ഇന്ന് സ്നേഹാദരം; ‘കുരുത്തോലക്കിളി’യെ പറത്തിവിട്ട കാവ്യസപര്യ അരനൂറ്റാണ്ടിന്റെ നിറവിൽ
text_fieldsഇ. ജിനൻ, ഇ. ജിനന്റെ പുസ്തകങ്ങൾ
മതിലകം: ‘കുരുത്തോല കൊണ്ടു ഞാനെൻ കിനാവിൽ നിന്നും ഒരു നല്ല കിളിച്ചന്തം മെടഞ്ഞുണ്ടാക്കി. അതിലെന്റെ ഹൃദയം ഞാനൊളിച്ചു വെച്ചു. അതിനൊന്നു മിടിക്കുവാൻ ഇടം കൊടുത്തു....ഇങ്ങനെയാണ് ‘കുരുത്തോലക്കിളി’ കവിത തുടങ്ങുന്നത്. 2004 മുതൽ കേരളമാകെ ആലപിച്ചും ആസ്വദിച്ചും വൈറലായി മാറിയ കവിത. ലക്ഷക്കണക്കിനാളുകൾ കുരുത്തോലക്കിളിയുടെ യൂട്യൂബ് വിഡിയോ കേൾക്കുകയും പങ്കുവെക്കുകയും ചെയ്തു. കവിത എഴുതിയതും ആലപിച്ചതും ആരെന്നറിയാതെയാണ് കുരുത്തോലക്കിളി നാടാകെ പാറിപ്പറന്നത്.
പലരും ആ കിളിയെ അവകാശികൾ ഇല്ലെന്നു കരുതി സ്വന്തമാക്കി. ഫോണുകളിൽ റിങ് ടോണായും കിളി കവിത കേട്ടുതുടങ്ങി. ഒടുവിൽ യൂട്യൂബ് അധികൃതർക്ക് തന്നെ കുരുത്തോലക്കിളിയുടെ രചയിതാവിനെ തേടി പരസ്യം ചെയ്യേണ്ടി വന്നു. ഇതിന് പിറകെയാണ് കൈവിട്ട തന്റെ ‘കിളി’യെ തിരിച്ചുകിട്ടിയതെന്നും ഇപ്പോഴും കവിതക്ക് അന്വേഷകരുണ്ടെന്നും ഹിറ്റായ വരികൾ കുറിച്ച കവിയും സാംസ്കാരിക പ്രവർത്തകനുമായ മതിലകം പുന്നക്കബസാർ ഇ.വി.ജി റോഡിലെ താമസക്കാരൻ ഇ. ജിനൻ പറഞ്ഞു.
എഴുത്ത് ജീവിതത്തിലെ സവിശേഷ അനുഭവം പങ്കുവെക്കുകയായിരുന്നു കാവ്യസപര്യയുടെ അമ്പതാം വർഷത്തിന്റെ നിറവിലെത്തിയ കവി. ജിനൻ ഈണം നൽകി പെരിഞ്ഞനത്തെ സാരംഗി ജോഷിയുടെ ആലാപനത്തിലൂടെയാണ് കവിത പാട്ടായി ആദ്യം യൂട്യൂബിൽ കയറിയത്. ഈ കവിത കൂടി ഉൾപ്പെടുന്ന ‘കുരുത്തോലക്കിളി’ എന്ന ജിനന്റെ കവിത സമാഹാരം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡിനും അർഹമായി.
ഉപ്പിന് പോണ ദിക്കേത്, അവകാശികൾ എന്നീ കവിതകളും രണ്ട് മഴ കാഴ്ചകൾ എന്ന ശകലങ്ങളും കേരള പാഠാവലിയിൽ ഇടംപിടിച്ചു. നിലവിൽ ‘കാറ്റ് പറഞ്ഞത്’ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സി.ബി.എസ്.ഇ പാഠപുസ്‌തകങ്ങളിലും ഇദ്ദേഹത്തിന്റെ കവിതകൾ പഠിക്കാനുണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമായ ആശയ പ്രാധാന്യവും ലാളിത്യവും സുതാര്യതയും ഉൾച്ചേർന്നതാണ് രചനാശൈലി. ജിനന്റേതായി കവിതാ സമാഹാരം ഉൾപ്പെടെ 25ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകവും കഥകളും ഗാനങ്ങളുമെല്ലാം ആ തൂലികയിലൂടെ പിറവിയെടുത്തു.
വല്ല്യച്ഛൻ ഇ.വി. വേലുക്കുട്ടി എഴുതുമായിരുന്നു. പിതാവ് ഇ.വി.ജി എന്ന ഇ.വി. ഗോപാലൻ മാസ്റ്റർ മണപ്പുറത്തിന്റെ സാഹിത്യ പ്രതിഭയും. മതിലകം സെന്റ് ജോസഫ്സിലെ പഠനകാലത്ത് കൈയെഴുത്ത് മാസികയിലൂടെയായിരുന്നു തുടക്കം. നിരവധി സമാന്തര പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും എഴുതി. രണ്ടു പാട്ടു പാടിയത് ഗായകൻ പി. ജയചന്ദ്രൻ ആയിരുന്നു.
‘യൂറീക്ക’ മുൻ പത്രാധിപ സമിതിയംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, പി.ടി. ഭാസ്കരപ്പണിക്കർ അവാർഡ്, പുല്ലാർക്കാട്ട് ബാബു പുരസ്കാരം എന്നിവയടക്കം വിവിധ അംഗീകാരങ്ങൾ ലഭിച്ചു. ആദ്യം അധ്യാപകനായിരുന്നു. പിന്നീട് സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ചു. കൊടുങ്ങല്ലൂർ എ.ഇ.ഒ ആയി വിരമിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായിയാണ് ഭാര്യ.
ദില്ലിൻ, കിരൺ എന്നിവർ മക്കളാണ്. ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി വേദിയൊരുക്കുന്ന ജന്മനാടിന്റെ സ്നേഹാദരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മതിലകം വ്യാപാരഭവൻ ഹാളിൽ നടക്കും.


