ന്യൂയോർക് നഗരത്തിലെ ടൈംസ്ക്വറിൽ വിരിഞ്ഞത് ഇന്ത്യൻ സാരിയുടെ നിറപ്പൊലിമയും കലാചാതുരിയും
text_fieldsന്യുയോർക്: ഇന്ത്യൻ സാരിയുടെ പെരുമ ന്യൂയോർക് നഗരത്തിലെ ഫാഷൻ ചത്വരത്തിൽ വിടർന്നത് അവിടെയും കൗതുകക്കാഴ്ചയായി. ഇന്ത്യൻ പ്രവാസികളും മറ്റു രാജ്യക്കാരുമായ ഫാഷൻ ആരാധകരും സ്ത്രീശാക്തീകരണത്തിൽ താൽപര്യമുള്ളവരുമായ അനേകം സ്ത്രീകൾ ഒത്തുകൂടിയത് ഇന്ത്യയുടെ പാരമ്പര്യ വസ്ത്രമായ സാരിയുടെ വൈവിധ്യമാർന്ന ഭംഗിയും പെരുമയും ആസ്വദിക്കാനായിരുന്നു.
പാരമ്പര്യം, കലാപരത, സാംസ്കാരികത എന്നിവ പ്രോൽസാഹിപ്പിക്കുന്ന പ്രത്യേക ചടങ്ങിലായിരുന്നു ഇന്ത്യൻ സാരിയുടുത്ത് നൂറുകണക്കിന് സ്ത്രീകൾ അണിനിരന്നത്. ‘സാരി ഗോസ് ഗ്ലോബൽ’ എന്ന പരിപാടിയുടെ രണ്ടാം എഡിഷനായിരുന്നു ഇന്നലെ ടൈം സ്ക്വയറിൽ നടന്നത്. ഇന്ത്യയുടെ അമേരിക്കൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ചില മനുഷ്യസ്നേഹികളായവരുടെ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി നടത്തിയത്.
സാരിയുടെ വളരെ പഴക്കമുള്ള പാരമ്പര്യത്തെയും സാംസ്കാരികത്തനിമയെയും കുറിച്ച് ഇന്ത്യൻ കോൺസുലറ്റ് അഥവാ ഹെഡ് ഓഫ് ചാൻസെറി പ്രയാഗ് സിങ് ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഓഫിസിൽ വച്ച് പറഞ്ഞു.
തലമുറകൾ നീളുന്ന കലാചാതുരിയും കഥകളും സംസ്‍കാരവുമാണ് സാരിയിൽ വിരിയുന്നതെന്ന് മേയറുടെ ഓഫിസിലെ അന്തർദേശീയകാര്യ ഡെപ്യൂട്ടി കമീഷണർ ദിലീപ് ചൗഹാൻ പറഞ്ഞു.
അമേരിക്കയിലെ മാൻഹാട്ടൻ മിഡ്ടൗണിലെ ന്യുയോർക് ടൈംസ് പത്രത്തിന്റെ ആസ്ഥാനം നിലനിൽക്കുന്ന നഗരത്തിലെ ഫാഷൻ പ്രൈംസ്പോട്ട് ആണ് ടൈം സ്ക്വയർ. ഇവിടത്തെ ബ്രൈറ്റ് ലൈറ്റും ബ്രോഡ് വേ തിയേറ്ററുകളും ഒക്കെ പ്രശസ്തങ്ങളാണ്.


