അപൂർവ റോമൻ ചുമർചിത്രങ്ങൾ: ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി 'ഈജിപ്ഷ്യൻ നീല'യുടെ രഹസ്യം പുറത്ത്!
text_fieldsചരിത്രത്തിന്റെയും കലയുടെയും താളുകളിൽ എന്നും വിസ്മയം തീർത്തവരാണ് പുരാതന റോമാക്കാർ. എന്നാൽ, ആയിരത്തൊൻപത് നൂറ്റാണ്ടുകൾക്ക് ഇപ്പുറവും അവരുടെ കലാവിരുന്ന് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
വടക്കൻ ഇറ്റലിയിൽ നിന്ന് കണ്ടെത്തിയ അപൂർവ്വമായ റോമൻ ചുമർചിത്ര അവശിഷ്ടങ്ങളെക്കുറിച്ച് നടന്ന പുതിയ പഠനമാണ് ചിത്രരചനയിലെ ഒരു വിസ്മയ രഹസ്യം ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അക്കാലത്ത് ഏറെ വിലപിടിപ്പുള്ള 'ഈജിപ്ഷ്യൻ നീല' (Egyptian Blue) എന്ന വർണ്ണകം തികച്ചും അസാധാരണമായ രീതിയിലാണ് റോമൻ കരകൗശല വിദഗ്ധർ ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.
വടക്കൻ ഇറ്റലിയിലെ ഫ്രിയൂലി-വെനീസിയ ജൂലിയ പ്രദേശത്തുള്ള 'ടോറെ ഡി പോർഡെനോൺ' എന്ന പുരാതന റോമൻ വില്ലയിലെ സെക്ടർ 2-ൽ നിന്നാണ് ഈ ചിത്രശകലങ്ങൾ കണ്ടെടുത്തത്. നീല പശ്ചാത്തലത്തിൽ നീരാളികൾ, കടൽത്തേളുകൾ, ലോബ്സ്റ്ററുകൾ തുടങ്ങിയ സമുദ്രജീവികളെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. വില്ലയിലുണ്ടായിരുന്ന ഒരു അലങ്കരിച്ച മത്സ്യക്കുളത്തിന്റെ ചുമരിലുണ്ടായിരുന്ന ചിത്രങ്ങളുടെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു.
റോം, പോംപെയ്, ബ്രെഷ്യ എന്നിവിടങ്ങളിലെ റോമൻ കേന്ദ്രങ്ങളിലും സമാനമായ സമുദ്രദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളുമായുള്ള താരതമ്യത്തിലൂടെ ഇവ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലോ നിർമിക്കപ്പെട്ടതാണെന്ന് വ്യക്തമായി.
റോമൻ കാലഘട്ടത്തിലെ ചുമർചിത്രങ്ങളിൽ (ഫ്രെസ്കോ രീതി) ചുവരിലെ പ്ലാസ്റ്ററോ ചാന്തോ പൂശിയ ശേഷം അത് ഉണങ്ങുന്നതിന് തൊട്ടുമുമ്പ് ഏറ്റവും മുകളിലെ ഉപരിതലത്തിൽ മാത്രമാണ് ചായം പ്രയോഗിക്കാറുള്ളത്. എന്നാൽ ഈ ചിത്രങ്ങളിൽ, അക്കാലത്ത് ഏറെ വിലപിടിപ്പുള്ള 'ഈജിപ്ഷ്യൻ നീല' എന്ന വർണ്ണകം ചുണ്ണാമ്പ് ചാന്തിൽ തന്നെ നേരിട്ട് കലർത്തുകയാണ് റോമൻ ചിത്രകാരന്മാർ ചെയ്തത്. ഇതിനെ 'പിഗ്മെന്റഡ് മോർട്ടാർ' എന്ന് വിളിക്കുന്നു.
മത്സ്യക്കുളത്തിൽ നിന്ന് ലഭിച്ച 10 ചിത്രശകലങ്ങളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഒപ്റ്റിക്കൽ മൈക്രോസ്കോപ്പി, സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പി, എക്സ്-റേ ഡിഫ്രാക്ഷൻ, രാമൻ സ്പെക്ട്രോസ്കോപ്പി, മൈക്രോ എക്സ്-റേ ഫ്ലൂറസെൻസ് തുടങ്ങിയ അത്യാധുനിക ലബോറട്ടറി പരിശോധനകൾ ഇതിനായി ഉപയോഗിച്ചു. ഈജിപ്ഷ്യൻ നീലയിലെ പ്രധാന ക്രിസ്റ്റൽ സംയുക്തമായ കുപ്രോറിവൈറ്റ് (Cuprorivaite) പ്ലാസ്റ്ററിന്റെ ഉപരിതലത്തിൽ മാത്രമല്ല, അതിന് താഴെയുള്ള ചാന്ത് പാളിക്കുള്ളിലും കണ്ടെത്തി.
ചായത്തിന്റെ കണികകൾ ഉപരിതലത്തിൽ നിന്ന് 1 മില്ലിമീറ്ററിലധികം താഴെയും, രാമൻ വിശകലനത്തിലൂടെ 2 മില്ലിമീറ്റർ താഴ്ച വരെയും കണ്ടെത്തി. ഫ്രെസ്കോ ചിത്രങ്ങളിൽ ചായം സ്വാഭാവികമായി ഉപരിതലത്തിൽ നിന്ന് ഇത്രയും ആഴത്തിലേക്ക് പടരില്ല. അതുകൊണ്ട് ചാന്ത് തയാറാക്കുമ്പോൾ തന്നെ ഈ നീല വർണ്ണകം അതിൽ ബോധപൂർവ്വം ചേർത്ത് മിക്സ് ചെയ്തതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
ചാന്തിന്റെ ഏകദേശം 5 ശതമാനത്തോളം ഈജിപ്ഷ്യൻ നീല കലർത്തിയിരുന്നു. ഇത് സമുദ്രചിത്രങ്ങൾക്ക് കടലിന്റെ ആഴം തോന്നിപ്പിക്കുന്ന രീതിയിൽ തുല്യവും വിശാലവുമായ നീല പശ്ചാത്തലം നൽകാൻ സഹായിച്ചു. അക്കാലത്ത് സാധാരണ മൺചായങ്ങളേക്കാൾ വളരെ ഉയർന്ന വിലയുള്ളതായിരുന്നു ഈജിപ്ഷ്യൻ നീല. ചുവന്ന ഓച്ചറുകളാണ് സാധാരണയായി ചാന്തിൽ കലർത്താറുള്ളത്. എന്നാൽ ഇത്രയും വിലപിടിപ്പുള്ള ഒരു വർണ്ണകം ചാന്തിൽ കലർത്തി ഉപയോഗിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. റോമൻ വിപണികളിൽ ഈജിപ്ഷ്യൻ നീല സുലഭമായി ലഭ്യമായിരുന്നുവെന്നും, ആവശ്യാനുസരണം അത് വ്യാപാരകേന്ദ്രങ്ങളിൽ എത്തിയിരുന്നുവെന്നതിനും ഈ കണ്ടെത്തൽ വലിയൊരു തെളിവാണ്.


