ഗൃഹാതുരത നിറഞ്ഞ ഓർമപ്പാതകൾ
text_fieldsഎവിടെനിന്നോ ഒഴുകിവരുന്ന സംഗീതത്തിന്റെ ശ്രുതിശകലമായിരിക്കാം ഗതകാലങ്ങളിലെ സകല ഓർമകളും നിങ്ങൾക്കു മുന്നിൽ തുറന്നിടുക. അത് ബാല്യകാല സൗഹൃദങ്ങളിലേക്കും നഷ്ട പ്രണയത്തിലേക്കും നമ്മെ തിരിച്ചുവിളിക്കും. വീട്ടിൽനിന്ന് നടന്നുപോയ വഴികൾ, ആ വഴികളിൽ നിറമാമ്പഴങ്ങളുമായിനിന്ന മാവിൻചുവട്. പുഴ, കുന്ന്, ഓണക്കാലത്ത് മാത്രം വിരിയുന്ന പൂക്കൾ, ചൂരൽവടിയുമായി നിൽക്കുന്ന ഓത്തുപള്ളിയിലെ മൊല്ലാക്ക, കാലത്തിന്റെ വരവ് അറിയിക്കുന്ന ഏതോ കിളിയുടെ കരച്ചിൽ... പ്രകൃതി നമുക്കായി നൽകുന്ന ചില രഹസ്യ സന്ദേശങ്ങൾ ഇങ്ങനെ എത്രയോ കാര്യങ്ങൾ അതിലുണ്ടാവാം. ലോകത്തിന്റെ ഏതറ്റത്തു പോയാലും ആ അനുഭവങ്ങൾ നമ്മെ തിരികെ വിളിച്ചുകൊണ്ടേയിരിക്കും. ‘ഇല്ലിക്കാടുകൾ പൂത്തകാലം’ എന്ന കൃതിയിലൂടെ ഗഫൂർ കൊടിഞ്ഞി എന്ന ഗ്രന്ഥകാരനെ നയിക്കുന്നതും ഗൃഹാതുരത്വ വികാരമാണ്. മലപ്പുറത്ത്, തിരൂരങ്ങാടിയിൽനിന്നും വിളിപ്പാട് മാത്രം ദൂരമുള്ള ഈ ഗ്രാമം കേരളത്തിൽ ഏറ്റവും അധികം ഇരട്ടക്കുട്ടികൾ ജനിച്ചുവീണ സ്ഥലം എന്ന നിലക്കാണ് ഞാൻ അറിയുന്നത്.
‘കവിഞ്ഞൊഴുകുന്ന വയൽവരമ്പുകളിലൂടെ നടന്നാൽ വാർധക്യത്തിൽനിന്ന് യൗവനത്തിലേക്ക് വഴുതി വീണുപോകും. ആ വീഴ്ചയിൽ ഗൃഹാതുരത്വത്തിന്റെ ചിറ പൊട്ടിയൊഴുകും. ഒരു പൊങ്ങുതടി പോലെ പഴയ സാന്ത്വന തീരങ്ങളിലൂടെ ഒഴുകി ഒഴുകി ഓർമയുടെ പവിഴപ്പുറ്റുകളിൽ ചെന്ന് കരപറ്റാം.’
തന്റെ പുസ്തകത്തിന്റെ തുടക്കംതന്നെ ഇങ്ങനെയാണ്. എവിടെനിന്നോ താറാവിൻപറ്റവുമായി അലഞ്ഞുവരുന്ന അയൽ സംസ്ഥാനക്കാർ, ആമകുത്തന്മാർ, തവളപിടിത്തക്കാർ, തത്തക്കൂടുമായി കൈ നോക്കി ഭാവി പ്രവചിക്കാൻ വരുന്ന മലങ്കുറത്തികൾ, നാടോടികൾ ഗ്രാമത്തിൽ വന്നുപോകുമ്പോൾ കുട്ടികൾക്ക് ഉണ്ടാകുന്ന ബാലസഹജമായ ജിജ്ഞാസയാണിതെല്ലാം. അതൊക്കെ അക്കാലഘട്ടത്തിലെ ഗ്രാമജീവിതത്തിന്റെ മറക്കാനാകാത്ത, നിറമുള്ള സ്മരണകളായിരിക്കും എഴുത്തുകാരന്. ഗ്രാമജീവിതത്തിന്റെ ഒട്ടനവധി ചിത്രങ്ങൾ ഗഫൂർ ഇതിൽ വരച്ചിടുന്നുണ്ട്.
