ധീരജീവിതം വീണ്ടും വെളിച്ചപ്പെടുമ്പോൾ
text_fieldsവീരപുത്രന്റെ പാദമുദ്രകൾ
എഡിറ്റർ: ടി.കെ.എ. അസീസ്
വചനം പബ്ലിഷിങ് ഹൗസ്
ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മലയാളം സമ്മാനിച്ച ധീര ജീവിതമാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. ദാക്ഷിണ്യമില്ലാത്ത നീതിനിഷ്ഠയോടെ, വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യ ബോധത്തോടെ സ്വജീവിതം ദേശസേവനത്തിന് ബലിയാക്കിയ ഇന്ത്യയിലെ സമരനേതാക്കളിൽ അതുല്യനാണ് അദ്ദേഹം.
ഇപ്പോൾ അബ്ദുറഹിമാൻ സാഹിബ് തിരിച്ചുപോയിട്ട് എൺപതാണ്ടിനോടടുത്തെത്തിയ ഇക്കാലത്തു പോലും ഒരു പുതിയ ചരിത്രപുസ്തകം പ്രസാധിതമായിരിക്കുന്നു. എഴുത്തുകാരനും ഗാന്ധിയനുമായ ടി.കെ.എ. അസീസ് എഡിറ്റ് ചെയ്ത് കോഴിക്കോട് വചനം പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ‘വീരപുത്രന്റെ മുദ്രകൾ’ എന്ന ഈ പുസ്തകം ഒരിക്കൽകൂടി മലയാളികളുടെ സാംസ്കാരിക പരിസരത്തിലേക്ക് അബ്ദുറഹിമാൻ സാഹിബിനെ പുനരവതരിപ്പിച്ചിരിക്കുന്നു. അബ്ദുറഹിമാൻ സാഹിബ് വിടവാങ്ങിയപ്പോൾ അദ്ദേഹത്തോടൊപ്പം സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു സ്വപ്നംകണ്ട് പ്രവർത്തിച്ച മഹാരഥന്മാർ എഴുതിയ ലേഖനങ്ങൾ ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.
അതിൽ ശ്രദ്ധേയമായ ഒരു പ്രബന്ധം കെ.എ. ദാമോദര മേനോന്റേതാണ്. അദ്ദേഹവുമായി അടുത്തിടപഴകി പ്രവർത്തിച്ച മേനോൻ ഇതിൽ നടത്തുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. ‘‘കാൽ നൂറ്റാണ്ട് നീളമാർന്ന പൊതുജീവിതത്തിൽ ഏറെ വർഷങ്ങൾ കാരാഗൃഹത്തിൽ കിടന്ന സാഹിബ് സാധാരണ മനുഷ്യർ കൊതിക്കുന്ന ജീവിതസുഖങ്ങൾ ഒന്നും വ്യാമോഹിച്ച ഒരാളല്ല. അങ്ങനെ നോക്കുമ്പോൾ അദ്ദേഹം ഒരു സന്യാസിയായിരുന്നു. നാടിനുവേണ്ടി പ്രവർത്തിക്കുക എന്നതൊഴിച്ച് അദ്ദേഹത്തിന് ഒരു ജീവിതലക്ഷ്യങ്ങളും ഉണ്ടായില്ല. അതിൽ വരുന്ന കഷ്ടനഷ്ടങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത നിർഭയനായിരുന്നു സാഹിബ്. അതിന്റെ അടിസ്ഥാനം അഗാധമായ ദൈവവിശ്വാസമായിരുന്നു’’ എന്നുകൂടി മേനോൻ നിരീക്ഷിക്കുന്നു. തടവുജീവിതവും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
സന്തത സഹചാരിയും വത്സല ശിഷ്യനുമായിരുന്ന ഇ. മൊയ്തു മൗലവി തന്റെ ജീവിത ഗുരുവിനെപ്രതി കരൾ പിഴിഞ്ഞെഴുതിയ ഒരു ദീർഘ പ്രബന്ധം ഈ പുസ്തകത്തിന്റെ തിലകമാണ്. ഏതാണ്ട് അരനൂറ്റാണ്ടു മുമ്പ് അദ്ദേഹം എഴുതിയതും ഇപ്പോൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ലാത്തതുമായ ഈ പ്രബന്ധം സാഹിബിന്റെ ജീവിതപർവം അതിന്റെ സർവ വിമലതയോടെയും നമ്മോട് സംസാരിക്കുന്നു.
പുസ്തകത്തിൽ വി.എസ്. കേരളീയന്റെ ഒരു സാഹിബ് സ്മൃതിയുണ്ട്. ആ അനുസ്മരണം വായിക്കുമ്പോൾ നാം തരിച്ചിരുന്നു പോകും. അനുഗാമികളുടെ എണ്ണമല്ല, ലക്ഷ്യത്തിന്റെ പാവനതയാണ് അദ്ദേഹത്തെ നയിച്ചത്. ദീർഘമായ പരിചിന്തനത്തിന് ശേഷമേ സാഹിബ് ഒരു തീരുമാനമെടുക്കൂ. തീരുമാനിച്ചാൽ പിന്നെ നീക്കുപോക്കില്ല; അതിൽ എന്തുവന്നാലും. ഉപ്പ് സത്യഗ്രഹത്തിൽ ചാട്ടകൊണ്ട് ദേഹം വിണ്ടപ്പോഴും തടവറയിൽ വെച്ച് കൈയിലും കാലിലും ഇരുമ്പ് ചങ്ങലകൾ കുറുക്കിയപ്പോഴും അക്ഷോഭ്യനായിരിക്കാൻ സാഹിബിന് സാധിച്ചത് ഇതുകൊണ്ടാണെന്ന് കേരളീയൻ പറയുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഉറൂബ് സാഹിബിനെപ്രതി എഴുതിയ അത്യന്തം ഹൃദയഹാരിയായൊരു ലേഖനംകൂടിയുണ്ട് പുസ്തകത്തിൽ. സാഹിബിന്റെ സ്വഭാവഗുണങ്ങൾ തന്നെയാണാ ജീവിതത്തിന്റെ ധീരത എന്നാണ് ഉറൂബ് നിരീക്ഷിക്കുന്നത്.
