വരച്ചുവരച്ച് വേദ നേടി, ഉജ്ജ്വല ബാല്യ പുരസ്കാരം
text_fieldsവേദ എ. പിള്ള
പറവൂർ: കുഞ്ഞുനാൾ മുതലേ ഉപയോഗശൂന്യമായ പേപ്പറുകളിലും കടലാസുകളിലും കുത്തി വരച്ച് വരച്ച് ഒടുവിൽ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യ പുരസ്കാരത്തിലെത്തി നിൽക്കുകയാണ് കോട്ടുവള്ളി കൈതാരം അച്ചുതം വീട്ടിൽ വേദ എ. പിള്ള. രണ്ട് വയസ്സ് മുതലേ ചിത്രരചനയിൽ അഭിരുചി പ്രകടിപ്പിച്ച ഈ മിടുക്കി 600 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ആറ് മുതൽ 11 വയസ് വരെയുള്ളവരുടെ പെൻസിൽ ഡ്രോയിങ്, കളറിങ് വിഭാഗത്തിലെ വേറിട്ട രചനകളാണ് വേദക്ക് സമ്മാനം നേടിക്കൊടുത്തത്. വളരെ ചെറുപ്പത്തിലേ ഉപയോഗശൂന്യമായ പേപ്പറുകളിൽ വേദ വരച്ച ചിത്രങ്ങൾ മാതാപിതാക്കൾ കണ്ടെങ്കിലും കാര്യമായെടുത്തിരുന്നില്ല. പിന്നീട് വരകൾ ഡ്രോയിങ് പുസ്തകത്തിലേക്ക് മാറി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രങ്ങളിലെ പൂർണത ശ്രദ്ധിച്ചതെന്ന് പിതാവ് അജിത്ത് കുമാറും മാതാവ് രേഖയും പറഞ്ഞു.
ചിത്രരചന ക്ലാസിന് അയക്കാൻ തീരുമാനിച്ചെങ്കിലും നടക്കാതെ പോയി. ഇതിനിടയിൽ കാർട്ടൂൺ ചിത്രങ്ങളും പക്ഷിമൃഗാദികളുടെ ചിത്രങ്ങളും വരക്കാൻ തുടങ്ങി. ടെലിവിഷനിൽ കാണുന്ന കാർട്ടൂൺ ചിത്രങ്ങൾ ഒട്ടും തനിമ പോകാതെ വേദയുടെ വരകളിൽ തെളിഞ്ഞു. ആളുകളുടെ മുഖം വരച്ച് പ്രതിഫലിപ്പിക്കുന്നതിലായി പിന്നെ ശ്രദ്ധ. ഗാന്ധിജി, അംബേദ്കർ, എ.പി.ജെ. അബ്ദുൽ കലാം, മദർ തേരേസ, നെൽസൺ മണ്ടേല, പിണറായി വിജയൻ, രജനീകാന്ത്, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ് ലി എന്നിങ്ങനെ നിരവധി പ്രമുഖരാണ് വേദയുടെ രചന പ്രതിഭയിൽ രൂപം കൊണ്ടത്. പറവൂരിലെ മരിയ തേരേസ സ്ക്രില്ലി പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ വേദ പഠനത്തിലും സ്കൂളിൽ ഒന്നാമതാണ്. ഡാൻസ്, പാട്ട്, കുങ്ഫു എന്നിവയിലും കഴിവു തെളിയിച്ചു ഈ കൊച്ചുമിടുക്കി.