കാലത്തിന്റെ ചോദ്യങ്ങൾ; മനഃസാക്ഷിയുടെയും
text_fieldsകാലം ആവശ്യപ്പെടുന്ന ചില പുസ്തകങ്ങളുണ്ട്. ഗ്രന്ഥരചനാ മേഖലയിൽ വ്യാപൃതരാകാത്ത ചിലരിൽനിന്നായിരിക്കും അതുണ്ടാവുക, ചിലപ്പോൾ. അത്തരം ഒരു പുസ്തകം എനിക്ക് പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചു. മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരത്തിന്റെ ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ അത്തരത്തിൽ ഒന്നാണെന്ന് തോന്നി. ആർ.എസ്.എസ് അതിന്റെ രൂപവത്കരണത്തിന്റെ നൂറ്റാണ്ട് ഈ വർഷം തികക്കുകയാണ്. ആ സാഹചര്യത്തിലാണ് ഹിന്ദുത്വം, ഉത്ഭവം, വികാസം, അധികാരം എന്നിവ സവിസ്തരം പഠന വിധേയമാക്കുന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്. ജനാധിപത്യവും സെക്കുലറിസവും ശീതീകരണിയിൽ കഴിയുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ ഭീകരാക്രമണം ഗാന്ധിവധമായിരുന്നു. കൊന്നത് നാഥുറാം വിനായക് ഗോദ്സെയും. ഗാന്ധിയെ തമസ്കരിക്കുകയും ഗോദ്സെയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഇന്ത്യയിലുള്ളത്.
ഗോദ്സെ മഹത്ത്വവത്കരിക്കുന്ന ഒരു പാർലമെന്റംഗം –പ്രജ്ഞാസിങ് ഠാകുർ –ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ഗോദ്സെ എന്റെ ആദർശപുരുഷൻ എന്ന് സ്കൂളിൽ പ്രസംഗ മത്സരത്തിന് വിഷയം കൊടുത്തത് ഗുജറാത്തിലാണ്. കേരളത്തിൽപോലും ഗോദ്സെ ആരാധകർ കൂടിവരുകയാണ്. എൻ.ഐ.ടിയുടെ മെക്കാനിക്കൽ എൻജിനീയറിങ് പ്രഫ. ഷൈജ ആണ്ടവന്റെ സമൂഹമാധ്യമ കമന്റ്, ഗോദ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട് എന്നായിരുന്നു. ഇന്ത്യയെ ഒറ്റക്കെട്ടായി നിർത്താൻ ഗാന്ധിവധം അല്ലാതെ മറ്റു മാർഗമില്ല എന്ന് ട്വീറ്റ് ചെയ്തത് പ്രഫ. ശാന്തിശ്രീ ദുലി പുടി പണ്ഡിറ്റ് ആണ്. അവരിന്ന് ജെ.എൻ.യു വൈസ്ചാൻസലറാണ്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയുടെ ഛായാചിത്രത്തിനു നേരെ നിറയൊഴിച്ചത് ഉത്തരേന്ത്യയിൽ വലിയ വാർത്തയായിരുന്നില്ല. അതേസമയം ഗോദ്സെയെ തൂക്കിലേറ്റിയദിനം ബലിദാന ദിനമായി മാറിയിരിക്കുന്നു. മീററ്റിൽ ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കുമ്പോൾ വലിയ വാർത്തയായിരുന്നില്ല. നമ്മുടെ പ്രിയപ്പെട്ട ഗാന്ധിയൻമാർ ഇതൊന്നും അറിയാതെയോ അറിഞ്ഞിട്ടും അറിയാതെ നടിച്ചോ നടക്കുകയാണ്.
ഗാന്ധിയെ തമസ്കരിച്ച് നെഹ്റുവിനെ പരിഹസിച്ച് അബുൽ കലാം ആസാദിന്റ പേരുപോലും ഉച്ചരിക്കാൻ അനുവദിക്കാതെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ ഭയപ്പെടുന്നത് അക്ഷരങ്ങളെയാണ്. അസഹിഷ്ണുതയുടെ കൂർത്ത ത്രിശൂലങ്ങൾ എഴുത്തുകാരോട് എഴുതരുതെന്ന് പറയുന്നു. അന്ധവിശ്വാസങ്ങളെ എതിർത്തതിന് പ്രാതൽ കഴിക്കവെ കൽബുർഗിയെ വെടിവെച്ചുകൊന്നു. പ്രഭാതസവാരിയിൽ കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെയെ വെടിയുതിർത്ത് കൊന്നു. മഹാരാഷ്ട്രയിൽ നരേന്ദ്ര ദാഭോൽകറെ വെടിവെച്ചു കൊല്ലുന്നു. പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊല്ലുന്നു. 1948 ജനുവരി 30ന് ഗാന്ധിയെ കൊന്ന തോക്ക് ഇപ്പോഴുമുണ്ട് എന്നാണ് മനസ്സിലാകുന്നത്. പെരുമാൾ മുരുകൾ കുറേകാലം എഴുത്തുനിർത്തി.
