമുഖനും റിയാസും. ചർച്ചുകളിലും അമ്പലങ്ങളിലും മറ്റും പിച്ചളയിലും മരത്തിലും ശിൽപങ്ങളും കൊത്തുപണികളും തീർക്കുന്നതിൽ വിദഗ്ധരാണ് ഇരുവരും. ഖത്തർ പ്രവാസിയായിരിക്കെ സജി ഷൺമുഖൻ പിച്ചളയിൽ തീർത്ത ഫുട്ബാൾ മാതൃകയും ഏറെ ശ്രദ്ധനേടിയിരുന്നു. അന്ന് ഫുട്ബാൾ താരം അൽമോസലിക്ക് ഫുട്ബാൾ മാതൃക സമ്മാനിക്കാൻ ആഗ്രഹിച്ചെങ്കിലും കോവിഡ് മൂലം സാധിച്ചിരുന്നില്ല. എന്നാൽ, തങ്ങൾ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന് പൂർണകായ പ്രതിരൂപങ്ങൾ സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷ.