കഥാകാരൻ കഥയാകുമ്പോൾ; പാച്ചൻ കൊട്ടിയത്തിന്‍റെ വരയും ജീവിതവും
text_fieldsകഥാസന്ദർഭങ്ങളും എഴുത്തുകാരും ഈ കലാകാരനിലൂടെ കാരിക്കേച്ചറുകളായി പുനർജനിക്കുന്നു. കഥകളും കഥാപാത്രങ്ങളും ചിത്രങ്ങളിലൂടെ കാഴ്ചക്കാർക്കു മുന്നിലെത്തുമ്പോൾ അത് കഥകൾക്കപ്പുറം വിശാലമായ മറ്റൊരു ലോകം തുറന്നിടുന്നു. പാച്ചൻ കൊട്ടിയം എന്ന ആർട്ടിസ്റ്റിന്റെ വരയും ജീവിതവും
മലയാള നോവൽ സാഹിത്യത്തിലെ കഥാസന്ദർഭങ്ങൾ കാരിക്കേച്ചറുകളായി പുനർജനിക്കുന്നു. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നോവലിസ്റ്റുകൾ വേഷമിടുന്ന ഛായാചിത്രങ്ങൾ. അവരുടെ നോവലിലെ സന്ദർഭങ്ങൾ വരകളിലൂടെ കഥാപാത്രങ്ങളാകുന്നു. കഥാപാത്രങ്ങളിലൊരാൾ എഴുത്തുകാർതന്നെയാകുന്നു. എം.ടിയുടെ ‘നിർമാല്യ’ത്തിലെ വെളിച്ചപ്പാടും മകനും നിളയുടെ തീരത്തിരിക്കുന്നു. മകൻ അപ്പുവിന് എം.ടിയുടെ രൂപസാദൃശ്യം. അച്ഛന്റെ കൈയിൽ പള്ളിവാളും മകന്റെ കൈയിൽ പകിടയും. കഥകളും കഥാപാത്രങ്ങളും ചിത്രങ്ങളിലൂടെ കാഴ്ചക്കാർക്കു മുന്നിലെത്തുമ്പോൾ അത് കഥകൾക്കപ്പുറം വിശാലമായ മറ്റൊരു കലാലോകം തുറന്നിടുകയാണ്. നൂറുകണക്കിന് കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എഴുത്തുകാരും വരകളിലൂടെ പുനർജനിക്കുമ്പോൾ ഇവിടെയൊരാൾ പുഞ്ചിരിക്കുന്നുണ്ട്. ആ പുഞ്ചിരിയിലുണ്ട് കലക്ക് താൻ നൽകുന്ന സ്നേഹത്തിന്റെ ആഴം.
ഇത് പ്രകാശൻ. പേര് അതാണെങ്കിലും പാച്ചൻ കൊട്ടിയം എന്നുപറയണം ആളുകൾ അറിയണമെങ്കിൽ. ചിത്രകലാധ്യാപകൻ, കാർട്ടൂണിസ്റ്റ് തുടങ്ങി നിരവധി വിശേഷണങ്ങൾക്കുടമയാണ് ഇദ്ദേഹം. കലാരംഗത്ത് പുത്തൻ ആശയങ്ങൾകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന പാച്ചൻ പറയുന്നു. തന്റെ വരയും വർത്തമാനവും.
എം.ടി എന്ന രണ്ടക്ഷരം
1998ൽ പാലക്കാട്ടുവെച്ച് എം.ടി. വാസുദേവൻ നായരുടെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരു കാരിക്കേച്ചർ മത്സരം നടത്തിയിരുന്നു. ‘വർണമേളം’ എന്നായിരുന്നു പേര്. ചിത്രകലാ പരിഷത്തായിരുന്നു അത് സംഘടിപ്പിച്ചിരുന്നത്. അതിൽ നിർമാല്യം നോവലിന്റെ കൂടെ എം.ടിയെയും വെളിച്ചപ്പാടിനെയും വരച്ചു. ആ ചിത്രത്തിന് പുരസ്കാരം ലഭിക്കുകയും ചെയ്തു. ആദ്യമായി പ്രസിദ്ധീകരിച്ച കാരിക്കേച്ചർ അതായിരുന്നു. എം.ടിയുടെ നോവലുകൾ എല്ലാം വായിച്ചിട്ടുണ്ട്. ‘നിർമാല്യം’ പലതവണ കണ്ടിട്ടുണ്ട്. സാഹിത്യകാരന്മാരിൽ ഏറ്റവും ഇഷ്ടം എം.ടിയെത്തന്നെ.
1982ലാണ് ആദ്യത്തെ കാർട്ടൂൺ വരക്കുന്നത്. ഒരു പേനക്കടയാണ് വരച്ചത്. പേനക്കടയിൽ പേനകൾ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്. എല്ലാ പേനകളുടെയും അറ്റത്ത് കത്തികളാണ്. ‘മലയാളനാട്’ പ്രസിദ്ധീകരണത്തിന്റെ ‘മധുരം’ വാരികയിലാണ് ആദ്യമായി ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അന്ന് കൊല്ലത്ത് എസ്.എൻ കോളജിൽ പഠിക്കുന്ന സമയമാണ്. അവിടെയൊരു സമരം നടന്നിരുന്നു. അതിൽ ചെറിയ ഒരു കത്തിക്കുത്ത് നടന്നു. ആ സംഭവമാണ് പേനക്കടയുടെ കഥക്ക് പിന്നിൽ.
കാർട്ടൂണും കാരിക്കേച്ചറും
കാർട്ടൂണിൽ ഒരു വ്യക്തിയെ അല്ലല്ലോ വരക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ആളുകളുടെ ഇഷ്ടമുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്ത് വരക്കുന്നതാണല്ലോ കാർട്ടൂൺ. കാരിക്കേച്ചർ ആവുമ്പോൾ ഒരു വ്യക്തിയെ ഉദ്ദേശിച്ചാണ് വരക്കുന്നത്. ഏതെങ്കിലും ഒരു ഘടകം ഫോക്കസ് ചെയ്ത് ആ വ്യക്തിയുടെ ഛായ വരുന്നരീതിയിൽ വരക്കുന്നതാണ് കാരിക്കേച്ചർ. കാരിക്കേച്ചറിന് ഒരു ഫിക്സഡ് ടൈം പറയാൻ പറ്റില്ല. ചില ചിത്രങ്ങൾ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടിവരും. മൂന്ന് ദിവസം മുതൽ രണ്ടാഴ്ചയോളം സമയം എടുത്ത് ചെയ്ത ചിത്രങ്ങളുണ്ട്. ഏറ്റവും കൂടുതൽ സമയം എടുത്തത് കെ.ആർ. മീരയുടെ ചിത്രത്തിനായിരുന്നു. ഏറ്റവും എളുപ്പത്തിൽ വരച്ചത് ഇന്ദുഗോപനെയാണ്. ഒരു ദിവസംകൊണ്ടാണ് വരച്ചത്.
ഫോം ഷീറ്റിൽ അക്രിലിക് പെയിന്റ് വെച്ചാണ് കാരിക്കേച്ചർ ചെയ്തിരിക്കുന്നത്. നോവലിലെ ഒരു രംഗം ആദ്യം മനസ്സിൽ കരുതും. എഴുത്തുകാരനെ ഒരു കഥാപാത്രമായി ഉൾപ്പെടുത്തി ആ സീനിൽ മറ്റേത് കഥാപാത്രങ്ങൾ ഉണ്ടെന്ന് നോക്കി അവരെയും കൂടി ഉൾക്കൊള്ളിച്ച് കാരിക്കേച്ചർ വരക്കും. അതാണ് പതിവ്.
തിരഞ്ഞെടുപ്പ്
എന്തെങ്കിലുമൊക്കെ വരക്കാനുണ്ടെന്ന് തോന്നുന്ന നോവലുകളാണ് കാരിക്കേച്ചറിനായി എടുക്കാറ്. 50ലധികം നോവലിസ്റ്റുകളുടെ നോവലുകൾ വരക്കാനായി എടുത്തിട്ടുണ്ട്. പുസ്തകം ഒരുപാട് വായിക്കുന്ന ആളാണ്. സിനിമയാക്കിയ നോവലുകളും ഇതിൽ ചെയ്തിട്ടുണ്ട്. ‘ചെമ്മീൻ’ ചെയ്തിട്ടുണ്ടെങ്കിലും സിനിമാതാരങ്ങളുടെ ഛായ ഒന്നും അതിൽ കൊണ്ടുവന്നിട്ടില്ല. പുസ്തകംതന്നെയാണ് അടിസ്ഥാനം.
കഥാകാരൻ കഥയാകുമ്പോൾ
ഒ.വി. വിജയന്റ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ഖസാക്കിൽ ഇറങ്ങിയ രവി തന്റെ കിടക്കയും പെട്ടിയും എടുത്ത് സഹായിയോടൊപ്പം പനകൾ നിരന്നു നിൽക്കുന്ന വഴിയിലൂടെ നടന്നുനീങ്ങുന്നു. പശ്ചാത്തലത്തിൽ പടർന്നുപന്തലിച്ച ആൽമരമായി ഒ.വി. വിജയനും. തകഴിയുടെ ‘ചെമ്മീനി’ൽ കടലിലൂടെ വള്ളം തുഴഞ്ഞുവരുന്ന പളനിയെ നോക്കി തീരത്ത് നിൽക്കുന്ന ചെമ്പൻ കുഞ്ഞിനെ കാണാം. ചെമ്പൻകുഞ്ഞായി എഴുത്തുകാരൻതന്നെ കഥാപാത്രമാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിലെ കഥാപാത്രമായ കുഞ്ഞുപാത്തുമ്മയുടെ സ്വപ്നങ്ങളാണ് ‘ആനയും ഉപ്പുപ്പായും’. ഇവിടെ ഉപ്പുപ്പ ബഷീർതന്നെയാണ്. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ മുകുന്ദനെ ചതുരംഗക്കളത്തിലെ കാലാളായി ചിത്രീകരിച്ചിരിക്കുന്നു. ദാസൻ മറ്റൊരു കാലാൾ. കളിക്കളത്തിലെ കളിക്കാരനായി ലെസ് ലി സായ്‌വ്.
‘ആടുജീവിത’ത്തിലെ നജീബ് ആയി ബെന്യാമിൻ മാറുന്നു. മണലാരണ്യത്തിലെ ആട്ടിൻപറ്റവും അറബിയും കൂട്ടിനുണ്ട്. പെരുമ്പടവത്തിന്റെ ‘സങ്കീർത്തനംപോലെ’ എന്ന നോവലിൽ ദസ്തയേവ്സ്കിയുടെ പരിവേദനങ്ങൾ ദൈവത്തിനോട് പറയുന്നതാണ് സന്ദർഭം. ഇവിടെ ദൈവ പ്രതീകം പെരുമ്പടവംതന്നെയാണ്. കാക്കനാടന്റെ കമ്പോളത്തിൽ ചായക്കടയിൽ നാട്ടുവർത്തമാനം പറയുന്നത് കാക്കനാടനും പുറത്തേക്ക് ഇറങ്ങുന്നത് കഥാപാത്രങ്ങളായ കുട്ടപ്പനും സരോജിനിയുമാണ്. പത്മരാജന്റെ ‘പെരുവഴിയമ്പല’ത്തിലാകട്ടെ കാളകളെ വെച്ച് ചക്ക് ആട്ടുന്ന വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ. അവനെ നോക്കിനിൽക്കുന്ന പ്രഭാകരൻപിള്ളക്ക് പത്മരാജന്റെ മുഖമാണ്. നാലാപ്പാട്ട് തറവാട് മുറ്റത്ത് പാറുക്കുട്ടിയമ്മയോടൊപ്പം നിൽക്കുന്ന കഥാകാരി. മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാലം’ പുതുമഴയുടെ സുഗന്ധം പകരുന്നു. പൂക്കൾ നിറയുന്നു. ഇലകൾ കൊഴിയുന്നു.
അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’, ഒ. ചന്തുമേനോന്റെ ‘ഇന്ദുലേഖ’, സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ’, പി. കേശവദേവിന്റെ ‘ഓടയിൽനിന്ന്’, ഉറൂബിന്റെ ‘ഉമ്മാച്ചു’, മുട്ടത്തു വർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, കോവിലന്റെ ‘തോറ്റങ്ങൾ’, പി. വത്സലയുടെ ‘നെല്ല്’, മലയാറ്റൂരിന്റെ ‘യക്ഷി’, സേതുവിന്റെ ‘പാണ്ഡവപുരം’, ആനന്ദിന്റെ ‘ഗോവർധന്റെ യാത്രകൾ’, ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി’ തുടങ്ങി നിരവധിയുണ്ട് കാരിക്കേച്ചർ ലിസ്റ്റിൽ.
ആനയുടെ കഥ പറഞ്ഞ് റെക്കോഡ്
തുടക്കകാലത്ത് ഒരു ആനയുടെ ചിത്രം വരച്ചിരുന്നു. അത് പ്രസിദ്ധീകരിച്ചിരുന്നില്ല. പിൽക്കാലത്ത് ആ ചിത്രം വേറെ രൂപത്തിലാക്കി വരച്ചുവെച്ചപ്പോൾ അത് പ്രസിദ്ധീകരിച്ചു. ആന ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളത്. ആനകളെക്കുറിച്ച് ഏറ്റവും കൂടുതൽ കാർട്ടൂൺ വരച്ചതിന് റെക്കോഡുമുണ്ട്. ആനയെയായിട്ട് വരച്ചതല്ല. വരച്ചുവരച്ച് ആന കഥാപാത്രമായി മാറിയതാണ്.
നാട് കൊല്ലത്ത് കൊട്ടിയത്താണ്. അവിടെ രാത്രിയിൽ ഒരു ആനയെ ലോറി ഇടിച്ചു. അപകടത്തിൽ അതിന്റെ കാൽ ഒടിഞ്ഞു. രാവിലെയാണ് ഞങ്ങളൊക്കെ അറിയുന്നത്. അന്ന് ആനയെ കാണാൻ പോയി. അവിടെ ആൾക്കാരൊക്കെ കൂടിനിൽക്കുന്നുണ്ട്. പൊലീസുണ്ട്. ഇത് കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ഇതിന്റെ പിന്നിൽ രണ്ട് റിഫ്ലക്ടർ വെച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ എന്ന്. തമാശക്ക് പറഞ്ഞതാണ്. പക്ഷേ, എനിക്കത് ക്ലിക്കായി. അങ്ങനെയാണ് ആ ചിത്രം വരക്കുന്നത്. അത് പ്രസിദ്ധീകരിച്ചുവന്നു. ആനയുടെ മാത്രമായി 250 ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
പ്രകാശൻ പാച്ചനായപ്പോൾ
പേര് പ്രകാശൻ എന്നാണ്. വീട്ടിലെ പേരാണ് പാച്ചൻ. വീട്ടിലെ പേര് സ്കൂളിലും വിളിക്കാൻ തുടങ്ങി. കോളജിൽ ചെന്നപ്പോൾ അവിടെയും ഈ പേര് തന്നെ. എല്ലാവരും ഈ പേര് വിളിച്ചപ്പോൾ ഒറിജിനൽ പേരുതന്നെ മറന്നു പോയി. അപ്പോൾ അതുതന്നെ തൂലികാനാമമാക്കി. ഡിഗ്രി ഇക്കണോമിക്സ് ആയിരുന്നു. പിന്നീട് ഫൈൻ ആർട്സ് പഠിച്ചു. കാർട്ടൂണിസ്റ്റായിട്ട് ഇപ്പോൾ 42 വർഷമാകുന്നു. കൊട്ടിയത്ത് സ്കൂളിലെ ചിത്രകല അധ്യാപകനാണ്. ഇപ്പോൾ 18 വർഷം ആകുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ വരക്കുമായിരുന്നു. കാർട്ടൂൺ, കാരിക്കേച്ചർ, ഫോട്ടോഗ്രഫി വിഭാഗങ്ങളിൽ ദേശീയതലത്തിൽതന്നെ അവാർഡുകൾ കിട്ടിയിട്ടുണ്ട്.
ഫോട്ടോഗ്രഫിയോടും പ്രിയം
കാരിക്കേച്ചർപോലെ തന്നെ ഫോട്ടോഗ്രഫിയോടും ഇഷ്ടമാണ്. എവിടെ പോകുമ്പോഴും കാമറയും തൂക്കിയാണ് പോവാറ്. ഫോട്ടോഗ്രഫി പഠിച്ചിട്ടൊന്നുമില്ല. ഒരിക്കൽ കൊല്ലത്ത് ഒരു ഫോട്ടോഗ്രഫി മത്സരം നടത്തിയിരുന്നു. ഓൾ കേരള ഫോട്ടോഗ്രഫിയാണ് മത്സരം നടത്തിയത്. കൊല്ലത്തിന്‍റെ ഏറ്റവും ഭംഗിയുള്ള സ്ഥലമായിരുന്നു വിഷയം. ചീനവലയുടെ പടമാണ് മനസ്സിൽ ആദ്യം വന്നത്. അഞ്ചാലുംമൂട് എന്ന സ്ഥലത്ത് ചീനവലയുണ്ടെന്ന് അറിഞ്ഞു. അങ്ങനെ സുഹൃത്തിനെയും കൂട്ടി വെളുപ്പിന് അഞ്ചരക്ക് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോവുകയാണ്. തേവള്ളിപ്പാലത്ത് എത്തിയപ്പോഴേക്കും നേരം വെളുത്തു. ഇനി പോയാൽ സൂര്യനെയൊന്നും കിട്ടില്ല.
തേവള്ളി പാലത്തിന്‍റെ അവിടെനിന്ന് നോക്കിയാൽ സൂര്യൻ ഉദിച്ചുവരുന്നത് കാണാം. അവിടെനിന്ന് സൂര്യന്‍റെ കുറച്ച് പടങ്ങളൊക്കെ എടുത്തു. ഫോട്ടോഗ്രഫിയിൽ മുഴുവൻ നിമിത്തങ്ങളാണ്. ആ പാലത്തിന്‍റെ അവിടെനിന്ന് പടം എടുത്തുകൊണ്ടിരിക്കുമ്പോൾ താഴെ ഒരു ചീനവല. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. പാലത്തിന്‍റെ അടിയിലോട്ട് പോകുന്ന ചെറിയൊരു ഇടവഴിയുണ്ട്. അതിന്‍റെ ഇടയിലൂടെ ഞാൻ അങ്ങോട്ടേക്ക് ഓടി. സൂര്യൻ ഉദിക്കുന്നതിന് മുന്നേ പോകണമല്ലോ. അങ്ങനെ ഓടിച്ചെന്ന് ആ ചിത്രം എടുത്തു. മുകളിൽ സൂര്യൻ ഉദിച്ച് വരുന്നു, പക്ഷികൾ പറക്കുന്നു, താഴെ ചീനവല, കൂടെ മഞ്ഞും. അങ്ങനെ എല്ലാം കൂടി ഒത്തുവന്ന ചിത്രം. ഈ ചിത്രത്തിന് ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു.
ഭാര്യ ജ്യോതിക ജീവിച്ചിരിപ്പില്ല. ഒരു മകനുണ്ട്, അമൽ. കരുനാഗപ്പള്ളിയിലെ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകനും വരക്കും. അവന് പോർട്രെയ്റ്റിനോടാണ് താൽപര്യം. മരുമകൾ ഗീതു. എനിക്ക് കൂടുതൽ പ്രചോദനം കൊട്ടിയത്തുള്ള എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും നല്ല സപ്പോർട്ട് ആണ്.


