Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസോണിയ ഗാന്ധിക്കൊരു...

സോണിയ ഗാന്ധിക്കൊരു ആമുഖം

text_fields
bookmark_border
സോണിയ ഗാന്ധിക്കൊരു ആമുഖം
cancel

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആധുനിക ചരിത്രത്തിൽ സോണിയ ഗാന്ധിയുടെ സ്ഥാനം നിർവചിക്കുന്നത് അധികാരവുമായുള്ള അവരുടെ സങ്കീർണമായ ബന്ധത്തിലൂടെയാണ്. അധികാരത്തിന്റെ ഏറ്റവും നിർണായകമായ കേന്ദ്രങ്ങളിൽ ദീർഘകാലം നിലകൊണ്ടിട്ടും, അതിന്റെ പരമ്പരാഗതമായ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയശൈലി പൂർണമായും സ്വീകരിക്കാത്ത നേതാവാണ് സോണിയ ഗാന്ധി.

ഇന്ദിരാഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ വ്യക്തിനേതൃത്വത്തിന്റെയും കേന്ദ്രീകൃത അധികാരത്തിന്റെയും പ്രതീകമായി മാറിയപ്പോൾ, സോണിയ ഗാന്ധിയുടെ രാഷ്ട്രീയപ്രവർത്തനം മറ്റൊരു അധികാരവ്യാകരണത്തെയാണ് പ്രതിനിധീകരിച്ചത്. അധികാരം നേരിട്ട് കൈയാളുന്നതിനേക്കാൾ, അതിന്റെ സ്ഥാപനപരമായ വിന്യാസത്തെയും രാഷ്ട്രീയ മുൻഗണനകളെയും സ്വാധീനിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. എന്നാൽ ഈ വ്യത്യാസത്തെ അധികാരത്തോടുള്ള വിരക്തിയായോ ജനാധിപത്യപരമായ വികേന്ദ്രീകരണത്തിന്റെ മാതൃകയായോ വായിക്കുന്നത് ചരിത്രപരമായി കൃത്യമാവില്ല. അധികാരത്തിൽ തുടരാനും പാർട്ടിയുടെ നിയന്ത്രണം നിലനിർത്താനും വ്യത്യസ്തമായ രാഷ്ട്രീയ ഉപകരണങ്ങൾ ഉപയോഗിച്ച നേതൃത്വമായിരുന്നു സോണിയയുടേത്.

അവരുടെ രാഷ്ട്രീയജീവിതത്തെ മനസ്സിലാക്കാൻ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിനപ്പുറം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോൺഗ്രസിന്റെ സംഘടനാപരമായ പരിണാമവും പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയും പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസ് കേവലം ഒരു രാഷ്ട്രീയ പാർട്ടിയല്ലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും ദേശീയതയുടെ ആശയവും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ താൽപ്പര്യങ്ങളും ഉൾക്കൊണ്ട വിശാലമായ രാഷ്ട്രീയ മുന്നണിയായിരുന്നു അത്. എന്നാൽ കാലക്രമേണ ഈ സാമൂഹിക സഖ്യത്തിന്റെ ഘടന ദുർബലമാവുകയും പാർട്ടി ഒരു വ്യക്തികേന്ദ്രീകൃത അധികാരസംവിധാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ ചരിത്രപരമായ മാറ്റത്തിന്റെ നിർണായക ഘട്ടങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധിയുടെ കാലം.

1969-ലെ കോൺഗ്രസ് പിളർപ്പും 1970-കളിലെ അധികാര കേന്ദ്രീകരണവും പാർട്ടിയുടെ സംഘടനാപരമായ സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റി. സംസ്ഥാന ഘടകങ്ങളുടെയും പ്രാദേശിക നേതൃത്വങ്ങളുടെയും സ്വതന്ത്ര രാഷ്ട്രീയശേഷി ദുർബലപ്പെടുകയും ഹൈക്കമാൻഡ് സംസ്കാരം ശക്തിപ്പെടുകയും ചെയ്തു. അടിയന്തരാവസ്ഥ ഈ കേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രകടമായ രാഷ്ട്രീയ രൂപമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പ് വിജയങ്ങളും പാർട്ടിയുടെ സംഘടനാപരമായ ജനാധിപത്യത്തിന് പകരമായി മാറി. അതോടെ കോൺഗ്രസ് ഒരു ബഹുതല രാഷ്ട്രീയ സംവിധാനമെന്ന നിലയിൽ നിന്ന് നേതൃത്വത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിക്കുന്ന ഘടനയിലേക്ക് മാറിത്തുടങ്ങി.

സോണിയ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വത്തിലെത്തുമ്പോഴേക്കും ഈ പ്രതിസന്ധി കൂടുതൽ സങ്കീർണമായിരുന്നു. 1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അവർ 1997-ലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമെടുക്കുന്നത്. 1998-ൽ പാർട്ടി അധ്യക്ഷയായി ചുമതലയേൽക്കുമ്പോൾ കോൺഗ്രസ് നേരിട്ടിരുന്നത് കേവലം തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രശ്നം മാത്രമായിരുന്നില്ല. അതിന്റെ പരമ്പരാഗത സാമൂഹിക അടിത്തറ ശിഥിലമാവുകയും പ്രത്യയശാസ്ത്രപരമായ വ്യക്തത നഷ്ടപ്പെടുകയും ചെയ്തിരുന്നു. 1991-ലെ സാമ്പത്തിക ഉദാരവൽക്കരണത്തിനുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ചർച്ചകൾ വഴിമാറി സഞ്ചരിച്ച് തുടങ്ങിയിരുന്നു.

അതേസമയം, ബാബരി മസ്ജിദിന്റെ തകർച്ചക്കുശേഷം ഹിന്ദുത്വ രാഷ്ട്രീയം ദേശീയതയുടെ നിർവചനത്തെയും മതേതര രാഷ്ട്രീയത്തിന്റെ സാധ്യതകളെയും പുനർനിർവചിച്ചുകൊണ്ട് ഇന്ത്യൻ സാമൂഹിക ഉള്ളടക്കത്തെ കൂടുതൽ സങ്കീർണമായി മാറ്റുന്നുണ്ട്. അതോടൊപ്പം മണ്ഡൽ രാഷ്ട്രീയത്തിന്റെ വളർച്ചയും പ്രാദേശിക പാർട്ടികളുടെ ശക്തിപ്പെടലും കോൺഗ്രസിന്റെ പരമ്പരാഗത രാഷ്ട്രീയ മേൽക്കോയ്മയെ കൂടുതൽ വെല്ലുവിളിച്ചു.

ഈ സാഹചര്യത്തിൽ സോണിയയുടെ നേതൃത്വത്തെ ഒരു കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സ്വാഭാവിക തുടർച്ചയായി മാത്രം കാണുന്ന ചരിത്ര വായനയിൽ ചെറുതല്ലാത്ത പിശകുണ്ട്. സംഘടനാപരമായി ദുർബലമായിക്കൊണ്ടിരുന്ന പാർട്ടിയെ വീണ്ടും അധികാരമത്സരത്തിന് പ്രാപ്തമാക്കുക എന്നതായിരുന്നു അവരുടെ അടിയന്തര രാഷ്ട്രീയദൗത്യം. സീതാറാം കേസരിയുടെ നേതൃത്വകാലത്തുണ്ടായ ആഭ്യന്തര സംഘർഷങ്ങളും സംഘടനയിലെ വിഭാഗീയതയും കോൺഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ ചരിത്രപരമായ സ്വീകാര്യതയും ദേശീയതലത്തിലുള്ള രാഷ്ട്രീയ മേൽവിലാസവും ഉപയോഗപ്പെടുത്തിയാണ് സോണിയ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ആ പുനഃസംഘടന പാർട്ടിയുടെ ആന്തരിക ജനാധിപത്യത്തെ ശക്തിപ്പെടുത്തിയോ അതോ കുടുംബകേന്ദ്രീകൃത നേതൃത്വത്തെ പുനഃസ്ഥാപിച്ചോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ഇവിടെ സോണിയയുടെ രാഷ്ട്രീയത്തിന്റെ പ്രധാന വൈരുധ്യം കാണാം. ഇന്ദിരാഗാന്ധിയുടെ കാലത്ത് ശക്തിപ്പെട്ട ഹൈക്കമാൻഡ് സംസ്കാരത്തെ അവർ പൂർണമായി പൊളിച്ചെഴുതിയില്ല. മറിച്ച്, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ അതിനെ പ്രവർത്തനക്ഷമമായി നിലനിർത്തുകയായിരുന്നു. എന്നാൽ അതിനായി ഇന്ദിരയുടെ കാലത്തെ ഏകപക്ഷീയമായ അധികാരപ്രയോഗം സാധ്യമല്ലായിരുന്നു. 1990-കൾക്കുശേഷം ഇന്ത്യൻ രാഷ്ട്രീയം സഖ്യകക്ഷികളുടെ നിർണായക പങ്കാളിത്തത്തിലേക്ക് മാറിയിരുന്നു. പ്രാദേശിക പാർട്ടികളുടെ വളർച്ച ദേശീയ പാർട്ടികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി. അതിനാൽ അധികാരം നിലനിർത്തുന്നതിന് രാഷ്ട്രീയമായ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും പുതിയ പ്രാധാന്യം കൈവന്നു.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഈ മാറ്റത്തിന്റെ നിർണായക ഉദാഹരണമാണ്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ‘ഇന്ത്യ ഷൈനിങ്’ എന്ന പ്രചാരണത്തിലൂടെ സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും ആഖ്യാനം മുന്നോട്ടുവെച്ചപ്പോഴും, ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക അസമത്വങ്ങളും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ നിർണയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു.പി.എ) ഈ അസംതൃപ്തികളെ രാഷ്ട്രീയമായി ഏകോപിപ്പിക്കുന്നതിൽ വിജയിച്ചു. ശരദ് പവാറിന്റെ എൻ.സി.പി, കരുണാനിധിയുടെ ഡി.എം.കെ, ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ ശക്തികളെയും ഇടതുപക്ഷത്തെയും ഒരുമിച്ചുനിർത്താൻ സോണിയക്ക് കഴിഞ്ഞത് ഈ കാലഘട്ടത്തിലെ അവരുടെ പ്രധാന രാഷ്ട്രീയ നേട്ടങ്ങളിലൊന്നാണ്.

എന്നാൽ ഈ വിജയം കോൺഗ്രസിന്റെ മാത്രം രാഷ്ട്രീയ പുനരുജ്ജീവനമായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾ നേടിയ സ്വാധീനവും ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകോപനവും സാമൂഹിക-സാമ്പത്തിക അസംതൃപ്തികളും ചേർന്നുണ്ടാക്കിയ സഖ്യവിജയമായിരുന്നു അത്. അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയക്ക് കഴിഞ്ഞുവെന്നതാണ് അവരുടെ രാഷ്ട്രീയശേഷിയുടെ പ്രധാന തെളിവ്.

2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരിക്കാനുള്ള സോണിയയുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നാണ്. അതിനെ വ്യക്തിപരമായ ത്യാഗത്തിന്റെ ആഖ്യാനത്തിലേക്ക് ചുരുക്കുന്നത് രാഷ്ട്രീയപരമായ വിശകലനത്തിന് സഹായകരമാവില്ല. വിദേശജന്മം മുൻനിർത്തിയുള്ള ബി.ജെ.പിയുടെയും മറ്റു രാഷ്ട്രീയ എതിരാളികളുടെയും ആക്രമണം അന്ന് ശക്തമായിരുന്നു. സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരായ രാഷ്ട്രീയ പ്രചാരണം പുതിയ സർക്കാരിന്റെ പ്രവർത്തനത്തെയും സഖ്യത്തിന്റെ നിലനിൽപ്പിനെയും ബാധിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരിക്കാനുള്ള തീരുമാനം രാഷ്ട്രീയപരമായ അപകടസാധ്യതകൾ കുറക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായും വായിക്കാം.

മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിർദേശിച്ച സോണിയ, കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ നേതൃത്വവും യു.പി.എ അധ്യക്ഷ എന്ന നിലയിൽ സഖ്യത്തിന്റെ ഏകോപനവും തുടർന്നു. അതോടൊപ്പം 2004-ൽ രൂപീകരിക്കപ്പെട്ട നാഷണൽ അഡ്വൈസറി കൗൺസിലിന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചു. ഭരണകൂടത്തിന്റെയും പാർട്ടിയുടെയും ഇടയിൽ രൂപപ്പെട്ട ഈ അധികാരവിന്യാസം ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ സവിശേഷമായ ഒരു മാതൃകയായിരുന്നു. പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ അധികാരവും മന്ത്രിസഭയുടെ ഉത്തരവാദിത്തവും ഉണ്ടായിരുന്നപ്പോൾ, സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനകളിലും നയപരമായ ദിശയിലും കോൺഗ്രസ് നേതൃത്വത്തിന് വലിയ സ്വാധീനം നിലനിർത്താൻ കഴിഞ്ഞു.

ഈ സംവിധാനത്തെ ഭരണഘടനാപരമായ ഉത്തരവാദിത്തവും രാഷ്ട്രീയ നിയന്ത്രണവും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നിട്ടും സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ സോണിയക്ക് കഴിഞ്ഞു. അതേസമയം, സർക്കാരിന്റെ പ്രവർത്തനപരമായ പരാജയങ്ങളുടെ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യം പരിമിതപ്പെടുത്താനും ഈ അധികാരവിന്യാസം സഹായിച്ചു. അതിനാൽ 2004-ലെ തീരുമാനം അധികാരം ഉപേക്ഷിച്ചതിന്റെ ചരിത്രമല്ല; അധികാരത്തിന്റെ സ്വഭാവവും പ്രയോഗരീതിയും മാറ്റിയതിന്റെ ചരിത്രമാണ്.

യു.പി.എ ഭരണത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സവിശേഷത അതിന്റെ അവകാശാധിഷ്ഠിത നിയമനിർമാണങ്ങളായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം എന്നിവയുടെ രൂപീകരണത്തിലും രാഷ്ട്രീയ മുന്നേറ്റത്തിലും നാഷണൽ അഡ്വൈസറി കൗൺസിൽ നിർണായകമായ പങ്കുവഹിച്ചു. ഇവയെ സോണിയയുടെ വ്യക്തിപരമായ സംഭാവനകളായി മാത്രം വിശേഷിപ്പിക്കുന്നത് അവയുടെ ചരിത്രപരമായ അടിത്തറയെ അവഗണിക്കുന്നതാണ്. ദശകങ്ങളായി നിലനിന്ന സാമൂഹിക പ്രസ്ഥാനങ്ങൾ, തൊഴിലാളി സംഘടനകൾ, ആദിവാസി അവകാശ സമരങ്ങൾ, വിവരാവകാശ പ്രവർത്തകർ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമ്മർദം എന്നിവയും ഈ നിയമനിർമാണങ്ങളുടെ പിന്നിലുണ്ടായിരുന്നു.

എങ്കിലും ഈ ആവശ്യങ്ങളെ ഭരണകൂടത്തിന്റെ ഔദ്യോഗിക നയപരിപാടിയുടെ ഭാഗമാക്കുന്നതിൽ സോണിയയുടെയും എൻ.എ.സി.യുടെയും ഇടപെടൽ നിർണായകമായിരുന്നു. പ്രത്യേകിച്ച്, സാമ്പത്തിക വളർച്ചയെ മാത്രം വികസനത്തിന്റെ മാനദണ്ഡമാക്കുന്ന നവലിബറൽ സാമ്പത്തിക യുക്തിക്കുള്ളിൽ സാമൂഹിക അവകാശങ്ങളുടെ ചർച്ചക്ക് ഇടം സൃഷ്ടിക്കപ്പെട്ടു. വിപണിയുടെ വളർച്ചയിൽനിന്ന് സ്വാഭാവികമായി താഴെത്തട്ടിലുള്ളവർക്ക് നേട്ടമുണ്ടാകുമെന്ന ധാരണക്കുപകരം, തൊഴിൽ, ഭക്ഷണം, വിവരലഭ്യത, ഭൂമിയുടെയും വനവിഭവങ്ങളുടെയും അവകാശം എന്നിവയിൽ ഭരണകൂടത്തിന് വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്ന സമീപനമാണ് ഈ നിയമങ്ങൾ മുന്നോട്ടുവെച്ചത്.

