മോദിയുടെ ജൻമദിനത്തിൽ മറ്റൊരു പ്രധാനമന്ത്രിയുടെ ‘ഒളിപ്പോർ’ ജീവിതം ലിബറേഷൻ ദിനത്തിൽ ഓർത്തെടുത്ത് ഹൈദരാബാദ്
text_fieldsഹൈദരാബാദ്: സെപ്റ്റംബർ 17 ന് രാജ്യത്ത് നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ ആഘോഷിക്കപ്പെടുമ്പോൾ തെലങ്കാനയിൽ മറ്റൊരു ആഘോഷം നടക്കുകയായിരുന്നു. മറ്റൊരു പ്രധാനമന്ത്രിയുടെ ആരുമറിയാത്ത ജിവതത്തിലെ ഒരു ധീരോദാത്തമായ ഏട് ഓർക്കപ്പെടുകയായിരുന്നു. ഹൈദരാബാദ് സ്റ്റേറ്റ്, ഇന്ത്യൻ യൂനിയനിൽ ചേർന്ന ദിവസമാണ് സെപ്റ്റംബർ 17. ഹെദരാബാദിൽ ഇത് ലിബറേഷൻ ദിനമായി ആചരിക്കുന്നു.
മുൻ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ സംബന്ധിച്ച് 1947 ആഗസ്റ്റ് 15ന് ആയിരുന്നില്ല രാജ്യം സ്വതന്ത്രമായത്. മറിച്ച് അത് ഒരു വർഷത്തിനു ശേഷം 1948 സെപ്റ്റംബർ 17 ന് ആയിരുന്നു. അതിനായി താനും തന്റെ പാർട്ടിപ്രവർത്തകരും നയിച്ച ഒളിപ്പോര് അധികമാർക്കും അറിയാത്ത ചരിത്രമാണ്.
1976ൽ നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിന് നൽകിയ ഒരഭിമുഖത്തിൽ റാവു തന്റെ ജീവിതത്തിലെ അവിശ്വസനീയമായ ഏടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
റാവുവിന്റെ ഒളിപ്പോര്
ഇന്ത്യൻ യുനിയനെതിരെ സമരം പ്രഖ്യാപിച്ച ഹൈദരാബാദ് നൈസാമിന്റെ സ്വകാര്യ ആർമിക്കെതിരെ സമരം നയിക്കാനായി അന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന നരസിംഹ റാവു തന്റെ ലീഗൽ പ്രാക്ടീസ് ഉപേക്ഷിച്ചു. അന്ന് കോൺഗ്രസ് നേതാവായിരുന്ന ബർഗള രാമകൃഷ്ണ റാവുവമായുള്ള സഹവാസമാണ് സാവുവിനെ നയിച്ചത്.
നവാബിന്റെ സേനയുടെ അക്രമം വർധിച്ചതോടെ റാവു ഒളിപ്പോരാളികളുടെ കൂട്ടത്തിലായി. ബോർഡർ മൂവ്മെൻറ് എന്നായിരുന്നു ഇത് അറിയപ്പെട്ടത്.
ഉൾഗ്രാമങ്ങളിലേക്കുപോയ ഇവർ അവിടെയും ആക്രമിക്കപ്പെട്ടു. തുടർന്ന് കുടുംബത്തിന് അവിടെ കഴിയാൻ പറ്റാത്ത അവസ്ഥവന്നു. പിന്നീട് നാടും വീടും ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് കുടുംബത്തിന് ഒന്നടങ്കം അവിടെ നിന്ന് പോകേണ്ടി വന്നു. ചണ്ട എന്ന ഗ്രാമത്തിലായിരുന്നു പിന്നീടവർ താമസിച്ചത്.
നരസിംഹറാവു ബോർഡർ കാമ്പിൽ നിന്ന് സായുധ കലാപത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുക, ആയുധങ്ങൾ പിടിച്ചെടുക്കുക ഒക്കെയായിരുന്നു പദ്ധതികൾ. ജബൽപൂർ, കാട്നി തുടങ്ങിയ ഇടങ്ങളിലായിരുന്നു നിയമിക്കപ്പെട്ടത്. എട്ടു മാസത്തോളം ജബൽപൂരിലായിരുന്നു റാവു.
ഇന്ന് പരിചയപ്പെടന്നവർ നാളെ നമ്മുടെ കഴുത്തറുത്തേക്കാം. അത്ര ഭീതിദമായ അന്തരീക്ഷമായിരുന്നു. അവിടെ ശക്തരായ സുഹൃത്തുക്കളുണ്ടായിരുന്നതിനാൽ താൻ രക്ഷപെട്ടതായി നരസിംഹ റാവു ഓർത്തു.
തുടർന്ന് അവിടെ നിന്ന് ചെന്നൈയിലേക്ക് മാറി. അവിടെ വെച്ചായിരുന്നു അന്ന് ഹൈദറാബാദ് സ്റ്റേറ്റ് കോൺഗ്രസിന്റെ സെൻട്രൽ ഓഫിസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ബോർഡർ ക്യാമ്പുകളിൽ നിന്നുള്ള വാർത്തകൾ ശേഖരിച്ച് നൽകുക എന്നതായിരുന്നു റാവുവിന്റെ ഭൗത്യം. ദിനപ്പത്രങ്ങളിൽ നിന്ന് ഇതൊക്കെ ശേഖരിക്കും.
കേന്ദ്ര ഗവൺമെൻറ് പ്രശ്നത്തിൽ നേരിട്ടിടപെടാൻ കാലതാമസമെടുത്തു. തുടർന്ന് സെപ്റ്റംബർ 13ന് പൊലീസ് ആക്ഷൻ തുടങ്ങി. റാവു അപ്പോൾ ചെന്നെയിലാണ്. പിന്നീട് തിരികെ ചണ്ടയിൽ വന്നു. അവിടെ നിന്ന് പ്രവർത്തകരെയും കുട്ടി കരിംനഗറിലെത്തി. അന്ന് താലൂക്കിന്റെ ചാർജായിരുന്നു റാവുവിന്. പിന്നീട് കോടതിയിലേക്ക് പോയില്ല, രാഷ്ട്രീയത്തിലേക്ക് തന്നെയായിരുന്നു.
പിന്നീട് ആഡ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി, രാജ്യത്തെ പ്രധാനമന്ത്രിയുമായി.