പ്രാപ്പൊയിലിലെ അറിവിൻ ദേവാലയം
text_fieldsപ്രാപ്പൊയിൽ നാരായണൻ
കണ്ണൂരിൽനിന്ന് ഏകദേശം 118 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമം. കുന്നുകളും പച്ചപ്പു നിറഞ്ഞ കൃഷിയിടങ്ങളുംകൊണ്ട് സമൃദ്ധമായ പ്രാപ്പൊയിൽ. നഗരത്തിന്റെ തിരക്കുകളിൽനിന്നു മാറി, പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ പറ്റിയ ഒരിടം. ഇവിടത്തെ പ്രധാന ആകർഷണം ഒരു മതാതീത ദേവാലയമാണ്. പ്രകൃതിക്ക് ദോഷം വരാത്തരീതിയിൽ നിർമിച്ച, അറിവിനെ വണങ്ങുന്ന, ഗ്രന്ഥപ്രതിഷ്ഠയുള്ള, പുരോഹിതനില്ലാത്ത ഒരു ദേവാലയം. മലയോര ഗ്രാമമായ ചെറുപുഴ പ്രാപ്പൊയിലിലെ കക്കോട് കിഴക്കേക്കരയിലാണ് ഈ പുസ്തക ദേവാലയം.
പച്ചപ്പു നിറഞ്ഞ ചെങ്കുത്തായ കയറ്റം കയറിയാൽ നവപുരത്തെത്തും. ഇവിടെ പുസ്തകമാണ് പ്രതിഷ്ഠ. പുസ്തകമാണ് പ്രസാദം. ആർക്കും പ്രവേശിക്കാം. 30 വര്ഷങ്ങള്ക്കുമുമ്പ് പുസ്തക ചര്ച്ചകളും സിനിമാപ്രദര്ശനങ്ങളും നടത്തിയിരുന്ന ഒരു ഗ്രാമീണ വായനശാലയായിരുന്നു നവപുരം. അവിടെ തുടങ്ങിയ സ്വപ്നമാണ് ഇന്ന് കാണുന്ന നവപുരം പുസ്തക ദേവാലയത്തിൽ എത്തിനിൽക്കുന്നത്. മുമ്പ് മലവെള്ളം ഒലിച്ചുവരുന്ന സ്ഥലമായിരുന്നു. ഇന്നത് വായനക്കാരുടെയും എഴുത്തുക്കാരുടെയും ഇഷ്ട ഇടം കൂടിയായി മാറിയിരിക്കുന്നു. ‘വിജ്ഞാനമാണ് ദൈവം, വിശാല ചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി’ എന്ന് അവിടെ കൊത്തിവെച്ചിട്ടുണ്ട്. പടികള് കയറിച്ചെന്നാൽ വലിയ പാറ, ഈ പാറയിലാണ് ഗ്രന്ഥപ്രതിഷ്ഠ. അതിനൊപ്പം ബുദ്ധാലയവും ഇരിപ്പിടവുമുണ്ട്. ആളുകൾക്ക് ഇവിടെ ധ്യാനത്തിലിരിക്കാം. നവപുരം ദേവാലയത്തിന്റെ സാരഥി പ്രാപ്പൊയിൽ നാരായണൻ മാഷാണ്. 30 വർഷത്തെ പ്രയത്നമുണ്ട് ഇതിന്റെ പിന്നിൽ.
പുസ്തക ദേവാലയത്തിലേക്ക്
അറിവ് നൽകുന്നതിൽ പുസ്തകങ്ങളുടെ പങ്ക് വളരെ വലുതാണ്. ആ ആശയമാണ് നവപുരത്തിന്റെ അടിസ്ഥാനം. പുസ്തകം പ്രതിഷ്ഠിക്കുക എന്ന ചിന്ത ഇവർക്ക് 35 വർഷം മുമ്പ് ഉണ്ടായ ആശയമാണ്. മനുഷ്യരെ നിരന്തരം ചിന്തിക്കാനുള്ള, നിരന്തരം പ്രവർത്തിക്കാനുള്ള തലത്തിലേക്ക് എത്തിക്കാനാണ് നവപുരം ശ്രമിക്കുന്നത്. അന്ന് അതൊരു കാട് പിടിച്ച പ്രദേശമായിരുന്നു. ഇന്നത്തെപ്പോലെ റോഡുകളില്ല. എല്ലാം ഊടുവഴികളായിരുന്നു. അങ്ങനെയിരിക്കെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ആ നാട്ടിൽ അവിടെയുള്ള ആളുകളെല്ലാം ചേർന്ന് നവപുരം എന്ന പേരിൽ ഒരു സമിതിയുണ്ടാക്കി. കുറേ ചെറുപ്പക്കാരുണ്ടായിരുന്നു ആ സമിതിയിൽ. ജനറേറ്റർ തലച്ചുമടായി കൊണ്ടുപോയാണ് നവപുരത്തിന്റെ കീഴിൽ പരിപാടികൾ നടത്തിയിരുന്നത്.
വിശ്വമാനവികതയാണ് നവപുരത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത്. ലോകത്തിലെ എല്ലാ മനുഷ്യരും സമന്മാരാണ്, മതത്തിന് അതീതമാണ് എന്നായിരുന്നു ചിന്ത. അതിനൊരു ഇടം ഒരുക്കുക എന്ന ചിന്തയിൽനിന്നാണ് നവപുരം ഉണ്ടായതെന്ന് ദേവാലയത്തിന്റെ സാരഥിയായ പ്രാപ്പൊയിൽ നാരായണൻ പറയുന്നു. ദേവാലയത്തിനുവേണ്ടി ഇതുവരെ ഒരു രൂപപോലും അദ്ദേഹം ആരോടും ചോദിച്ചിട്ടില്ല. സഹായിക്കാൻ ഒരു സുഹൃത്തുമുണ്ട്, സാബു മാളിയേക്കൽ.
