കാലിഗ്രാഫിയിൽ മികവ് തെളിയിച്ച് റസ്മിന
text_fieldsറസ്മിന
കാലിഗ്രാഫി ആൻഡ് ലെറ്ററിങ്ങിലെ ആലേഖന മികവുകൊണ്ട് എഴുത്തിലും വരയിലും കലയുടെ വിഭിന്നവും ആധുനികവുമായ മുഖം സൃഷ്ടിക്കുകയാണ് റസ്മിനയെന്ന തലശ്ശേരിക്കാരി. ചെറിയ പ്രായത്തിൽ തന്നെ ഉപ്പയോടൊത്ത് സൗദി അറേബ്യയിലെത്തിയ റസ്മിനക്ക് പുതിയ അന്തരീക്ഷത്തിന്റെയും അക്കാദമിക്സിന്റെയും പിറകെ കരുതിയ വേഗതയിൽ ഓടാൻ സാധിച്ചില്ല. പൊതുവിൽ അന്തർമുഖിയായ റസ്മിന പത്താംതരം വരെയും ഏറെക്കുറെ ഒതുങ്ങി കൂടിയ മട്ടിലായിരുന്നു.
പത്താംതരം പിന്നിട്ടതും കൊമെഴ്സ് എടുത്തത് പതിയെ തിരഞ്ഞെടുത്ത വിഷയത്തോട് വല്ലാതെ അടുപ്പം കൂട്ടാനിടയാക്കി. അധ്യാപികരിലും സുഹൃത് വലയങ്ങളിലുമുള്ള ബന്ധത്തിന്റെ ആഴം പുതിയൊരു റസ്മിനയെ തന്നെ വാർത്തെടുക്കാൻ വലിയൊരു വേദിയൊരുക്കി. പ്ലസ് ടു ബോർഡ് എക്സാം പൂർത്തിയാക്കി കോഴിക്കോട് ഫാറൂഖ് കോളേജിൽ ബി ബി എക്ക് ചേർന്ന ഈ വിദ്യാർത്ഥിനി കരസ്ഥമാക്കിയത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തേർഡ് റാങ്ക് ഹോൾഡർ എന്ന ബഹുമതിയാണ്.
കഴിഞ്ഞുപോയ ഈ നാളുകളിലത്രയും പെയിന്റും ബ്രഷും എടുത്ത് പല കുറി വരയുടെ വാതായനങ്ങളിലേക്ക് ഇറങ്ങിച്ചെന്നെങ്കിലും നാളെ അവ ഒരുക്കി നൽകാൻ പോകുന്ന വലിയ അവസരങ്ങളെക്കുറിച്ച് ഈ കൂട്ടുകാരി അജ്ഞയായിരുന്നു. പിന്നീടങ്ങോട്ട് കുടുംബത്തിനുവേണ്ടി കരുതിവെച്ച സമയങ്ങളായിരുന്നു. കുട്ടികൾക്കുവേണ്ടി കരിയറിൽ നിന്നും റസ്മിന തൽക്കാലം അവധിയെടുത്തുവെന്നു വേണം പറയാൻ.
അബൂദബിയിൽ നിന്ന് ഷാർജയിലേക്ക് വീട് മാറിയ വേളയിൽ ചുവരുനിറയെ കാലിഗ്രാഫി- ലെറ്റെറിങ് അലങ്കാരപണികൾ ചെയ്ത് അവൾ തുടക്കമിട്ടത് കലാകാരി എന്ന അഭിമാന പദവിയുടെ ആരംഭഘട്ടമായിട്ടായിരുന്നു.
2016ൽ യു.എ.ഇയിൽ ക്രിയേറ്റീവ് മൈൻഡഡ് ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ 'ഹോം മേക്കേസ് ബ്ലിസ്സി'ന്റെ ചിത്രപ്രദർശന മേളയിലാണ് ആദ്യമായി ഒരു സന്ദർശകൻ തന്റെ ഒരു കാലിഗ്രാഫി ആർട്ടിന് വില പറയുന്നത്. യഥാർത്ഥത്തിൽ ഈ ആർട്ട് എക്സിബിഷൻ തന്റെ കലാജീവിതത്തിൽ വലിയൊരു മുതൽക്കൂട്ടായി.
അതേസമയം ഈ കലാമൂല്യങ്ങൾക്കെല്ലാമപ്പുറം എം.ബി.എ പൂർത്തീകരിച്ച് ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിൽ എച്ച്.ആർ ഓഫീസറായും റസ്മിന പ്രവർത്തിച്ചുവരുന്നുണ്ടായിരുന്നു. തുടർന്ന് സജീവമായ ഇൻസ്റ്റഗ്രാം പേജ് ഒരു സംരംഭകയെകൂടി വാർത്തെടുത്തു. യു.കെ, യു.എസ് പോലുള്ള വിദേശരാജ്യങ്ങളിൽ നിന്നു പോലും കസ്റ്റമേഴ്സിനെ ലഭിച്ചു തുടങ്ങി. റസ്മിന കാലിഗ്രാഫിയുടെ ഭാഗമാകുന്നതിനേക്കാൾ വേഗത്തിൽ കാലിഗ്രാഫി റസ്മിനയെ സ്വീകരിച്ചു തുടങ്ങി.
JO MALONE, OC HOME, BVLGARI, WALDORF ASTORIA തുടങ്ങി നിരവധി ആഡംബര ബ്രാൻഡുകളും ഈ കലാകാരിയെ തേടിയെത്തി. കാലിഗ്രാഫി ആൻഡ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ഹോം ബേസ്ഡ് പ്ലാറ്റ്ഫോം വിപുലീകരിച്ച് കാലിഗ്രാഫി ആൻഡ് ലൈഫ് സ്റ്റൈൽ സ്റ്റോർ ആക്കി അതിനെ മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റസ്മിന. ഓരോ ചുവടുവെപ്പുകൾക്ക് പിന്നിലും ഭർത്താവ് അബ്ദുൽ നാസറിന്റെയും ഉമ്മ റസീനയുടെയും കരുതലും പരേതനായ ഉപ്പ റഫീഖിന്റെ പ്രാർത്ഥനകളും കൂട്ടുണ്ട്.
ഇന്ന് ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് സയൻസിൽ സീനിയർ എച്.ആർ ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയാണു റസ്മിന. കുടുംബവും കരിയറും ഒരുപോലെ മനോഹരമായി പണിതടുക്കാമെന്ന കൃത്യമായ ഒരു ചിത്രമാണ് റസ്മിനയുടെ ജീവിതം വരച്ചിടുന്നത്. രെഹാൻ, റയ സയ്നബ് എന്നിവർ മക്കളാണ്. മ്യൂസിക് ഇൻഡസ്ട്രിയിൽ തിളങ്ങുന്ന റസിന്, റക്കീബ് എന്നിവരാണ് സഹോദരങ്ങൾ.