പഴമയുടെ പ്രൗഢിയിൽ പ്രമുഖരുടെ ആദ്യ കളരി; ‘മുത്തച്ഛന് വിദ്യാലയ’മായി പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ
text_fieldsപഴമയുടെ പ്രൗഢിയോടെ നിലനിൽക്കുന്ന പെരുമ്പാവൂര്‍ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം
പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നായ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ജില്ലയുടെ ‘മുത്തച്ഛന് വിദ്യലയം’ എന്നുതന്നെ വിളിക്കാം. നഗര ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 117 വയസ്സ് പിന്നിടുന്ന ഈ വിദ്യാലയത്തിൽ നിരവധി പ്രമുഖർ ആദ്യക്ഷരം കുറിച്ചിട്ടുണ്ട്. 1908ൽ പ്രൈമറി പള്ളിക്കൂടമായാണ് തുടക്കം. പിന്നീട് വിവിധ ഘട്ടങ്ങളിലായി വികസിക്കുകയും ഹൈസ്കൂളായി മാറുകയും ചെയ്തു.
1990കളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതോടെയാണ് പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ ഈ വിദ്യാലയത്തിന് പെരുമ്പാവൂരിലെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയ സ്ഥാനമുണ്ട്. പഴമയുടെ പ്രൗഢിയുള്ള നിലവിലെ കെട്ടിടങ്ങളും ക്ലാസ് മുറികളും ഈ നാടിന്റെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കാലപ്പഴക്കംചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയത് നിര്‍മിച്ചെങ്കിലും മുന്‍വശത്തെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തിയിട്ടുണ്ട്.
ഹൈസ്കൂളിലെ ആദ്യ പ്രധാനാധ്യാപകനായിരുന്ന എം.കെ. രാമന്റെ പേരിലുള്ള ഹാള്‍ ഉൾപ്പെടെ ഇതിൽപെടും. ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറിയിലുമായി 750ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നണ്ട്. 30 അധ്യാപകരാണുള്ളത്. എച്ച്.എം പി.സി. ബീന, പ്രിന്‍സിപ്പല്‍ വി.എം. ബിന്ദു എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കേവലം ഒരധ്യാപകന് മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകള്‍ താണ്ടിയാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എത്തിയത്. മഹാകവി ജി. ശങ്കരകുറുപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്, നടന് ജയറാം, പ്രശസ്ത പത്രപ്രവര്ത്തകൻ എം.പി. ഗോപാലന്, പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലിയുടെ ശിഷ്യന് ഡോ. ആര്. സുഗതന്, ചരിത്രകാരന് ഡോ. കെ.എന്‍. ഗണേഷ് തുടങ്ങി പല പ്രമുഖരും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്.
സ്കൂളില്‍ നടക്കുന്ന പ്രധാന പരിപാടികളിൽ ജയറാം ഇപ്പോഴും അതിഥിയായി എത്താറുണ്ട്. സ്കൂളിനും താലൂക്ക് ആശുപത്രിക്കും മധ്യേയുള്ള നാലര ഏക്കറോളമാണ് സ്കൂൾ ഗ്രൗണ്ട്. ഇന്ദിര ഗാന്ധി, മന്മോഹന് സിങ് അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഈ വർഷമാണ് തുറന്നത്. ഒമ്പത് മുറികളുള്ള കെട്ടിടത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളാണ് നടക്കുന്നത്.
ഓപണ്‍ ഓഡിറ്റോറിയവും ഹൈസ്കൂള്‍ വിഭാഗത്തിന് കമ്പ്യൂട്ടര്‍ ലാബുമാണ് സ്കൂളിന് ഇനി വേണ്ടത്. പുതിയ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍ വിഭാവനം ചെയ്തിരുന്നെങ്കിലും നിര്‍മിച്ചിട്ടില്ല. ടോയ്ലറ്റ് സൗകര്യങ്ങളും അനിവാര്യമാണ്. ഓഡിറ്റോറിയത്തിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും സര്‍ക്കാറിലേക്ക് ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചതായും നഗരസഭ ചെയര്മാന് പോള്‍ പാത്തിക്കല്‍ പറഞ്ഞു.