ഇതിനെ നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരാഗമനമായി വിശേഷിപ്പിക്കുന്നതിലും പരിമിതികളുണ്ട്. കാരണം, യു.പി.എ സർക്കാർ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ അടിസ്ഥാന ചട്ടക്കൂട് ഉപേക്ഷിച്ചിരുന്നില്ല. സ്വകാര്യവൽക്കരണവും വിദേശനിക്ഷേപവും വിപണിയധിഷ്ഠിത പരിഷ്കാരങ്ങളും തുടർന്ന അതേ സർക്കാരാണ് സാമൂഹിക സുരക്ഷക്കും അവകാശാധിഷ്ഠിത നിയമനിർമാണങ്ങൾക്കും പ്രാധാന്യം നൽകിയത്. അതിനാൽ യു.പി.എയുടെ നയസമീപനം നവലിബറലിസത്തിന്റെ പൂർണമായ നിരാകരണമായിരുന്നില്ല; അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെ നിയന്ത്രിക്കാനുള്ള ഒരു രാഷ്ട്രീയ തിരുത്തലായിരുന്നു. ഈ വൈരുധ്യമാണ് സോണിയയുടെ രാഷ്ട്രീയത്തെ കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാക്കുന്നത്.

എന്നാൽ ഈ അവകാശാധിഷ്ഠിത നയങ്ങളുടെ പ്രയോഗം നിരവധി പരിമിതികൾ നേരിട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കലിലെ ക്രമക്കേടുകൾ, ഭക്ഷ്യവിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ, വനാവകാശ നിയമത്തിന്റെ അപൂർണമായ നടപ്പാക്കൽ, ഭരണസംവിധാനത്തിന്റെ കാര്യക്ഷമതക്കുറവ് എന്നിവ നയപരമായ പ്രഖ്യാപനങ്ങളും യാഥാർഥ്യവും തമ്മിലുള്ള വിടവ് വെളിപ്പെടുത്തി. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങളും ഭരണപരമായ പ്രതിസന്ധികളും ഈ സാമൂഹിക നയങ്ങളുടെ രാഷ്ട്രീയ വിശ്വാസ്യതയെ ബാധിച്ചു. അതിനാൽ സോണിയയുടെ നേതൃത്വത്തെ വിലയിരുത്തുമ്പോൾ അതിന്റെ നേട്ടങ്ങൾക്കൊപ്പം ഭരണപരമായ പരിമിതികളും രാഷ്ട്രീയ ഉത്തരവാദിത്തവും പരിശോധിക്കേണ്ടതുണ്ട്.

സോണിയയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ മറ്റൊരു പ്രധാന വശമാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും രാഷ്ട്രീയ രൂപീകരണം. ഇരുവരെയും ഒരേ കുടുംബപാരമ്പര്യത്തിന്റെ വ്യത്യസ്ത അവതാരങ്ങളായി മാത്രം കാണുന്നത് അവരുടെ രാഷ്ട്രീയ ഇടപെടലുകളിലെ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് തടസ്സമാകും. പ്രിയങ്ക ഗാന്ധിയുടെ പൊതുപ്രവർത്തനശൈലി ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. പ്രസംഗശൈലി, ശരീരഭാഷ, പൊതുജനങ്ങളുമായുള്ള ഇടപെടൽ എന്നിവയിൽ ഈ താരതമ്യത്തിന് ചില അടിസ്ഥാനങ്ങളുണ്ടെങ്കിലും അതിനെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ തുടർച്ചയായി കാണാനാവുമോ എന്ന തീർപ്പിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നില്ല.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയാകട്ടെ കോൺഗ്രസിന്റെ പരമ്പരാഗത അധികാരഘടനയുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. സംഘടനയ്ക്കുള്ളിലെ അധികാരദല്ലാളന്മാരോടും രാഷ്ട്രീയ അവസരവാദത്തോടും വിമർശനാത്മകമായി ഇടപെടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കോൺഗ്രസിന്റെ നേതൃത്വശൈലിയിൽ ചില മാറ്റങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. അതോടൊപ്പം സാമൂഹിക നീതി, ജാതി സെൻസസ്, സാമ്പത്തിക അസമത്വം, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ കോൺഗ്രസിന്റെ രാഷ്ട്രീയ സംവാദത്തെ കൂടുതൽ പ്രത്യയശാസ്ത്രപരമാക്കാനുള്ള ശ്രമങ്ങളായി വായിക്കാം.

അതേസമയം, രാഹുൽ ഗാന്ധിയിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം സോണിയയുടെ ആശയങ്ങളുടെ നേരിട്ടുള്ള തുടർച്ചയായി അവതരിപ്പിക്കുന്നതിന് മതിയായ സാധ്യതകൾ നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയ മേൽക്കോയ്മയും കോൺഗ്രസിന്റെ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള പുതിയ ബന്ധങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാൽ കുടുംബത്തിനുള്ളിലെ ആശയപരമായ കൈമാറ്റം എന്നതിലുപരി, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമായി രാഹുലിന്റെ രാഷ്ട്രീയ പരിവർത്തനത്തെ വിലയിരുത്തുമ്പോൾ തന്നെ രാഹുലിന്റെ കാര്യത്തിൽ ഇന്ദിര ഗാന്ധിയെക്കാൾ കൂടിയ അളവിൽ 'സോണിയ ഫാക്ടർ' നിലനിന്നിരുന്നു എന്നതിനെ എളുപ്പം നിഷേധിക്കുക അസാധ്യമാണ്.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു നിർണായക ഘടകം അവരുടെ വിദേശജന്മത്തെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുകയും ചെയ്തിട്ടും അവരുടെ ദേശീയത രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ ചർച്ചാവിഷയമായി തുടർന്നു. ഈ ആക്രമണങ്ങൾ അവരുടെ രാഷ്ട്രീയ നിയമസാധുതയെ ചോദ്യം ചെയ്യാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെട്ടു. എന്നാൽ അതിനെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞത് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, കോൺഗ്രസിന്റെ സംഘടനാപരമായ പിന്തുണയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വീകാര്യതയും കാരണമാണ്. ഇന്ത്യൻ ദേശീയതയുടെ നിർവചനത്തിൽ ജന്മം, പൗരത്വം, രാഷ്ട്രീയ പങ്കാളിത്തം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വലിയൊരു ചർച്ചയും ഈ വിവാദങ്ങൾ തുറന്നുവെച്ചു.

സോണിയയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനം അതിനാൽ ഒരു വ്യക്തിയുടെ അധികാരാരോഹണത്തിന്റെയോ കുടുംബത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെയോ ചരിത്രത്തിൽ അവസാനിക്കുന്ന ഒന്നല്ല. ഇന്ത്യയിൽ മതേതരത്വത്തിന്റെ രാഷ്ട്രീയ സാധ്യതകൾ ചുരുങ്ങുകയും ഹിന്ദുത്വം ദേശീയതയുടെ പ്രബലമായ നിർവചനമായി മാറുകയും ചെയ്ത കാലഘട്ടത്തിൽ കോൺഗ്രസ് എങ്ങനെ സ്വയം പുനർനിർവചിക്കാൻ ശ്രമിച്ചു എന്നതിന്റെ കൂടി ചരിത്രമാണത്. അതിൽ സോണിയയുടെ പങ്ക് നിർണായകമായിരുന്നെങ്കിലും, ആ ശ്രമം പൂർണമായും വിജയിച്ചുവെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യങ്ങൾ, കുടുംബകേന്ദ്രീകൃത നേതൃത്വം, പ്രാദേശിക ഘടകങ്ങളുടെ ശോഷണം, പ്രത്യയശാസ്ത്രപരമായ അവ്യക്തത എന്നിവ അവരുടെ നേതൃത്വകാലത്തും പരിഹരിക്കപ്പെടാതെ തുടർന്നു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ വിലയിരുത്തുമ്പോൾ ഈ വൈരുധ്യങ്ങൾ ഒരുമിച്ച് കാണേണ്ടതുണ്ട്. ഒരു വശത്ത്, സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ കൈകാര്യം ചെയ്യാനും സാമൂഹിക അവകാശങ്ങളെ ദേശീയ നയപരിപാടിയുടെ ഭാഗമാക്കാനും കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാനും അവർക്ക് കഴിഞ്ഞു. മറുവശത്ത്, പാർട്ടിയുടെ സംഘടനാപരമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും നേതൃത്വത്തിന്റെ കുടുംബപരമായ ആശ്രിതത്വം മറികടക്കുന്നതിലും അവർ പരിമിതപ്പെട്ടു. അധികാരത്തിന്റെ വ്യക്തികേന്ദ്രീകരണത്തെ ചോദ്യം ചെയ്യാതെ അതിന്റെ പ്രയോഗരീതിയിൽ മാറ്റം വരുത്തിയ നേതൃത്വമായിരുന്നു അവരുടേത്.

ഈ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് രാഷ്ട്രീയ ചരിത്രത്തിൽ പ്രസക്തിയുണ്ടാകുന്നത്. അത് ഒരു രാഷ്ട്രീയ കുടുംബത്തിന്റെ സ്വകാര്യ ഓർമകളുടെ സമാഹാരമെന്നതിലുപരി, ആഗോളവൽക്കരണാനന്തര ഇന്ത്യയിലെ അധികാരവിന്യാസങ്ങൾ, കോൺഗ്രസിന്റെ സംഘടനാപരമായ പ്രതിസന്ധികൾ, സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പ്രവർത്തനരീതികൾ, യു.പി.എ സർക്കാരിന്റെ നയരൂപീകരണം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച എന്നിവയെക്കുറിച്ചുള്ള അകത്തുനിന്നുള്ള വിവരണമായി മാറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നിട്ടും സർക്കാരിന്റെ രാഷ്ട്രീയ ദിശയെ സ്വാധീനിച്ച അധികാരവിന്യാസം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അവരുടെ വിശദീകരണം ചരിത്രപരമായി പ്രധാനമാണ്.

സോണിയ ഗാന്ധിയെ മനസ്സിലാക്കുക എന്നത് നെഹ്റു കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച്, ഇന്ത്യൻ ജനാധിപത്യത്തിൽ പാർട്ടികളും കുടുംബങ്ങളും സ്ഥാപനങ്ങളും സഖ്യങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള അധികാരബന്ധങ്ങളെ വിശകലനം ചെയ്യുകയാണ്. അവരുടെ രാഷ്ട്രീയജീവിതം ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അധികാരം ആരുടെ കൈയിലായിരുന്നു എന്നതല്ല; ഭരണഘടനാപരമായ അധികാരവും രാഷ്ട്രീയ നിയന്ത്രണവും സംഘടനാപരമായ നേതൃത്വവും എങ്ങനെയാണ് പരസ്പരം വേർതിരിക്കപ്പെടുകയും വീണ്ടും ബന്ധിപ്പിക്കപ്പെടുകയും ചെയ്തത് എന്നതാണ്. ആ ചോദ്യത്തിനുള്ള ഉത്തരങ്ങൾ തേടുമ്പോഴാണ് സോണിയ ഗാന്ധി ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന പഠനവിഷയമായി മാറുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:sonia gandhi Congress Rajiv Gandhi Indira Gandhi nehru family 
Next Story