69 ലക്ഷം സന്ദർശകർ; രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച സ്മാരകമായി താജ്മഹൽ
text_fieldsന്യൂഡൽഹി:2024-25 സമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ സന്ദർശിച്ച സ്മാരകമായി താജ്മഹൽ. കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ സന്ദർശന കണക്കിലാണ് കേന്ദ്രസംരക്ഷിത സന്ദർശന സ്മാരകമായ താജ്മഹൽ വീണ്ടും ഒന്നാമതെത്തിയത്. ഒരു പതിറ്റാണ്ടിലെറേയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്നതും വരുമാനം ഉണ്ടാക്കുന്നതുമായ സംരക്ഷിത സ്മാരകമാണ് താജ്മഹലെന്ന് ടൂറിസം മന്ത്രാലയം പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന 145 സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ 12ശതമാനവും താജ്മഹലാണ് സന്ദർശിക്കുന്നത്. 69ലക്ഷം പേരാണ് ആഗ്രയിലെ വെണ്ണ കല്ല് കൊട്ടാരം കാണാൻ എത്തിയത്. അതിൽ ആറ് ലക്ഷം വിദേശ വിനോദസഞ്ചാരികളാണ്.
കോവിഡിനെ തുടർന്ന് ഇന്ത്യയിൽ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. 2023 ൽ 4.52 ശതമാനം മാത്രമായിരുന്നു വരവ്. പുതിയ സാമ്പത്തിക വർഷത്തെ കണക്കുകൾ മഹാമാരിയെ തുടർന്നുണ്ടായ ഇടിവിന് ശേഷമുളള വർധനവിനെയാണ് സൂചിപ്പിക്കുന്നത്. 2024ൽ എഫ്.ടി.എ (വിദേശ ടൂറിസ്റ്റ് വരവ്) റിപ്പോർട്ട് പ്രകാരം 9.95 മില്യണാണ് വിദേശ സഞ്ചാരികൾ.
ടൂറിസം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 13-ാം നൂറ്റാണ്ടിൽ നിർമിച്ച ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം (35.7 ലക്ഷം), 12,13 നൂറ്റാണ്ടുകൾക്കിടയിൽ നിർമിക്കപ്പെട്ട ഡൽഹിയിലെ കുത്തമ്പ് മിനാർ (32 ലക്ഷം), ഡൽഹിയിലെ ചെങ്കോട്ട (28.84), ഔറംഗബാദിലെ റാബിയ ദുറാനിയുടെ ശവക്കുടീരം(20.04ലക്ഷം), ഔറംഗാബാദിലെ എല്ലോറോ ഗുഹകൾ(17.39ലക്ഷം), ഹൈദരാബാദിലെ ഗോൽകോണ്ട കോട്ട(15.63 ലക്ഷം), ആഗ്ര കോട്ട(15.45 ലക്ഷം), ഗോവയിലെ അപ്പർ ഫോർട്ട് അഗ്വാഡ (13.58ലക്ഷം), ഹൈദരാബാദിലെ ചാർമിനാർ(13.43 ലക്ഷം) എന്നിങ്ങനെയാണ് 2025-25 ൽ ആഭ്യന്തര സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്ന സംരക്ഷിത സ്മാരകങ്ങൾ.
ഡൽഹിയിലെ ഹുമയൂണിന്‍റെ ശവക്കുടീരം(1.58 ലക്ഷം),രാജസ്ഥാനിലെ അഭാനേരി (1.16ലക്ഷം), ഫത്തേപൂർ സിക്രി(97000), ആഗ്രയിലെ ഇതിമദ്-ഉദ്-ദൗള(90367), നളന്ദ ഉത്ഖനന സൈറ്റ് (88151), ഡൽഹിയിലെ റെഡ് ഫോർട്ട് (79311), പുരാതന ബുദ്ധമത കേന്ദ്രമായ ശ്രാവസ്തി, സഹേത് മഹേത് എന്നിവ വിദേശസഞ്ചാരികൾ പതിവായി സന്ദർശിക്കുന്ന പ്രധാന സംരക്ഷിത സ്മാരകങ്ങളാണ്.
വിദേശരാജ്യങ്ങളിൽ നിന്നും 6.21 ലക്ഷം സഞ്ചാരികൾ ഉൾപ്പെടെ 2.93 കോടി രൂപയുടെ ടിക്കറ്റുകളാണ് പുതിയ സാമ്പത്തിക വർഷത്തിൽ വിറ്റുപോയത്. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളിൽ നിന്നും 5.66 കോടി സന്ദർശകരാണ് എത്തിയത്. അതിൽ 24.15 ലക്ഷം പേർ വിദേശ സഞ്ചാരികളായിരുന്നു. എ.എസ്.ഐയുടെ കീഴിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3697 പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും സ്ഥിതിചെയ്യുന്നുണ്ട്. മുഗൾ ചക്രവർത്തി ഷാജഹാൻ ഭാര്യ മുംതാസിന്‍റെ സ്മരണക്കായി പണിതതാണ് താജ്മഹൽ. ലോകാത്ഭുതങ്ങളിൽ ഒന്നായി യുനെസ്കോ അംഗീകരിച്ച താജ്മഹൽ പതിനേഴാം നൂറ്റാണ്ടിലാണ് നിർമിച്ചത്.