അരങ്ങിൽ കനലെരിയിച്ച് ‘തോറ്റവരുടെ യുദ്ധങ്ങൾ
text_fields‘തോറ്റവരുടെ യുദ്ധങ്ങൾ’ പുസ്തകം പുറംചട്ട, ‘തോറ്റവരുടെ യുദ്ധങ്ങൾ’ നാടകത്തിൽനിന്ന്
നെടുങ്കണ്ടം: കുടിയേറ്റത്തിന്റെയും ഇടുക്കിയുടെയും ചരിത്രം പറയുന്ന ‘തോറ്റവരുടെ യുദ്ധങ്ങള്‍’ അരങ്ങിലെത്തിയിട്ട് രണ്ടാണ്ട്. നാലര പതിറ്റാണ്ട് പിന്നിട്ട കലാപ്രസ്ഥാനമായ കട്ടപ്പന ദര്‍ശന 2023 ഒക്ടോബർ എട്ടിന് അരങ്ങിലെത്തിച്ച ഡോക്യുഫിക്ഷന് നാടകാവിഷ്കാരമാണ് ‘തോറ്റവരുടെ യുദ്ധങ്ങള്‍’. നിരവധി നാടകോത്സവങ്ങളില്‍ കാണികളുടെ പ്രശംസയും ഏറ്റുവാങ്ങുന്നുണ്ട്. ഹൈറേഞ്ചില്‍ ജനിച്ച കലാപ്രവര്ത്തകന് ഇ.ജെ.ജോസഫ് സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കി എഴുതിയ രചനക്ക്, നവീന നാടകവേദിയിലെ നരിപ്പറ്റ രാജുവാണ് രംഗഭാഷയൊരുക്കിയത്. കായംകുളം,തലയോലപ്പറമ്പ്,കൊടുങ്ങല്ലൂര്‍,പൂത്തോട്ട,തോപ്പുംപടി എന്നിവിടങ്ങളില്‍ നടന്ന നാടകോത്സവങ്ങള്‍ക്ക് പുറമേ ജില്ലയിലെ അരങ്ങുകളിലും കാണികളെ പൊള്ളിക്കുന്ന അനുഭവമായി നാടകം മാറിയെന്ന് ദര്‍ശന പ്രവര്‍ത്തകര്‍ ചാരിതാർഥ്യത്തോടെ ഓര്‍ക്കുന്നു.
ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാനും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയില്‍ നാണ്യവിളകളുടെ നാട് കേരളത്തിന് നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍ പ്രേരണയില്‍ കുടിയേറിയ ജനത, വര്‍ത്തമാനകാലത്ത് കുറ്റവാളികളെപ്പോലെ നില്‍ക്കേണ്ടി വരുന്ന സാഹചര്യം നാടകം വസ്തുനിഷ്ടമായി കാണിച്ചുതരുന്നു. ഭൂപ്രശ്നങ്ങളില്‍ അനുദിനം മുറുകുന്ന കുരുക്കുകളും വന്യമൃഗാക്രമണവും കുടിയിറക്കും പ്രകൃതിദുരന്തങ്ങളും ഉള്ളുപൊള്ളിക്കുന്ന കുടിയേറ്റ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി നാടകം മാറി എന്നത് നവമാധ്യമങ്ങളിലെ പ്രേക്ഷകക്കുറിപ്പുകള് സാക്ഷ്യപ്പെടുത്തുന്നു.
