സ്വാതന്ത്ര്യസമര ചരിത്രഗാഥ കുട്ടികൾക്ക്
text_fieldsസ്വാതന്ത്ര്യത്തിന്റെ ഇതിഹാസം- ഇയ്യ വളപട്ടണം
ആഗസ്റ്റ് 15നും മഹാരഥന്മാരുടെ മരണ-ജനന തീയതികളിലും മാത്രം സ്മരണയിലേക്ക് വരുന്ന ഒന്നാണ് ഇന്നത്തെ കുട്ടികൾക്ക് സ്വാതന്ത്ര്യദിന പോരാട്ടങ്ങൾ. നൂറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമർന്ന നമ്മുടെ പൂർവികരുടെ ത്യാഗ പോരാട്ടങ്ങളും സമരവീര്യങ്ങളും കുട്ടികളുടെ മനസ്സിൽ സന്നിവേശിപ്പിക്കേണ്ടത് ഏറെ അനിവാര്യമാണ്. സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങൾക്കായുള്ള ഒറ്റവാക്കുത്തരങ്ങൾക്കപ്പുറം ചരിത്രത്തെ അതിന്റെ ഏടുകളിലൂടെ വായിച്ചറിയുക എന്നതും പ്രധാനം. ഇവിടെയാണ് ഇയ്യ വളപട്ടണത്തിന്റെ ‘സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം’ എന്ന കുട്ടികളുടെ നോവലിന്റെ പ്രസക്തി. ഈടുറ്റ ചരിത്രഗ്രന്ഥങ്ങളിൽനിന്നും ആശയങ്ങളും സന്ദർഭങ്ങളും ചോർന്നുപോകാതെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ച് കുഞ്ഞുമനസ്സുകളിൽ സ്വാതന്ത്ര്യസമര വീര്യം ഉണർത്തുക എന്ന കർത്തവ്യമാണ് ഈ കൃതിയിലൂടെ എഴുത്തുകാരൻ നിർവഹിച്ചിരിക്കുന്നത്. ഒരു വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാനുബന്ധമായി കേവലം ചടങ്ങുകൾക്കപ്പുറത്ത് ധീരേതിഹാസങ്ങൾ കുട്ടികളുടെ മനസ്സിനെ തൊട്ടുണർത്തുംവിധം ഓരോ മഹാരഥന്മാരുടെയും ചരിത്രസംഭവങ്ങളുടെയും ചിത്രങ്ങളിലൂടെ സ്വാതന്ത്രസമര ചരിത്രഗാഥകൾ അധ്യാപകർ കഥനം ചെയ്തുകൊണ്ടാണ് നോവൽ മുന്നോട്ടുപോകുന്നത്.
പോർചുഗീസുകാർക്കും ഡച്ചുകാർക്കും പിറകെ ഇന്ത്യയിൽ എത്തിയ ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തി’ന്റെ അധിപരായ ബ്രിട്ടീഷുകാരുടെ ആഗമനവും ഈസ്റ്റിന്ത്യാ കമ്പനിയുടെ ആവിർഭാവവും തൊട്ട് കഥ പറയുന്ന നോവൽ സ്വാതന്ത്ര്യസമര ചരിത്രങ്ങളുടെ നേർചിത്രം കുട്ടികളുടെ മനസ്സിൽ വരച്ചിടുന്നു. കച്ചവടത്തിന് വന്നവർ പതുക്കെ നമ്മുടെ രാഷ്ട്രീയത്തിലും വിഭവങ്ങളിലും കൈവെച്ച് രാഷ്ട്രത്തെതന്നെ കാർന്ന് ഗ്രസിക്കാൻ തുടങ്ങിയപ്പോൾ ഭാരതീയ ജനതയെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ചതും മംഗൾ പാണ്ഡെയുടെ ആദ്യ രക്തസാക്ഷിത്വവും എല്ലാം കുട്ടികൾക്കുമുന്നിലെത്തുന്നു.
പത്തൊമ്പത് വയസ്സുകാരനായ ഗാന്ധിജി ലണ്ടനിലേക്ക് നിയമപഠനത്തിനായി കപ്പൽ കയറിയതും വക്കീലായി ഇരുപത്തഞ്ച് വർഷക്കാലം ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ചതും അവിടെ നിന്നും അദ്ദേഹം ഇന്ത്യയുടെ വിമോചനത്തിനുള്ള തത്ത്വശാസ്ത്രം കണ്ടെടുത്തതുമെല്ലാം കഥകൾക്കപ്പുറം പാഠങ്ങളായി കുട്ടികൾക്കുമുന്നിലെത്തുന്നു. അനേകം മനുഷ്യരെ കൊന്നൊടുക്കിയ, ഇപ്പോഴും കൊന്നൊടുക്കുന്ന ലോകയുദ്ധങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഗാന്ധിയുടെ നിസ്സഹകരണ സമരവും കുട്ടികളിൽ നവീന അനുഭൂതി ഉണ്ടാക്കുന്നതാണ്.
ജാലകങ്ങൾ ഇല്ലാത്ത തീവണ്ടിയുടെ ഗുഡ്സ് മുറികളിൽ നൂറോളം മനുഷ്യരെ കുത്തിനിറച്ച് ജയിലുകളിലേക്ക് കൊണ്ടുപോയപ്പോൾ അന്യോന്യം കടിച്ചും മാന്തിയും കണ്ണുകൾ തുറിച്ചും നാവുകൾ പുറത്തിട്ടും പിടയുന്ന മനുഷ്യ കോലങ്ങളുടെയും ദുർഗന്ധം വമിക്കുന്ന ജഡങ്ങളുടെയും ദാരുണ കാഴ്ച ഓർമിപ്പിച്ച വാഗൺദുരന്തം കുട്ടികൾ നോവലിലൂടെ അനുഭവിച്ചറിയുമ്പോൾ അടിമത്തത്തിന്റെ ഭീകരതയും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വവും വേർതിരിച്ചറിയാൻ അവരെയത് പ്രാപ്തരാക്കുന്നു.
സായുധ സമരത്തിലൂടെയാണ് ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതെന്ന പക്ഷക്കാരനായ സുഭാഷ് ചന്ദ്രബോസിനെയും ലോക ചരിത്രത്തിൽതന്നെ ആദ്യമായി രൂപവത്കൃതമായ വനിതാ സൈനിക വിഭാഗത്തിന്റെ കമാൻഡറായ ക്യാപ്റ്റൻ ലക്ഷ്മിയെയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കാഥികൻ മറന്നുപോകുന്നില്ല. ദേശസ്നേഹത്തോടൊപ്പം വായനയുടെ പ്രാധാന്യവും ദ്യോതിപ്പിക്കുന്ന ചരിത്ര സംഭവങ്ങളും കുട്ടികളുടെ നോവലിൽ ഉൾപ്പെടുത്താൻ ഇയ്യ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. 14 അധ്യായങ്ങളിലായി സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം വരച്ചിടുന്ന കൃതി ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ വൈകാരികമായി രേഖപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു.