ലഡാക്കിലെ മഞ്ഞിൽ വിസ്മയമായി ‘മഹാദേവൻ'
text_fieldsലഡാക്കിലെ മഞ്ഞ് നിറഞ്ഞ താഴ്വരയിൽ ഒരുക്കിയ
മഹാദേവ ചിത്രത്തിനരികെ സുരേഷും സംഘവും
കൊടുങ്ങല്ലൂർ: കൈലാസ പർവ്വത താഴ് വരകകളിലെ ഐസുകട്ടയിൽ പെയിന്റ് അടിച്ച് ഡാവിഞ്ചി സുരേഷിന്റെ മഹാദേവ ചിത്ര വിസ്മയം. ലോകത്തിലെ തന്നെ അപൂർവ ഈ ചിത്രകലാ സൃഷ്ടിയിൽ 70 അടി വലുപ്പമുള്ള മഹാദേവ രൂപമാണ് പിറവിയെടുത്തത്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടാണ് സുരേഷും സംഘവും ലഡാക്കിലെത്തി വലുപ്പമേറിയ ചിത്രം പൂർത്തീകരിച്ചത്
കൈലാസ താഴ്‌വരകളിലെ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് ചിത്രമൊരുക്കിയത്. നിരവധി പരീക്ഷണങ്ങൾകൊടുവിൽ എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ച് മൈനസ് 12 ഡിഗ്രി തണുത്ത കാലാവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറ് മണിക്കൂർ കൊണ്ടാണ് 70 അടി ചിത്രം വരച്ചെടുത്തത്. പൊലീസിന്റെ പ്രത്യേക അനുമതിയോടെയും ആർമി ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് മഞ്ഞിലുള്ള ലോകത്തെ ആദ്യത്തെ ഏറ്റവും വലിയ വർണ ചിത്രം തീർക്കാനായത്.
കേരളത്തിൽ വരാനിരിക്കുന്ന കൈലാസം മെഡിറ്റേഷൻ ആശ്രമം ആന്റ് ഗ്ലോബൽ ട്രസ്റ്റ് ആണ് സുരേഷിന് സഹായമായത്. കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ വിശ്വനാഥൻ, ക്യാമറമേൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് സംഘാംഗങ്ങൾ. കൊടുങ്ങല്ലൂരിലെ റിട്ട. മേജർ ജനറൽ ഡോ. വിവേകാനന്ദൻ ആണ് അനുമതി പത്രവും ആർമിയുടെ സഹായങ്ങളും ലഭ്യമാക്കിയത്.


