മഴവില്ലുമായി കുതിച്ചോടുന്ന തീവണ്ടി
text_fields‘‘മജ്ജയോടും മാംസത്തോടും കൂടി ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരുംതലമുറ വിശ്വസിച്ചേക്കില്ല’’ എന്ന് ഗാന്ധിയെക്കുറിച്ചു പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റൈൻ ആണ്. ‘പിന്നോട്ടു പായുന്ന തീവണ്ടി’ എന്ന കുട്ടികൾക്കായുള്ള ഈ നോവൽ വായിക്കുന്നവരെല്ലാം ഐൻസ്റ്റൈൻ സൂചിപ്പിച്ച തലമുറയിൽപ്പെട്ടവരാണല്ലോ. ഗാന്ധിയുടെ അവിശ്വസനീയമായ മഹദ്ജീവിതം കടന്നുപോന്ന മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ ഓർമകളുടെ ഒരു തീവണ്ടി പിന്നിലേക്ക് പായുകയാണ് ഈ പുസ്തകത്തിലൂടെ. വായനയിൽ ആ തീവണ്ടിയിലെ യാത്രികരായി എല്ലാവരുമുണ്ടാകും.
ദില്ലിയിൽനിന്ന് കേരളത്തിലേക്കുള്ള ഒരു തീവണ്ടിയിലാണ് ഈ നോവലിലെ കഥ നടക്കുന്നത്. തീവണ്ടിയിലെ മൂന്നാം ക്ലാസ് കമ്പാർട്മെ ന്റിൽ കയറിയായിരുന്നല്ലോ ഗാന്ധി ഇന്ത്യ മുഴുവൻ സഞ്ചരിച്ചത്. ദക്ഷിണാഫ്രിക്കയിൽ വെച്ച്, ഒരു തീവണ്ടി യാത്രക്കിടെ ഒന്നാം ക്ലാസ് കമ്പാർട്മെന്റിൽ കയറിയതിന്റെ പേരിൽ മാരിറ്റ്സ് ബർഗ് റെയിൽവേ സ്റ്റേഷനിലെ തണുത്തുറഞ്ഞ തറയിലേക്ക് വലിച്ചെറിയപ്പെട്ട അനുഭവമാണ് മോഹൻ ദാസിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന കാരണവും. ഡൽഹി സന്ദർശനത്തിനു ശേഷമുള്ള മടക്കയാത്രക്കിടെ തീവണ്ടിയിൽവെച്ച് വിഷ്ണു പ്രിയ എന്ന പെൺകുട്ടി പരിചയപ്പെട്ട അൻസാരി സാഹിബിന്റെ വാക്കുകളിൽനിന്നും അദ്ദേഹത്തിന്റെ ഐപാഡിൽ തെളിയുന്ന വിഡിയോയിൽ നിന്നും ഗാന്ധിയുടെ ജീവിതം കണ്ടെടുക്കുകയാണ് ‘പിന്നിലേക്കു പായുന്ന തീവണ്ടി’യിൽ നാസർ കക്കട്ടിൽ. വിഷ്ണുപ്രിയ എന്ന, ഏറ്റവും പുതിയ തലമുറയുടെ ഒരു പ്രതിനിധി അൻസാരി സാഹിബിന്റെ കണ്ണുകളിലൂടെ ഗാന്ധി എന്ന അവിശ്വസനീയതയെ വിസ്മയത്തോടെ കണ്ടെത്തുന്നു ഇവിടെ. അതോടൊപ്പം മറ്റൊരു തലത്തിൽ ഇന്ത്യയെതന്നെ കണ്ടെത്തുന്നു.
ഇന്ത്യയെന്ന ആശയത്തെ രൂപപ്പെടുത്തിയെടുത്ത ഗാന്ധിജി, മരണം വരെ അനുഭവിച്ച മാനസിക സംഘർഷവും വിഭജനത്തിന്റെ മുറിവുകളെക്കുറിച്ചോർത്തുള്ള വേദനയും വായനക്കാരായ നമ്മെ ദുഃഖിപ്പിക്കും. ഏകാകിയായ ആ മഹാത്മാവ് തന്റെ അവസാന കാലത്ത് അനുഭവിച്ചതുപോലുള്ള ഒരു വിഷാദം ഈ നോവൽ വായിച്ചുകഴിയുമ്പോൾ തോന്നുകയും ചെയ്യും. ഒരു ബരേറ്റ പിസ്റ്റളിലെ മൂന്നു വെടിയുണ്ടകൾ കൊണ്ട് ഗാന്ധിജിയെ ഒരു മതഭ്രാന്തൻ മായ്ച്ചു കളഞ്ഞു. എന്നാൽ അദ്ദേഹം പിന്നിലുപേക്ഷിച്ച ധാർമികതക്ക് ഒരിക്കലും മരണമുണ്ടായില്ല. വഴി തെറ്റുമ്പോഴൊക്കെ നമ്മുടെ ഇന്ത്യയെ പിന്നിൽ നിന്നു നിയന്ത്രിക്കുന്ന അദൃശ്യശക്തിയായി അദ്ദേഹം ഇന്നും നിലനിൽക്കുന്നുവെന്ന് വീണ്ടും ഈ പുസ്തകം ഓർമിപ്പിക്കുന്നു.