ഇതിലെ പല അനുഭവക്കുറിപ്പുകളിലും മരണം ഒരു അനിവാര്യതയായി കടന്നുവരുന്നുണ്ട്. പൈങ്കിളി വായനയിൽനിന്ന് ഗൗരവമുള്ള വായനയിലേക്ക് വഴിതിരിച്ചുവിട്ട പിതാവിനെയും ‘ഉപ്പ തന്ന വെളിച്ചം’ എന്ന അധ്യായത്തിൽ ഓർക്കുന്നുണ്ട്. ‘മൂത്താപ്പ’ പുനർവായന ആവശ്യപ്പെടുന്ന പുസ്തകം ആകുന്നത് ആ ഓർമകൾ നിരന്തരം ഗ്രന്ഥകാരനെ പിന്തുടരുന്നതുകൊണ്ടാണ് എന്ന് ഗ്രന്ഥകാരൻ പറയുന്നു. കടുംകിനാക്കൾകൊണ്ട് ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന കാലത്തെ ഓർത്തെടുക്കുന്നുണ്ടിതിൽ. നിലമ്പൂരിലെ മനഃശാസ്ത്ര ചികിത്സകനെ കണ്ട് മനോരോഗമുക്തി നേടിയ അനുഭവം ‘ഭ്രാന്ത് പടർന്ന കാലം’ എന്ന അധ്യായത്തിൽ രസകരമായി വരച്ചുവെക്കുന്നു. നാടകരംഗത്തെ അബ്ബാസ് കാളത്തോട് സംവിധാനം ചെയ്ത ‘ചേറൂർ ചിന്ത്’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിൽ കൊടിഞ്ഞി ഗ്രാമത്തെ അടയാളപ്പെടുത്തിയതിലും അതിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിലുമുള്ള അഭിമാനമാണ് മറ്റൊരു ലേഖനം.
നിരവധി പ്രയോഗങ്ങളാൽ ഈ പുസ്തകം ശ്രദ്ധ അർഹിക്കുന്നുണ്ട്. ‘സത്യം പറയുന്നവരെ ഭ്രാന്തന്മാർ ആക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്’, ‘ശൂന്യമായ ആകാശങ്ങളിലൂടെയുള്ള രാപ്രയാണങ്ങളിൽ പ്രതീക്ഷയുടെ ഒരു നക്ഷത്രവും ഞാൻ കണ്ടില്ല’, ‘പുഴക്ക് മറുകരയിൽ നീരാടാൻ വന്ന ആനക്കൂട്ടങ്ങൾ പാറക്കെട്ടുകൾപോലെ വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ടാകും’ തുടങ്ങി പല രസകരമായ പ്രയോഗങ്ങളും ഇതിൽ കാണാം. എനിക്ക് അപരിചിതമായ ഒരുപാട് വാക്കുകൾ ഈ പുസ്തകത്തിലൂടെ കടന്നുപോകുന്നുണ്ട്. കരക്കുഴി, നെറ്റിമാൻ, ചാണാക്കിളി, പൊടുവണ്ണി. അരിപ്പകൊടി, മത്താരണ, മുളവിട്ടം, ഉണ്ടപ്പാടം (ഉണ്ട: മധുരക്കിഴങ്ങ്), വെണ്ണീറ്റിൻ പഴങ്ങൾ, ചകിരിക്കായ, മോഡൻനെല്ല്, രായിപ്പത്തിരി, കരീച്ചക്ക, പാത്തിച്ചോല, ചകിരി കായ, തുച്ചിലം, മത്തിയുടെ കല്ല, മോഴക്ക് വെള്ളം, പറുങ്കൂച്ചിക്കാട്... ഇങ്ങനെ എത്രയോ വാക്കുകൾ. ഭാഷ വളരുമ്പോൾ ഈ പദങ്ങൾ അന്യംവന്ന് എവിടെയോ മറഞ്ഞുപോകുന്നു. എം.ടിയുടെ നോവലുകളിൽ കണ്ണാന്തളി പൂക്കളെ കുറിച്ച് പലയിടത്തും പറയുന്നുണ്ട്. എന്നാൽ, നഗരവാസിയായ എനിക്ക് ഇതുവരെ അത് കാണാനായിട്ടില്ല. ഇത്തരം വാക്കുകളുടെ സാമാന്യ അർഥം ബ്രാക്കറ്റിലാക്കിയാൽ വായനക്കാരെ അത് സഹായിക്കും.
ഗഫൂർ തന്റെ ഗ്രാമത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാതെ പറയുന്നതാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ഒരു ഗ്രാമത്തിന്റെ ആത്മാവിനെ അനാവരണം ചെയ്ത് അത് സംസാരിക്കുന്നു. അപ്പോഴും ചരിത്രത്തോടുള്ള സത്യസന്ധത ഉപേക്ഷിക്കുന്നില്ല. അതുകൊണ്ടാണ് ആ കാലഘട്ടത്തിൽ മലബാർ ഗ്രാമങ്ങളിൽനിന്ന് വ്യത്യസ്തമായി തന്റെ നാട് ഒരു ബ്രിട്ടീഷ് പക്ഷപാത നിലപാടായിരുന്നു പുലർത്തിയിരുന്നത് എന്ന് അദ്ദേഹം തുറന്നുപറയാനുള്ള ആർജവം കാണിക്കുന്നത്.
.