സ്വന്തം സമുദായവും അവരുടെ നാനാതരം ആകുലതകളും സാഹിബിന്റെ ആലോചനാലോകമായിരുന്നുവെന്ന് പുസ്തകത്തിൽ ശിഷ്യനായിരുന്ന എൻ.പി. മുഹമ്മദ് അനുസ്മരിക്കുന്നു. അവസാന തടവറക്കാലം പിന്നിട്ട് കോഴിക്കോട്ട് തിരിച്ചെത്തിയശേഷം വെറും 77 നാൾ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. സാഹിബിന്റെ ‘അൽ അമീൻ’ പത്രത്തെപ്രതി പുതിയ ചില നിരീക്ഷണങ്ങൾ എൻ.പി. തന്റെ ലേഖനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ദേശീയപ്രസ്ഥാന പ്രചാരം മാത്രമായിരുന്നില്ല, സ്വതന്ത്ര ചിന്തകളെ സമുദായത്തിനകത്ത് പ്രചാരപ്പെടുത്തുകയും അവരെ നവോത്ഥാനപ്പെടുത്തുകയും കൂടിയായിരുന്നു അതിന്റെ ലക്ഷ്യമെന്നാണാ നിരീക്ഷണം, സമുദായത്തിനകത്ത് കയറി അവരെ നവീകരിക്കുക എന്ന മറ്റൊരു മഹനീയ ലക്ഷ്യവും. പുരോഹിതപരിഷകളിൽനിന്ന് വിശ്വാസികളുടെ സ്വാതന്ത്ര്യവും അതിന്റെ ലക്ഷ്യമായിരുന്നുവെന്ന് തന്റെ പ്രൗഢപ്രബന്ധത്തിൽ എം.എൻ. കാരശ്ശേരി അനുസ്മരിക്കുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ, ടി. മുഹമ്മദ് യൂസഫ്, കെ.എ. കൊടുങ്ങല്ലൂർ, വക്കം അബ്ദുൽ ഖാദർ, കെ.എം. ഇബ്രാഹിം, എൻ.പി. മുഹമ്മദ് ഇവരൊക്കെയും സാഹിബിനാൽ ആകർഷിക്കപ്പെട്ട മുസ്‍ലിം സർഗാത്മക സാഹിത്യകാരന്മാരായിരുന്നുവെന്ന് കാരശ്ശേരി കണ്ടെത്തുന്നു. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സി.എൻ. അഹമ്മദ് മൗലവി, എം. റഷീദ്, മംഗലം ഗോപിനാഥ്, എസ്.കെ. പൊറ്റക്കാട്ട്, എം. ഗംഗാധരൻ, പി.എ. സൈദ് മുഹമ്മദ്, കെ.പി. കേശവമേനോൻ, പിണറായി വിജയൻ തുടങ്ങി പുസ്തകത്തിൽ സാഹിബിന്റെ ജീവിതത്തെ വ്യാഖ്യാനിച്ചവർ നിരവധിയാണ്.
25 വർഷത്തെ പൊതുജീവിതത്തിൽ എട്ടുവർഷവും കൊടും തടവറ. ഉമ്മ മരിക്കുമ്പോൾ കഠിനതടവ്. ഒപ്പം കൂടിയ പ്രിയസഖി അകാലത്തിൽ മടിയിൽ കിടന്ന് കണ്ണടക്കുന്നു. ആ സ്വാധി മണ്ണിലേക്ക് മടങ്ങുമ്പോൾ ഉദരത്തിൽ സാഹിബിന്റെ വംശവിത്ത് മുളപൊട്ടിയിരുന്നു. അത്തരമൊരു ജീവിതമാണ് കറുകപ്പാടത്ത് മുഹമ്മദ് അബ്ദുറഹിമാൻ ഭൂമിയിൽ സ്വയംവരിച്ചത്. ഹ്രസ്വമെങ്കിലും ത്യാഗസാന്ദ്രമായ ആ മഹാജീവിതം ഒരിക്കൽകൂടി നമ്മുടെ മുന്നിലേക്ക് ഈ പുസ്തകം കൊണ്ടെത്തിക്കുന്നു. ദീർഘകാലം പാർലമെന്റ് അംഗമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ അവതാരികയിലാണ് പുസ്തകം പ്രസാധിതമായിരിക്കുന്നത്. ചരിത്രവായനക്കാർക്കും വിദ്യാർഥികൾക്കും ഇതൊരു പഠനപുസ്തകംതന്നെയാകും.