ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുദ്രപേറുന്ന സാരാനാഥിലേക്ക് യുനെസ്കോ സംഘം എത്തുമ്പോൾ
text_fieldsചരിത്രപ്രസിദ്ധമായ സാരാനാഥിൽ യുനെസ്കോ സംഘം എത്തുന്നതിന് മുമ്പായി സാരാനാഥിന്റെ നാഥനെ മാറ്റാൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ തീരുമാനം. ബുദ്ധൻ, ബോധോദയം ഉണ്ടായ ശേഷം ആദ്യം ശിഷ്യൻമാരോട് ഉദ്ബോധനം നടത്തിയ സ്ഥലം എന്ന നിലയിലാണ് സാരാനാഥ് പ്രശസ്തം. ആദ്യത്തെ ബുദ്ധസംഘം ഉണ്ടായതും ഇവിടെയാണെന്നാണ് വിശ്വാസം.
എന്നാൽ പഴയ ബുദ്ധിസ്റ്റ് രേഖകൾ പറയുന്നത് ആദ്യത്തെ ബുദ്ധസംഘം ഉണ്ടായത് മൃഗാഭവ അല്ലെങ്കിൽ ഋഷി പട്ടണത്താണ് എന്നാണ്. എന്നാൽ ഇതു തന്നെയാണ് സാരാനാഥ് എന്നതിന് അധികം തെളിവുകളുമില്ല. എന്നാൽ ഇവിടെയാണ് അശോകൻ സിംഹരൂപത്തിലുള്ള അശോകസ്തംഭം സ്ഥാപിച്ചത്. ഇതാണ് പിന്നീട് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുദ്രയായി മാറുന്നതും. വാരാണസിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് സാരാനാഥ്.
27 വർഷമായി യുനെസ്കോയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ ചരിത്രസ്മാരകം. സാരാനാഥിന്റെ ചരിത്രപ്രാധാന്യം ആദ്യം വിവരിച്ച ബാബു ജഗത് സിങ്ങിന്റെ പേര് ഇവിടെ സ്ഥാപിക്കാനാണ് എ.എസ്.ഐ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ അപേക്ഷയിലാണ് ഈ തീരുമാനം.
അശോകനും മുമ്പുള്ള സാരാനാഥിന്റെ പ്രാധാന്യം അടുത്ത കാലത്ത് നടന്ന ഉദ്ഘനനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇന്നും അശോകനു തന്നെയാണ് ഇവിടെ ഏറ്റവുംവലിയ പ്രാധാന്യം.
കുശാന വംശജരും ഗുപ്തരും സാരാനാഥിന്റെ പിതൃത്വം അവകാശപ്പെടുന്നവരാണ്. 12-ാം നൂറ്റാണ്ടു വരെ ഇവിടെ ഒരു ബുദ്ധിസ്റ്റ് മൊണാസ്ട്രി നിലനിന്നിരുന്നു. ഇന്ത്യയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഉപജ്ഞാതാവായ അലക്സാണ്ടർ കണ്ണിങ്ഹാമിന്റെ അഭിപ്രായത്തിൽ 12-ാം നൂറ്റാണ്ടിൽ ഇവിടെ ആക്രമണം ഉണ്ടാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു.
1193 ൽ മുഹമ്മദ് ഗോറിയുടെ കമാന്ററായിരുന്ന ഖുദ്ബുദിൻ ഐബക്കിന്റെ നേതൃത്വത്തിൽ ഇവിടെ ആക്രമണം നടത്തിയിരുന്നു. അതോടെയാണ് ഇവിടെ നിന്ന് ബുദ്ധിസ്റ്റുകൾ ഓടിപ്പോയതെന്നും ചരിത്രം പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്നും ഈ കാലഘട്ടത്തിൽ ഇവിടെ ബുദ്ധിസ്റ്റുകൾക്കു നേരെ ശൈവരുടെ ആക്രമണം നടന്നതായും മറ്റു ചിലർ പറയുന്നു.
സാരാനാഥിൽ ആദ്യ ഉദ്ഘനനം നടത്തിയത് ബ്രിട്ടീഷ് ചരിത്രകാരൻമാരാണ്. എന്നാൽ തുടർന്ന് ബനാറസിലെ ദിവാനായിരുന്ന ജഗദ്സിങ്ങിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു മാർക്കറ്റ് നിർമിക്കവെ പണിക്കാർക്ക് ബുദ്ധന്റെ പ്രതിമയുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇവർ ഇത് ഗംഗയിൽ എറിഞ്ഞ് കളയുകയായിരുന്നു.
1799 ൽ ജൊനാഥൻ ഡനങ്കൻ എന്ന ബ്രിട്ടീഷുകാരൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ്ഇ വിടെ ഉദ്ഘനനം നടക്കുന്നത്. കണ്ണിങ്ഹാമിന്റെ നേതൃത്വത്തിൽ നടന്ന ഉദ്ഘനനത്തിൽ നിന്ന് ധാരാളം ബുദ്ധിസ്റ്റ് രേഖകൾ കണ്ടെടുക്കുകയുണ്ടായി. ഇദ്ദേഹമാണ് ബുദ്ധന്റെ ആദ്യ ഉദ്ബോധനം നടന്നത് ഇവിടെയാണെന്ന് സമർത്ഥിച്ചത്. തുടർന്നും ഇവിടെ നടന്ന ഉദ്ഘനനങ്ങളിൽ നിന്ന് 476 ശില്പ അവശിഷ്ടങ്ങളും 41 ചരിത്ര രേഖകളും കണ്ടെത്തിയിട്ടുണ്ട്.