സ്വപ്നമായിരുന്നല്ലോ ജയാമ്മേ....
text_fieldsതൃശൂർ: കുഞ്ഞിക്കൈപ്പിടിച്ചു നടത്തിയ കാലം മുതൽ ദേവമോളെ, ജയാമ്മ കാണാൻ പഠിപ്പിച്ചൊരു സ്വപ്നമുണ്ട്, ചിലങ്കയണിഞ്ഞ് സംസ്ഥാന കലോത്സവ അരങ്ങിൽ മുദ്ര പതിപ്പിക്കുന്ന നിമിഷം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ജയാമ്മ എന്ന അമ്മമ്മ ആയിരുന്നു ദേവഗംഗക്ക് കൂട്ടുപോയിരുന്നത്. എന്നാൽ, ആറു മാസം മുമ്പ് അപ്രതീക്ഷിതമായി എത്തിയ മാരകരോഗം ആ കൈപ്പിടി കുഞ്ഞുമകളിൽനിന്ന് എന്നേക്കുമായി അകറ്റി കൊണ്ടുപോയി. അമ്മമ്മയുടെ സ്വപ്നം നിറവേറ്റാനുള്ള ഒരുക്കത്തിലായിരുന്ന ദേവഗംഗക്ക് താങ്ങാനാവുന്നതിലും നോവായി ആ വിയോഗം.
ജയാമ്മയുടെ സ്വപ്നം ഊർജമാക്കി പോരാടാനായിരുന്നു ആലപ്പുഴ അരൂർ ഔവർ ലേഡി ഓഫ് മേഴ്സി എച്ച്.എസിന്റെ ഒമ്പതാം ക്ലാസുകാരി ദേവഗംഗ മനസ്സിലുറപ്പിച്ചത്. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒടുവിൽ ആ സ്വപ്ന വേദിയിൽ എത്തിയപ്പോൾ, അവളുടെ വാക്കുകളിൽ ആശ്വാസം -ജയാമ്മ കാണുന്നുണ്ട്, അനുഗ്രഹിക്കുന്നുണ്ട്. റിസൾട്ട് ബി ഗ്രേഡ് ആയിപ്പോയെങ്കിലും ഈ വേദിയെന്ന സ്വപ്നനേട്ടം തരുന്ന സന്തോഷം തന്നെ ഒരുപാട് വലുത്.
നൃത്തം രക്തത്തിലുള്ള കുടുംബത്തിലെ നാലാം തലമുറയാണ് ദേവഗംഗ. പള്ളുരുത്തിയിലെ പേരുകേട്ട നർത്തകനായിരുന്ന നടരാജന്റെ മകളാണ് ദേവഗംഗയുടെ അമ്മയുടെ അമ്മയും നർത്തകിയുമായിരുന്ന ജയശ്രീ.
ദേവഗംഗയുടെ അമ്മ വി.എസ്. ഷൈബി അപ്പൂപ്പൻ സ്ഥാപിച്ച നടരാജ സ്കൂൾ ഓഫ് ആർട്സിലൂടെ നൃത്താധ്യാപനം തുടരുന്നു. ഷൈബിയുടെ അമ്മ ജയശ്രീ എന്ന ദേവഗംഗയുടെ സ്വന്തം ജയാമ്മ ഏറെ കാത്തിരുന്നതായിരുന്നു കൊച്ചുമകളുടെ സംസ്ഥാന വേദിയിലെ പ്രകടനം.


