ആൽബർട്ട് ഐൻസ്റ്റീന്‍റെ പ്രശംസയടങ്ങിയ ഗാന്ധിജിയുടെ ജന്മദിന പുസ്തകം കണ്ടെത്തി
text_fieldsഗാന്ധിജിയെ കുറിച്ചുള്ള ആൽബർട്ട് ഐൻസ്റ്റീന്‍റെ പ്രശംസ അടങ്ങിയ പുസ്തകം
'ഇങ്ങനെ ഒരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറകൾ വിശ്വസിക്കുവാൻ മടിക്കു'മെന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. എന്നാണ് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞത് എന്ന് ഏറെപേർക്കും അറിയില്ല. അതിന്‍റെ ഉത്തരം ലഭിക്കുന്ന അപൂർവ പുരാരേഖ ലഭിച്ചിരിക്കുകയാണ്. 1944 ഒക്ടോബർ രണ്ടിന് മഹാത്മ ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും വിശദീകരിക്കുന്ന പുസ്തകത്തിന് ആശംസ അയച്ചു കൊണ്ടാണ് ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞത്. അമേരിക്കയിലെ ന്യുജേഴ്സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നാണ്. തന്‍റെ ഒപ്പോടെയുള്ള ഈ ജന്മദിന സന്ദേശം ഐൻസ്റ്റീൻ അയച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ പൂർണ സമ്മതത്തോടെയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ദരിദ്രരായ മനുഷ്യരുടെ സഹായത്തിനാണ് ഇതിലെ വരുമാനം വിനിയോഗിക്കുകയെന്ന് ഗാന്ധിജി തന്നെ എഴുതിയ സന്ദേശത്തിൽ പറയുന്നു. ന്യുയോർക്കിലെ കൃഷ്ണലാൽ ശ്രീധരണിയാണ് ആൽബർട്ട് ഐൻസ്റ്റീനടക്കമുള്ള അമേരിക്കകാരിൽ നിന്ന് ആശംസകൾ ശേഖരിച്ചതെന്നു പുസ്തകത്തിലുണ്ട്. കർണാടക പ്രിന്റിങ് പ്രസ്സ്, അഹമ്മദാബാദിലെ നവജീവൻ പ്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ 1500 കോപ്പികൾ മാത്രമാണ് ഈ പുസ്തകം പുറത്തിറക്കിയത്. അതിലൊരു കോപ്പിയാണ് മലപ്പുറം ജില്ലയിലെ പുരാരേഖാ സൂക്ഷിപ്പുകാരൻ മഞ്ചേരിയിലെ ഗിന്നസ് സലീമിന്‍റെ കൈവശമുള്ളത്.
കർണ്ണാടക് പബ്ലിഷിങ് ഹൗസാണ് ഈ വിലപ്പെട്ട ഗ്രന്ഥം അക്കാലത്ത് വായനക്കാരിലെത്തിച്ചത്. ബി.ജി ടെണ്ടുൽക്കറിന്‍റെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്. പ്രശസ്ത എഴുത്തുകാരൻ പേൾ എസ്. ബക്ക്, ജവാഹർലാൽ നെഹ്‌റു, മഹാദേവ് ദേശായ്, കമല ദേവി, ജി.എ. നടേശൻ, മഹാദേവ് ദേശായ്, മിനു ആർ. മസാനി, ഹുമയൂൺ കബീർ, കെ.എ. അബ്ബാസ് എന്നിവരുടെ ലേഖനങ്ങൾ ഈ പുസ്തകത്തെ വിലപ്പെട്ട ചരിത്ര രേഖയാക്കിയിട്ടുണ്ട്.
ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ കാമറ ചിത്രങ്ങളാണ് ഈ പുസ്തകത്തിന്‍റെ മറ്റൊരു പ്രാധാന്യം. ദക്ഷിണാഫ്രിക്കയിൽ നിന്ന് തുടങ്ങി തന്‍റെ ജീവിതയാത്രയിൽ അസാധാരണമായ സഹനശക്തികൊണ്ടു ഗാന്ധിജിക്കു പിന്തുണ നൽകിയത് കസ്തുർബ ഗാന്ധിയായിരുന്നു. മഹാത്മ ഗാന്ധി ഈ പുസ്തകത്തിൽ 'കസ്തുർബ' എന്ന ലേഖനത്തിലൂടെ തന്‍റെ പ്രിയ പത്നിയുടെ ത്യാഗത്തിന്‍റെ മഹത്വം എഴുതി ചേർത്തിട്ടുണ്ട്.
സലീം സൂക്ഷിച്ചുവെച്ച വിലപ്പെട്ട രേഖകൾ കാണുന്നതിനായി മഞ്ചേരിയിലുള്ള അദ്ദഹത്തിന്‍റെ വീട്ടിൽ കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസർ ഡോ. ശിവദാസൻ പി എത്തിയപ്പോഴാണ് ഈ മഹത്തരമായ ഗാന്ധിയൻ പുസ്തകം കാണാൻ കഴിഞ്ഞത്. നശിച്ചു പോകുമായിരുന്ന നിരവധി പുരാരേഖകളുടെയും പുരാവസ്തുക്കളുടെയും ശേഖരമാണ് ഗിന്നസ് സലീമിന്‍റെ കൈവശമുള്ളത്.