സാഹിത്യം, ചരിത്രം, ശാസ്ത്രം സകലമണ്ഡലങ്ങളിലും ഫാഷിസത്തിന്റെ കൈ നീണ്ടുവരുമ്പോൾ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കുറ്റകരമായ മൗനത്തെ ഭേദിച്ചുകൊണ്ടാണ് ഈ പുസ്തകം പുറത്തുവരുന്നത്. ഫാഷിസം, ഹിന്ദുത്വം എന്ന് പലതവണ കേൾക്കുമ്പോൾ എന്താണതെന്നും, ചരിത്രവും വസ്തുതയും എന്താെണന്നും ഒരുനൂറ്റാണ്ട് അവർ രാജ്യത്ത് നിർവഹിച്ചത് എന്താെണന്നും പറയുന്ന ആഴമുള്ള പുസ്തകങ്ങൾ മലയാളത്തിലില്ല. ആർ.എസ്.എസ് രൂപവത്കരണത്തിന്റെ വംശീയ അടിത്തറ വലിച്ചുപുറത്തിടുന്നു ഈ പുസ്തകം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനൊപ്പം അത് സഞ്ചരിച്ചതിനെ ഉപമിച്ചിരിക്കുന്നത് പെരുമ്പാമ്പിനെ വളർത്തിയ മനുഷ്യനെ വിഴുങ്ങാൻ അയാളറിയാതെ അളവെടുക്കുന്ന കഥകൊണ്ടാണ്.
1933ലെ ഹിറ്റ്ലറെ അധികാരത്തിലേറ്റിയ അതേ ജർമനിയുടെ തിരക്കഥയനുസരിച്ചാണ് ഇവിടെയും കാര്യങ്ങൾ നീങ്ങുന്നത്. ഗീബൽസിന്റെ അതേ തന്ത്രങ്ങളാണ് ഇവിടെയും അനുവർത്തിച്ചത്. ഗീബൽസിന്റെ അതേ തന്ത്രങ്ങളാണ് യു.പിയിലടക്കം വടക്കേ ഇന്ത്യയിൽ പയറ്റിക്കൊണ്ടിരിക്കുന്നത്. ഒരുവിഭാഗം മറ്റൊരു വിഭാഗത്തിന്റെ ശത്രുക്കളാെണന്ന് പ്രചരിപ്പിച്ച് നടത്തുന്ന അപരവത്കരണം. ഇത്രയേറെ മതങ്ങളും ജാതികളുമുള്ള ഇന്ത്യയിൽ ഈ തന്ത്രം വിലപ്പോകുമോ എന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളുണ്ടാകും. ഇന്ത്യയിലേതിനേക്കാൾ ബുദ്ധിജീവികളുണ്ടായിരുന്ന നാടാണ് ജർമനി. മാക്സ് പ്ലാങ്ക്, ഐൻസ്റ്റൈൻ, ഗെയ്ഥെ, മൊസാർട്ട്, ബീഥോവൻ, കാൾ മാക്സ് എന്നീ നീണ്ട പട്ടികയുണ്ട് ജർമൻ ബുദ്ധിമണ്ഡലത്തിൽ. അങ്ങനെയുള്ള ജർമനിയിൽ ഒരുവിഭാഗത്തെ അപരവത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ പുസ്തകം പ്രസക്തമാകുന്നത്.
ഈ പുസ്തകത്തിൽ മറാത്ത ദേശീയവാദത്തിന്റെ ഇറ്റാലിയൻ ബന്ധങ്ങളെ കുറിച്ച് ഒരു അധ്യായമുണ്ട്. മറാത്ത ഹിന്ദുദേശീയവാദത്തിന്റെ രൂഢമൂലമായ ഇറ്റലിബന്ധത്തെ കുറിച്ച്. ഉന്മൂലന സിദ്ധാന്തത്തിന്റെ ഉന്മാദ രൂപത്തെകുറിച്ച്, ഗോൾവാൾക്കറെ പറ്റി, ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിയാർജിക്കുന്നതിനിടയിൽ മുഞ്ചെ ഇറ്റലിയിൽ പോയി മുസോളിനിയെ കണ്ടതിനെക്കുറിച്ച് ഒക്കെ എഴുതിയിട്ടുണ്ട്. രേഖകളുടെ പിൻബലത്തിൽ ഇന്ത്യൻ ഫാഷിസത്തിന്റെ വേരുകൾതേടുകയാണ് ഈ പുസ്തകം. പരശുരാമനിലൂടെ ആർ.എസ്.എസിന്റെ വംശീയ സ്വത്വം ആവിഷ്കരിക്കുന്ന പുസ്തകം ആർ.എസ്.എസിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്നുണ്ട്.
ആർ.എസ്.എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആർ.എസ്.എസ് അധികാരത്തിലെത്തിയ കഥയല്ല, അതിനു കാരണക്കാരായ പ്രതികളെയും പുസ്തകം അനാവരണം ചെയ്യുന്നു. 456 പേജുകളിൽ വിന്യസിച്ചിരിക്കുന്ന അധ്യായങ്ങൾ സമകാലിക പ്രശ്നങ്ങളെ കേന്ദ്രമാക്കി അതിന്റെ ചരിത്രത്തെ വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ബ്രാഹ്മണ ദേശീയത, ബ്രിട്ടീഷ് ഇന്ത്യയിലെ സാമുദായിക പ്രശ്നങ്ങൾ, വി.ഡി. സവർക്കർ, ഹെഡ്ഗേവാർ, വിഭജന ഭീതി, ക്വിറ്റിന്ത്യ സമരം, അയോധ്യയിലെ പ്രാണപ്രതിഷ്ഠ, ജനാധിപത്യത്തിന്റെ ജീവൻ തുടങ്ങിയവ ആഴത്തിൽ പരിശോധിക്കുന്നു. രണ്ടര പതിറ്റാണ്ട് എടുത്തു തയാറാക്കിയ പുസ്തകം അലസമായ വായനക്കുള്ളതല്ല, കാലം ആവശ്യപ്പെടുന്ന പുസ്തകമാണിത്.