നെയ്ത്തിന്റെ താളം നെയ്ത്തുകാരുടെ ജീവിതത്തിനില്ല -റിമ കല്ലിങ്കൽ
text_fieldsതൃശൂർ: 15ാമത് അന്താരാഷ്ട്ര നാടകോത്സവത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംഗീത നാടക രൂപമായിരുന്നു നടി റിമ കല്ലിങ്കലിന്റെ സംവിധാനത്തിൽ മാമാങ്കം ഡാൻസ് സ്കൂൾ അവതരിപ്പിച്ച ‘നെയ്ത്ത്’. നാടകം, നൃത്തം, യുവ തലമുറക്കിടയിലുള്ള സിനിമയുടെ സ്വാധീനം എന്നിവയെക്കുറിച്ചൊക്കെ റിമ കല്ലിങ്കൽ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
എങ്ങനെയാണ് റിമ ‘നെയ്ത്ത്’ നാടകത്തിലേക്ക് എത്തുന്നത്
2018ലെ വെള്ളപ്പൊക്കത്തിൽ ചേന്നമംഗലം അടക്കമുള്ള നെയ്ത്തു ഗ്രാമങ്ങൾ പൂർണമായും മുങ്ങി. അവരുടെ ജീവനോപാധികളും നശിച്ചു. എന്നിട്ടും അവർ നഷ്ടമായതെല്ലാം തിരികെ പിടിച്ചു. ഈ വാർത്തകൾ അന്ന് ശ്രദ്ധിച്ചിരുന്നു. കോവിഡ് കാലത്ത് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോഴാണ് ഇതുസംബന്ധിച്ച് ആലോചന വന്നത്. തുടർന്ന് സുഹൃത്തുക്കളുമായി സംസാരിച്ചു. എല്ലാവരും ചേർന്ന് നെയ്ത്ത് ചിട്ടപ്പെടുത്തിയെടുത്തു. നെയ്ത്തുകാർ ശരിക്കും ആരും അറിയാത്ത ഹീറോസ് ആണ്. അവർക്കുള്ള ആദരം എന്ന നിലക്കാണ് ഞങ്ങളുടെ കലാരൂപം അരങ്ങിലെത്തിച്ചത്. സേവ് ദ ലൂം എന്ന സന്നദ്ധ സംഘടനയാണ് ഞങ്ങളെ ഇതിന് സഹായിച്ചത്.
റിസർച്ചിന്റെ ഭാഗമായി നെയ്ത്തു ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നോ
തീർച്ചയയായും. കേരളത്തിലെ പ്രമുഖ നെയ്ത്ത് ഗ്രാമങ്ങൾ ഇതിനായി സന്ദർശിച്ചു. നെയ്ത്ത് തൊഴിലിന് ഒരു താളമുണ്ട്. സംഗീതമുണ്ട്. അതൊക്കെ മനസ്സിലായി. പക്ഷേ, അതോടൊപ്പം ആ താളമൊന്നും അവരുടെ ജീവിതത്തിനില്ലെന്നതും വസ്തുതയാണ്. അവർ ചെയ്യുന്ന തൊഴിലിന്റെ വാല്യു അവർക്ക് അറിയുമോ എന്ന കാര്യം തന്നെ സംശയമാണ്. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധ വെക്കേണ്ട മേഖലയാണിത്. നെയ്ത്തു മേഖലയിലുള്ളവരുടെ മുന്നിൽ നൃത്തം അവതരിപ്പിച്ചപ്പോൾ അവരുടെ പ്രതികരണം അൽഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാവരും വന്ന് പ്രശംസിച്ചു. ചിലർ സങ്കടംകൊണ്ട് കരഞ്ഞു.
വിദേശങ്ങളിൽ ‘നെയ്ത്ത്’അവതരിപ്പിച്ചോ
മിലാനിൽ അവതരിപ്പിച്ചു. വലിയ പിന്തുണയാണ് അവിടെ ലഭിച്ചത്. എല്ലാവരും എഴുന്നേറ്റുനിന്ന് നിർത്താതെ കൈയടിച്ചു. ഇതിനകം 12ലധികം വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞു. നിശാഗന്ധിയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ക്ലാസിക്കൽ ആർട്ട് ഫോം അല്ലാത്തതിനാൽ സാധ്യമല്ല എന്നാണ് അറിഞ്ഞത്. അതിനായി മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും നിവേദനം നൽകി കാത്തിരിക്കുകയാണ്. അത് വലിയ ഒരു ആഗ്രഹമാണ്. ഹാൻഡ് ലൂം മ്യൂസിയം ഉദ്ഘാടനത്തിനും ‘നെയ്ത്ത്’ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. വിഷയം മന്ത്രി രാജീവുമായി പങ്കുവെച്ചിട്ടുണ്ട്.
ഇറ്റ്ഫോക് അനുഭവങ്ങൾ എങ്ങനെ
സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് റീജനൽ തീയറ്ററിലാണ് ഞാൻ ഭരതനാട്യം അരങ്ങേറ്റം നടത്തിയത്. ആദ്യ ഇറ്റ്ഫോക്കിൽ അവതാരകയായി ഞാനുണ്ടായിരുന്നു. അടുത്ത ദിവസം ഒന്നുരണ്ട് നാടകങ്ങൾ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
സമൂഹത്തിൽ അക്രമ വാസന വല്ലാതെ കൂടിയിരിക്കുകയാണല്ലോ. ഇതിൽ സിനിമയുടെ സ്വാധീനം ഉണ്ടോ
സിനിമയുടെ സ്വാധീനം ഉറപ്പായും കാണും. സിനിമ വളരെ വേഗത്തിൽ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു മീഡിയം ആണ്. എന്നെയടക്കം പണ്ടുകണ്ട ചില സിനിമയിലെ കഥാപാത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ആ നിലക്ക് ക്രൈമിലും ആ സ്വാധീനം ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാത്തരം ആർട്ട് ഫോമുകളും ജനങ്ങളെ സ്വാധീനിക്കും. സിനിമ കൂടുതൽ സ്വാധീനിക്കും. നമ്മുടെ ചിന്തകളെ അടക്കം സിനിമ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. സിനിമ താരം എന്ന നിലക്ക് കിട്ടുന്ന പ്രിവിലേജ് ഉപയോഗപ്പെടുത്തുന്നതിനാൽ ഇത്തരം കാര്യങ്ങളിലെ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടതുണ്ട്.
അതിന് ഒരു കലാകാരി എന്ന നിലക്ക് എന്ത് ചെയ്യാനാകും
ഇതുമായി ബന്ധപ്പെട്ട ഒരു സിനിമയെ കുറിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളെയും ഇതിനായി നന്നായി വിനിയോഗിക്കും.
ഡാൻസുമായി ബന്ധപ്പെട്ട റിമയുടെ അടുത്ത പ്രൊജക്ട് എന്താണ്
‘കച്ച’എന്ന പേരിൽ ഡാൻസ് പെർഫോർമെൻസ് ഒരുക്കുന്നുണ്ട്. മാറ് മറക്കാനുള്ള സമരത്തന്റെ രക്തസാക്ഷി നങ്ങേലിയും മലമ്പുഴയിലെ യക്ഷിയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് അത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരുകാലത്ത് മാറ് മറക്കാൻ വേണ്ടി സമരം ചെയ്ത നാട്ടിൽ പിന്നീട് നടക്കുന്ന സദാചാര പൊലീസിങിനെ സംബന്ധിച്ച സംവാദമാണ് കച്ച. ബോഡി പൊളിറ്റിക്സാണ് അതിൽ പറയാൻ ആഗ്രഹിക്കുന്നത്.