‘‘എന്റെ പ്രിയപ്പെട്ട മോളേ, ആസിഫാ ഇത്രയും നാൾ നീയെവിടെയായിരുന്നു?’’ എന്ന് നെഞ്ചു പൊള്ളി വിലപിക്കുന്ന ഒരു മാതാവിനെ അവതരിപ്പിക്കുന്നുണ്ട് ഈ കൃതിയിൽ. വർത്തമാന ഇന്ത്യയിലെ അനേകം കുഞ്ഞുങ്ങളെയോർത്ത് കരയുന്ന ആ ഭാരതമാതാവിന്റെ കണ്ണുനീരിൽ ഇന്ത്യക്കു കുറുകെയോടുന്ന ആ തീവണ്ടി നനഞ്ഞുകുതിരുന്നു. ഏതു സ്റ്റേഷനിൽനിന്നും ഇത്തരമമ്മമാർ ആ തീവണ്ടിയിലേക്കു കയറിവരാം. കാരണം ഇന്നത്തെ ഇന്ത്യയിൽ വിലപിക്കുന്ന അമ്മമാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണല്ലോ. അവരുടെ കണ്ണുനീരു തുടക്കാൻ ഒരു ഗാന്ധിയില്ലാതെ പോയതിന്റെ വേദന ഈ നോവൽ വായിച്ചുകഴിയുമ്പോൾ നമ്മെയും പിടികൂടും.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഘോഷം നടക്കുമ്പോൾ, ഗാന്ധിജിയെ മുൻനിരയിലൊന്നും കാണാതിരുന്നപ്പോൾ ഒരു കുട്ടി തന്റെ അമ്മയോട് അതേക്കുറിച്ച് ചോദിക്കുന്നതും അമ്മ മറുപടി പറയുന്നതും ഗാന്ധിയൻ ചിന്തകനായ എസ്. ഗോപാലകൃഷ്ണൻ എഴുതുന്നുണ്ട്.
‘‘അമ്മേ, ഗാന്ധിജി എവിടെ? എന്തുകൊണ്ട് ദില്ലിയിൽ നെഹ്റുവിന്റെ കൂടെയില്ല?’’
‘‘മകനേ, മഴവില്ല് കുലയ്ക്കാനാവില്ല; അതൊരാശയമാണ്. ഗാന്ധിജി ഒരാശയമാണ്’’ എന്നായിരുന്നു അമ്മയുടെ മറുപടി.
തൊട്ടറിയാൻ കഴിയാത്ത, ദൂരെ നിന്ന് കാണാൻ മാത്രം കഴിയുന്ന വിസ്മയമാണല്ലോ മഴവില്ല്. നോവലിസ്റ്റ് അതിനെ വായനക്കാർക്കു മുന്നിൽ നിവർത്തിയിടുന്നു. മോഹൻദാസിൽനിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേൽ ഹൃദ്യമായി നാസർ കക്കട്ടിൽ വിവരിച്ചിരിക്കുന്നു. ഒരു കാലത്ത് ഇന്ത്യയുടെ മാറിലൂടെ ഗാന്ധിജി സഞ്ചരിച്ച വഴികളിലൂടെ അൻസാരി സാഹിബിനൊപ്പം വായനക്കാരും സഞ്ചരിക്കും.
വർത്തമാനത്തിൽനിന്ന് ഭൂതകാലത്തിലേക്ക് ഒരു തീവണ്ടിയിലേറി യാത്രചെയ്യുകയാണു നമ്മൾ. ഇന്ത്യൻ ഗ്രാമഹൃദയത്തിലൂടെ പാഞ്ഞു കൊണ്ടിരിക്കുന്ന ആ തീവണ്ടി നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളെ തൊട്ടുരുമ്മിക്കൊണ്ടാണ് സഞ്ചരിക്കുന്നത്. അർധ പട്ടിണിക്കാരായ മനുഷ്യരുടെ കണ്ണീരിന്റെ പുഴ കടന്ന്, മതവൈരത്താൽ വിഭജിക്കപ്പെട്ട മനുഷ്യരുടെ ഭീതിയുടെ തുരങ്കങ്ങൾ നൂണ്ട്, പ്രത്യാശയുടെ ഏതോ സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുകയാണ് ആ വണ്ടി.
ഗാന്ധിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള തുടിക്കുന്ന ഒരു ജീവിതം. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമായി ജീവിച്ച ഗാന്ധിയുടെ നിരന്തര ജീവിത പരീക്ഷണങ്ങളുടെ ചരിത്രരേഖയായി ഈ നോവലിനെ വിശേഷിപ്പിക്കാം.
