ലയ തേടി, നിലു നേടി
text_fieldsലയ ടീച്ചറും നിലു മേരി ഫിനുവും
തൃശൂർ : കൈവിട്ടെന്ന് കരുതിയ കല തേടിയെത്തിയ അനുഭൂതിയിലാണ് ലയ ടീച്ചർ. ചങ്ങനാശ്ശേരി ഉപജില്ലയിൽ രണ്ടു വർഷം, കോട്ടയം ജില്ലയിൽ മൂന്നു വർഷം. തുടർച്ചയായുള്ള വർഷങ്ങളിൽ കഥാ പ്രസംഗത്തിൽ വിജയകിരീടം ചൂടിയ ലയ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ യക്ഷഗാനമത്സരത്തിനെത്തിയത് തൃശൂരായിരുന്നു.
കോട്ടയം പാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിൽ സുവോളജി അധ്യാപികയായെത്തിയ കൊല്ലം തന്നെ വീണ്ടും തൃശൂർ കലോത്സവത്തിനെത്താൻ കഴിഞ്ഞതും താൻ കൊണ്ടു നടന്ന കലാരൂപം തന്റെ ശിഷ്യയിലൂടെ പുനരവതരിപ്പിക്കാൻ കഴിഞ്ഞതും ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ലയ പറയുന്നു. സ്കൂളിൽ പ്രാർത്ഥനക്കിടയിലാണ് കഥാ പ്രസംഗത്തിന് അനുയോജ്യമായ സ്വരം തിരിച്ചറിഞ്ഞത്.
അതുവരെ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലാത്ത നിലു മേരി ഫിനു എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ നിർബന്ധിച്ചാണ് കഥയും പാട്ടും പരിശീലിപ്പിച്ചത്. തന്നെ തന്നെയാണ് നിലുവിലൂടെ കാണാൻ കഴിയുന്നതെന്നും തന്റെ പ്രതിധ്വനിയാണ് നിലുവിന്റെ ശബ്ദമെന്നും അഭിമാനം കൊള്ളുകയാണ് ലയ ടീച്ചർ.
1971 ൽ തകർക്കപ്പെട്ട ഐ. എൻ. എസ് ഖുക്രി യുടെ ചരിത്രവും രാഷ്ട്രീയവും തന്മയത്വത്തോടെ അവതരിപ്പിച്ച് എ ഗ്രേഡ് കരസ്ഥമാക്കി. ലയ ടീച്ചറുടെ പ്രതീക്ഷക്ക് നിലു നിറം ചാർത്തി. എഡ്വിൻ, അർജുൻ, സൂര്യ ശ്രീ, അൽക്ക എന്നിവരുടെ പക്കമേളം കഥാ പ്രസംഗത്തിന് ഊർജ്ജം പകർന്നു.


