ബിൻലാദനെ തങ്ങളുടെ മുറ്റത്തുനിന്ന് അമേരിക്ക പിടികൂടുമ്പോൾ മുഖം തകർന്ന പാകിസ്ഥാൻ അതെങ്ങനെ ഉൾക്കൊണ്ടു, എങ്ങനെ പ്രതികരിച്ചു; മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുടെ ഓർമകൾ പുസ്തകമായി പുറത്തിറങ്ങി
text_fields14 വർഷം മുമ്പ് പാകിസ്ഥാനിലെ മിലിറ്ററി കേന്ദ്രമായ അബോട്ട ബാദിൽ യു.എസ്. മിലിറ്ററി നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലൂടെ പാകിസ്ഥാനെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് ലോകത്തെ ഏറ്റവും വലിയ തീവ്രവാദ ആക്രമണം നടത്തിയ അൽ ഖ്വയ്ദയുടെ തലവനായ ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപെടുത്തിയത്.
നാലു വർഷമായി പുറംലോകമറിയാതെ അതീവ സുരക്ഷാമറയിൽ ലാദനെ സംരക്ഷിച്ചു നിർത്തിയ പാകിസ്ഥാന് ഇത് കടുത്ത തിരിച്ചടിയും നാണക്കേടുമുണ്ടാക്കി. പാക് ഭരണകൂടത്തിന്റെ അന്നത്തെ ഞെട്ടൽ ഇതുവരെ ആരും പുറംലോകത്തെ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ആ ഞെട്ടലിന്റെ രേഖകൾ പുറത്തേക്ക് വരുന്നു.
പാക് പ്രസിഡൻറായിരുന്ന ആസിഫലി സർദാരിയുടെ ഓർമകളുടെ പുസ്തകത്തിലാണ് ഈ വിവരമുള്ളത്. ‘ദി സർദാരി പ്രസിഡൻസി: നൗ ഇറ്റ് മസ്റ്റ് ബി ടോൾഡ്’ എന്ന പുസ്തകം സർദാരിയുടെ അടുത്ത അനുയായിയും വക്താവുമായിരുന്ന ഫർഹത്തുള്ള ബാബറാണ് എഴുതിയത്.
സർദാരിയുടെ ഓർമക്കുറിപ്പുകളായ പുസ്തകത്തിന്റെ 50 പേജുകളും ബിൻ ലാദൻ ഓപ്പറേഷന്റെയും അതിൽ പാകിസ്ഥാനിലുണ്ടായ പ്രത്യാഘാതങ്ങളുടെയും വിവരണമാണ്.
അന്ന് രാജ്യം ഭരിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പാകിസ്ഥാൻ മുസ്‌ലിം ലീഗും തമ്മിലുള്ള ആധികാരത്തർക്കത്തിന്റെ കാലത്താണ് അമേരിക്ക അവസരം മുതലാക്കി ലാദൻ വേട്ടക്ക് അവസരം കണ്ടെത്തിയത്. ഇതിന്റെ ഉത്തരവരാദിത്തം രണ്ട് പാർട്ടികൾക്കുമുണ്ടെന്ന് പുസ്തകം ആരോപിക്കുന്നു.
ലാദൻ വേട്ടയുടെ ഞെട്ടിക്കുന്ന വാർത്തയറിഞ്ഞതോടെ രാവിലെ 6.30 ന് പ്രസിഡൻറിന്റെ ഓഫിസിൽ ഒരു മീറ്റിങ് വിളിച്ചു. അന്നത്തെ വിദേശകാര്യ മന്ത്രി ഹിന റബാനി ഖർ, വിദേശകാര്യ സെക്രട്ടറി സൽമാൻ ബഷീർ, ഫർഹ ത്തുള്ള ബാബർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതുവരെ ഒസാമയെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്. അത് പൊളിഞ്ഞുവീണ സന്ദർഭമായിരുന്നു അത്.
90 മിനിറ്റു നീണ്ട സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ആസിഫലി ബാബറോട് ചോദിച്ചു; ‘എന്തു തോന്നുന്നു’? ഉടൻ ബാബർ പ്രതികരിച്ചു; ‘കഴിവില്ലായ്മ, അല്ലാതെയെന്താ, ഉടൻ ഒരന്വേഷണത്തിന് ഉത്തരവിടണം. ആർമിക്കെതിരെയും ഐ.എസ്.ഐ ചീഫിനെതിരെയും നടപടിയെടുക്കണം’- അദ്ദേഹം പ്രസിഡൻറിനോട് പറഞ്ഞു.
പാകിസ്ഥാൻ ശരിക്കും വെട്ടിലായ സമയമായിരുന്നു. അമേരിക്കയുടെ ഓപറേഷനെ പുകഴ്ത്താനും വയ്യ, ഒരു ഇൻറലിജൻസ് വീഴ്ച പറ്റിയെന്ന് സമ്മതിക്കാനും കഴിയാത്ത അവസ്ഥ.
അമേരിക്കയുമായി ചേർന്നുള്ള ഇൻറലിജൻസ് ഷെയറിങ് ആണ് ലാദനെ പിടികൂടാൻ സഹായിച്ചതെന്ന ഔദ്യോഗിക പത്രക്കുറിപ്പ് ഒട്ടും വിശ്വാസ്യ യോഗ്യമായില്ല. കളവും വഞ്ചനയും പുറംലോകമറിഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പരാജയവുമായി.
ആരെയും ശിക്ഷിക്കാതെ മുഖം രക്ഷിക്കാനായി ഒരു അന്വേഷണ കമീഷനെ വെക്കുക, ഇതായിരുന്നു സർദാരിയുടെ അഭിപ്രായം. ഉത്തവാദിത്തം ഏറ്റെടുക്കുന്നതിൽ പ്രസിഡൻറിന് താൽപര്യമുണ്ടായിരുന്നില്ല.
സർദാരി പറഞ്ഞു; 9/11 ഭീകരാക്രമണത്തിനു ശേഷവും 2008 ലെ മുംബൈ അക്രമണത്തിനുമൊക്കെ ശേഷവും നടന്ന അന്വേഷണങ്ങൾ നടപടിക്രമങ്ങൾ പരിഷ്കരിക്കുക എന്നതിനപ്പുറം ആരെയും ശിക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ല.
രാജ്യത്തിന്റെ പേരു പറയാതെ സർദാരി പറഞ്ഞു; ഒരു പ്രധാനപ്പെട്ട രാജ്യം ഉപദേശിച്ചു; ആർമി ജനറൽമാർക്കെതിരെ ഒരു ശിക്ഷാനടപടിയും എടുക്കരുതെന്ന്.
അബോട്ടാബാദ് സംഭവത്തിനു ശേഷം യാതൊരു അന്വേഷണവുമുണ്ടായില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഇൻറലിജൻസ് സംവിധാനത്തിൽ ഒരു മാറ്റവും വന്നില്ല. ഒരു നേതാവിനും അതിലൊന്നും താൽപര്യമുണ്ടായിരുന്നില്ല. മിലിറ്ററി നേതൃത്യത്തിനും താൽപര്യമുണ്ടായിരുന്നില്ല. ഒരു വിദേശ രാജ്യങ്ങൾക്കും അതിൽ താൽപര്യമുണ്ടായിരുന്നില്ല- ബാബർ എഴുതുന്നു.