ഗാന്ധിയുടെ ജീവിതത്തെ രൂപപ്പെടുത്തിയ സംഭവങ്ങൾ ഒന്നൊഴിയാതെ ഇതിൽ രേഖപ്പെടുത്തുന്നു. ഗാന്ധി വ്യക്തിപരമായി അനുഭവിച്ച ദുഃഖങ്ങളും കസ്തൂർബയോടുള്ള സ്നേഹവും അടിമ ജനതയോടുള്ള സഹഭാവവും അദ്ദേഹത്തിന്റെ വ്യക്തിമഹത്ത്വവും ഈ പുസ്തകത്തിൽ വിദഗ്ധമായി സന്നിവേശിപ്പിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കാം കുട്ടികൾക്കു വേണ്ടി ഗാന്ധിയുടെ സമഗ്ര ജീവിതം നോവൽ രൂപത്തിൽ എഴുതപ്പെടുന്നത്. 79 വർഷത്തെ ത്യാഗസുരഭിലജീവിതത്തെ പാകപ്പെടുത്തിയ എല്ലാ ചരിത്രമുഹൂർത്തങ്ങളും ‘പിന്നോട്ടു പായുന്ന തീവണ്ടി’യിൽ സമന്വയിക്കുന്നു. ഒപ്പം ഗാന്ധി നടന്ന വഴികളിലൂടെ വായനക്കാരെയും നോവലിസ്റ്റ് നടത്തിക്കൊണ്ടുപോകുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ, ഏകാകിയായ ആ മനുഷ്യൻ ആഘോഷങ്ങളിൽ നിന്നൊഴിഞ്ഞ്, വർഗീയ ലഹളയിൽ സർവവും നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണീരു തുടക്കുകയായിരുന്നു എന്നു വായിക്കുമ്പോൾ, ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ അർഥമെന്തെന്ന് നാം ചോദിക്കാതിരിക്കില്ല. അത്തരം ചോദ്യങ്ങളിലേക്ക് വായനക്കാരായ കുട്ടികളെ നയിക്കാനുള്ള വിദ്യകൾ നാസർ ഈ കൃതിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
ഗാന്ധിയുടെ ഇന്ത്യയിലെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം ചമ്പാരനിലെ നീലം കർഷകരുടെ സമരത്തിൽ ഇടപെട്ടുകൊണ്ടായിരുന്നു. ദരിദ്രരുടെ നിസ്സഹായതയും വേദനയുമെന്തെന്ന് തിരിച്ചറിയുന്ന ഗാന്ധിയുടെ ഹൃദയം അവതരിപ്പിച്ചുകൊണ്ടാണ് നാസർ ഈ അധ്യായം എഴുതുന്നത്. ഗാന്ധിയൻ ദർശനത്തിന്റെ വെളിച്ചം തുടർന്നുള്ള അധ്യായങ്ങളിലേക്കും പ്രസരിക്കുന്നതിന് ഇത് സഹായിച്ചിരിക്കുന്നു. കസ്തൂർബയുടെ മരണവും സ്വാതന്ത്ര്യലബ്ധിയുടെ വേളയിലെ മഹാത്മാവിന്റെ ധർമസങ്കടങ്ങളും വായനക്കാരുടെ മനസ്സിനെ മഥിക്കുന്ന തരത്തിൽ അവതരിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഒരിക്കലും കാലഹരണപ്പെടാത്ത, അനേകം പുറങ്ങളുള്ള പാഠപുസ്തകം! അത് കുട്ടികൾക്കു മുന്നിൽ തുറന്നുവെക്കുക എന്ന മഹദ്കൃത്യമാണ് ഈ നോവലിലൂടെ നാസർ കക്കട്ടിൽ ചെയ്യുന്നത്. പലരും വായിക്കാൻ മറന്നുപോകുന്ന ഒരു പാഠപുസ്തകമാണ് ഗാന്ധിജി. നന്മയും കാരുണ്യവും സത്യസന്ധതയും ധാർമികബോധവും മിതവ്യയവും അഹിംസയും മനുഷ്യസ്നേഹവും എല്ലാമെല്ലാം അലിഞ്ഞുചേർന്ന ഒരു ഇതിഹാസ ജീവിതത്തെ അങ്ങേയറ്റം സത്യസന്ധമായും സരളമായും അവതരിപ്പിക്കാൻ കഥാകാരനു കഴിഞ്ഞിരിക്കുന്നു. മനുഷ്യസമൂഹം ആപത്തിൽപെടുമെന്നു തോന്നുമ്പോഴൊക്കെ പ്രതീക്ഷയോടെ നാമിപ്പോഴും തിരിഞ്ഞുനോക്കുന്നത് ഗാന്ധിയിലേക്കാണെന്ന് ഓർമിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രസക്തി.
l