ഇന്ന് തുലാപ്പത്ത്; ചിലമ്പൊലിയും രൗദ്രതാളവുമായി ഇനി കളിയാട്ടക്കാലം
text_fieldsവൈരജാതന്റെ വെള്ളാട്ടം (ഫയൽ ചിത്രം)
ചെറുവത്തൂർ: തെയ്യങ്ങളുടെ ചിലമ്പൊലിത്താളം കാവുകളെ ഉണർത്തുന്ന കളിയാട്ടക്കാലത്തിന്റെ വരവറിയിച്ച് തിങ്കളാഴ്ച തുലാപ്പത്ത്. ഉത്തരകേരളത്തിലെ കാവുകളില്‍ ചിലമ്പൊലികളുടെയും രൗദ്രതാളത്തിന്റെയും അകമ്പടിയോടെ തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടും. പത്താമുദയമെന്ന തുലാപ്പത്ത് മുതല്‍ ഇടവപ്പാതിവരെ തെയ്യക്കാലമാണ്. കത്തുന്ന ചൂട്ടുകറ്റകളുടെ ചുവപ്പുരാശിയില്‍ മിന്നിത്തിളങ്ങുന്ന ഉടയാടകളോടെ ദ്രുതതാളത്തില്‍ ചുവടുവെക്കുകയും മഞ്ഞള്‍ക്കുറി നല്കി അനുഗ്രഹം നല്കാൻ തെയ്യങ്ങളെത്തും.
കന്നിക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളയിറക്കലിന്റെ ആരംഭദിനം കൂടിയാണ് തുലാപ്പത്ത്. കാര്‍ഷിക സംസ്കൃതിയുടെ നല്ലകാലത്തെ വരവേല്‍ക്കാന്‍ തറവാടുകളിലും ഗ്രാമക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. നിറതിരിയിട്ട നിലവിളക്കുകളും നിറനാഴിയും അന്തിത്തിരിയന്മാരും ആചാരക്കാരും ഉദയത്തിന് സൂര്യദേവനെ എതിരേല്ക്കും. കൃഷിസമൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിന് പ്രാർഥിക്കും. ഇടവപ്പാതിയോടെ കൊട്ടിയടക്കപ്പെട്ട കാവുകളില്‍ പത്താമുദയത്തിന് അടുത്ത തെയ്യക്കാലത്തെ വിളിച്ചുവരുത്തുന്ന ചടങ്ങുകള്‍ നടക്കും. കാർഷികദേവതകളായ കുറത്തിയും വയല്‍ കുറത്തിയും കുഞ്ഞാര്‍ കുറത്തിയും ഗുണം വരുത്താൻ വീടുകളിലെത്തും.
കാവുകളിലും കഴകങ്ങളിലും പള്ളിയറകളിലും തറവാടുകളിലും ചെണ്ടമേള താളത്തില്‍ ഉറഞ്ഞാടി അനുഗ്രഹം നൽകാൻ തെയ്യങ്ങളെത്തും. ഓരോ കളിയാട്ടവും അതത് ദേശത്തിന്റെ ഉത്സവങ്ങളാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയിപുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയും. തുലാമാസം പിറന്നാൽ പിന്നെ തെയ്യം കലാകാരന്മാര്ക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ത ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കമാണ് പിന്നീട്. വ്യത്യസ്തമായ ദേവതസങ്കല്പങ്ങള്ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരമാണ് ഓരോ തെയ്യത്തിനും. 12 വർഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടങ്ങളും ഈ തെയ്യക്കാലത്തിന്റെ പ്രത്യേകയാകും.