ജില്ലയിലെ പ്രധാന നടന്മാരായ ജോസഫ് ചിലമ്പന്,എം.സി.ബോബന്,ആര്.മുരളീധരന്,സ്റ്റാലിന്,സൂര്യലാല്‍,ജോസി കട്ടപ്പന,ഷൈജു,ഡെന്നി,രവികുമാര്‍,ചന്ദ്രു,സത്യനാരായണന്,ചലച്ചിത്ര അഭിനേത്രി ജയ കുറുപ്പ്,ശശികല,രേഷ്മ,ആഷ്ലി,ജെന്നിഫര്‍ എന്നിവരാണ് തോറ്റവരുടെ യുദ്ധങ്ങളിൽ വേഷമിട്ടത്. സത്യജിത്,ജയ്സണ്‍ എന്നിവര്‍ സംഗീതവും ബിബിന്‍,ജെസ്റ്റിന് എന്നിവര്‍ പ്രകാശ ക്രമീകരണവും ഷാജി ചിത്ര,സുരേഷ് എന്നിവര്‍ കലയും നിര്‍വഹിച്ചിരിക്കുന്നു. മലയാളനാടക അരങ്ങില്‍ മൂന്നുപതിറ്റാണ്ടായി നാഴികക്കല്ലായ ഒട്ടേറെ നാടകങ്ങള്‍ക്ക് ജീവന് നല്കിയ നരിപ്പറ്റ രാജു ഒരുക്കിയ തോറ്റവരുടെ യുദ്ധങ്ങള്‍ മണ്ണില്‍ ചവിട്ടിനിന്ന് പ്രേക്ഷകര്‍ക്കിടയിലാണ് സാക്ഷാത്കൃതമാകുന്നത്.
തോറ്റവരുടെ യുദ്ധങ്ങളുടെ പുസ്തകരൂപം കഴിഞ്ഞമാസം പ്രകാശനം ചെയ്തു. അതില്‍ നാടകപ്രവര്‍ത്തക ജെ.ശൈലജ കുറിച്ചിരിക്കുന്നത് അന്വര്‍ത്ഥമാണ്. കാടിനെ കൃഷിഭൂമിയാക്കി, നാടിനെ ഊട്ടി, ഇന്ന് കാണുന്ന വികസിത ഹൈറേഞ്ച് സൃഷ്ടിക്കാന്‍ ജീവിതം ഹോമിച്ച ഒരുപാട് പേര്‍ക്കുള്ള ട്രിബ്യൂട്ട് ആണ് ഈ നാടകം.പുസ്തകം വായിച്ച് കവി കുരിപ്പുഴ ശ്രീകുമാര്‍ എഴുതിയത് ഇങ്ങനെയാണ്. ‘‘തോറ്റവരുടെ യുദ്ധങ്ങള്‍ വായിച്ചു. അത് കേവലം ഒരു നാടകമല്ല. ആധുനിക ഹൈറേഞ്ചിന്റെ ചോരയിലും കണ്ണീരിലും പേന തൊട്ട് എഴുതിയ ചരിത്രമാണ്’’.
1979 ല്‍ ഫിലിം സൊസൈറ്റിയായി പ്രവര്‍ത്തനം ആരംഭിച്ച ദര്‍ശന, 1985 മുതല്‍ നാടകരംഗം കൂടി പ്രവര്‍ത്തനമേഖലയാക്കി. 2012 ലെ കേരള അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ ഒഴിവുദിവസത്തെ കളി (സംവിധാനം: നരിപ്പറ്റ രാജു) പ്രശംസ പിടിച്ചുപറ്റി.2018ല്‍ കെ.ആര്.രമേശിന്റെ സംവിധാനത്തില്‍ ‘കൃതി’ അരങ്ങിലെത്തിച്ചു. കുട്ടികളുടെ നാടകങ്ങളായ 'മറുമരുന്ന്', ‘അസുയക്ക് മരുന്നുണ്ട്' എന്നിവയും നാഴികക്കല്ലുകളാണ്. ഈ വര്‍ഷമാദ്യം സംഗീത നാടക അക്കാദമി അമേച്വര്‍ നാടക മത്സരത്തിലേക്ക് തെരഞ്ഞെടുത്ത പുതിയ നാടകമാണ് സെനീബ്. ഇന്ത്യാ വിഭജനത്തെ ആധാരമാക്കി ഇ.ജെ.ജോസഫ് എഴുതി മനോജ് നാരായണന് സംവിധാനം ചെയ്ത സെനീബ് എറണാകുളം കോഴിക്കോട്, കട്ടപ്പന എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു.


