പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു
text_fieldsബംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസ്സായിരുന്നു. എട്ട് പതിറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്ന ജമുന റാണി തമിഴ്, തെലുങ്ക് ഭാഷകളിൽ നൂറുകണക്കിന് ഗാനങ്ങൾ പാടി. മലയാളത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഏഴാം വയസ്സിൽ പിന്നണി ഗായികയായായിരുന്നു അരങ്ങേറ്റം. പിന്നീട് തന്റെ തനതായ ശബ്ദത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അവർന്റേതായ ഇടം നേടിയെടുത്തു. പതിമൂന്നാം വയസ്സിൽ തന്നെ അവർ പ്രമുഖ നടിമാർക്കായി പാടാൻ തുടങ്ങി. ദ്രോഹി, രത്നമാല, ലൈല മജ്നു, ചന്ദിരാണി, ദേവദാസു, അലിബാബ 40 ദോംഗലു തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ ഗാനം ആലപിച്ചു. എം.എൻ. രാജം, സൗകാർ ജാനകി തുടങ്ങിയ പ്രശസ്തരായ നടിമാരുടെ സിനിമകൾക്ക് അടക്കം അവർ ഗാനങ്ങൾ ആലപിച്ചു.
ജിക്കി, പി. ലീല, എം.എൽ. വസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമല എന്നിവർ പിന്നണി ഗാനരംഗത്ത് ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് ജമുന റാണിയും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി 6000-ൽ അധികം ഗാനങ്ങൾ ആലപിച്ചു. പ്രശസ്തരായ ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും മറ്റ് തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും റീലുകളിൽ ഇടംപിടിക്കാറുള്ള തമിഴ് ഗാനം 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' ആലപിച്ചത് ജമുന റാണി ആയിരുന്നു. ഏഴാം വയസ്സിൽ 'ത്യാഗയ്യ' എന്ന തെലുങ്ക് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ് ജമുന റാണി പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും.


