Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2026 7:42 AM GMT Updated On
date_range 22 Oct 2026 7:42 AM GMT‘കല ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനം, ഗ്രാമീണ കലാകാരന്മാരെ സംരക്ഷിക്കണമെന്ന്’ രാഷ്ട്രപതി ദ്രൗപദി മുർമു
text_fieldsദേശീയ കലാപ്രദർശന പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി മുർമു
ന്യൂഡൽഹി: ഗ്രാമീണ കലാകാരന്മാർക്ക് കൂടുതൽ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ന്യൂഡൽഹിയിൽ ബുധനാഴ്ച നടന്ന 65-ാമത് ദേശീയ കലാപ്രദർശനത്തിന്റെയും മൂന്നാമത് പ്രിന്റ് ബിനാലെ ഇന്ത്യ 2026ന്റെയും പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ലളിത് കലാ അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ സംസ്കാരം, പാരമ്പര്യങ്ങൾ, നാഗരിക ചരിത്രം എന്നിവ പ്രതിഫലിപ്പിക്കുന്നതിൽ കലക്കുള്ള പങ്ക് മുർമു എടുത്തുപറഞ്ഞു. പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കലാപ്രകടനത്തിനുള്ള പ്രധാന മാധ്യമമെന്ന നിലയിൽ പ്രിന്റ് മേക്കിങ്ങിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, സാംസ്കാരിക മന്ത്രാലയം സെക്രട്ടറി വിവേക് അഗർവാൾ, കലാകാരന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
1955ലാണ് ദേശീയ കലാപ്രദർശനത്തിന് തുടക്കമായത്. കലാകാരന്മാർക്ക് പരസ്പരം ആശയങ്ങൾ പങ്കുവക്കാനും സംവദിക്കാനും ഇത്തരം പ്രദർശനങ്ങളും ബിനാലെകളും അവസരമൊരുക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനും കലയെ സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കാനും സാംസ്കാരിക മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും അവർ പരാമർശിച്ചു.
ചടങ്ങിൽ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രാഷ്ട്രപതിക്ക് ഗോണ്ട് ചിത്രകലാസൃഷ്ടി സമ്മാനിച്ചു. ഈ വർഷത്തെ ദേശീയ കലാപ്രദർശനത്തിലേക്ക് 27 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 2,495 കലാകാരന്മാർ 6,175 സൃഷ്ടികൾ സമർപ്പിച്ചു. ഇതിൽ 270 സൃഷ്ടികളാണ് പ്രദർശനത്തിനായി തെരഞ്ഞെടുത്തത്. 20 കലാകാരന്മാർക്ക് പുരസ്കാരവും നൽകി.
Next Story