ജീവിച്ചാൽ മതി ആർഭാടം വേണ്ട
മൂന്നര പതിറ്റാണ്ട് മുമ്പേയുള്ള ഒരു ആശയമാണിത്. സാമ്പത്തികം വലിയൊരു പ്രശ്നമായിരുന്നു. അന്ന് പണപ്പിരിവൊക്കെ നടത്തുമായിരുന്നു. ഒരു പരിപാടി നടത്തുമ്പോൾ ആദ്യത്തെ അഞ്ചു വർഷം കടം ഉണ്ടാവും. അത് വീട്ടേണ്ടത് നാരായണൻ മാഷിന്റെ ചുമതലയായിരുന്നു. കുറച്ചുനാൾ ജോലിയൊക്കെ ചെയ്ത് അത് വീട്ടും. പിന്നെ വീണ്ടും അടുത്ത വർഷം പരിപാടി നടത്തും. അങ്ങനെ നാലഞ്ചു വർഷം. പക്ഷേ ഉദേശിക്കുന്നതലത്തിലേക്ക് പുസ്തകദേവാലയത്തെ കൊണ്ടുപോകാൻ അന്ന് കഴിഞ്ഞില്ല. പലർക്കും ആ ആശയം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ആ ശ്രമം പലപ്പോഴും പരാജയപ്പെട്ടുകൊണ്ടിരുന്നു.
‘ഇത് എന്റെ മനസ്സിൽ ഉണ്ടായ ചിന്തയാണല്ലോ. അപ്പോൾ ഇതിനുവേണ്ടി അധ്വാനിക്കേണ്ട ഉത്തരവാദിത്തം എനിക്കാണല്ലോ’ എന്ന് പ്രാപ്പൊയിൽ നാരായണൻ പറയുന്നു. അവിടെ തുടങ്ങുകയായിരുന്നു നവപുരം ദേവാലയത്തിനു വേണ്ടിയുള്ള മാഷിന്റെ ജീവിതം. ഓരോ രൂപയും ഇതിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു ആദ്യ പടി. ട്യൂഷൻ സെന്റർ ആയി നാരായണൻ മാഷ് തുടങ്ങിയ പാരലൽ കോളജ് പിന്നീട് വികസിച്ചു. 10 വർഷം കഴിഞ്ഞപ്പോൾ മോശമല്ലാത്ത സാഹചര്യത്തിലേക്ക് ആ സ്ഥാപനം എത്തി. അതിൽനിന്ന് കിട്ടുന്ന വരുമാനം ദേവാലയത്തിനും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചു. ജീവിച്ചാൽ മതി ആർഭാടം വേണ്ടെന്ന തീരുമാനമാണ് നവപുരം ദേവാലയത്തിന്റ കെട്ടുറപ്പ്. അങ്ങനെ 30 വർഷം കൂട്ടിവെച്ച് ദേവാലയം പണിയാൻ ആവശ്യമായ മൂലധനം കിട്ടി എന്ന് ഉറപ്പുവരുത്തിയ ശേഷം 2021 മാർച്ചിൽ ദേവാലയത്തിന് തറക്കല്ലിട്ടു.
ചെറുശ്ശേരിയും എഴുത്തച്ഛനും
ദേവാലയത്തിലെ പ്രധാന ശിൽപം ചെറുശ്ശേരിയുടേതാണ്. ഇവിടെ എല്ലാവർക്കും സ്ഥാനമുണ്ട്. എല്ലാവരോടും ബഹുമാനമുണ്ട്. പ്രവേശന കവാടത്തിൽ എഴുത്തച്ഛന്റെ ശിൽപമുണ്ട്. രണ്ടു വർഷം മുമ്പാണ് ഇത് സ്ഥാപിച്ചത്. തിരൂരുള്ള ഷിബു വെട്ടം എന്നൊരു ശിൽപിയുടേതാണ് കരവിരുത്. തുഞ്ചൻപറമ്പിൽ സ്ഥാപിക്കേണ്ട ശിൽപം ചില കാരണങ്ങൾകൊണ്ട് അവിടെ സ്ഥാപിക്കാൻ അനുവാദം കിട്ടിയില്ല. അങ്ങനെ ആ ശിൽപം പ്രാപ്പൊയിലിൽ എത്തി. ഈ ശിൽപത്തിനൊരു പ്രത്യേകതയുണ്ട്. 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത് 51 ഇഞ്ച് വലുപ്പത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരങ്ങൾകൊണ്ട് മലയാളം എന്ന് കൊത്തിവെച്ച രീതിയിലാണ് ശിൽപമുള്ളത്. താളിയോല കെട്ടുകളും അതിലുണ്ട്. കണ്ടാൽ ഒരാൾ ഇരിക്കുന്നതുപോലെ തോന്നുകയും ചെയ്യും.
‘ജ്ഞാനമാനവം’ എന്ന മറ്റൊരു ശിൽപമുണ്ട്. ഒരു പുസ്തകത്തിന് മേലൊരു ഭൂഗോളം, ആ ഭൂഗോളത്തിനുമേലേ ഒരു മനുഷ്യൻ ഇരുന്ന് പുസ്തകം വായിക്കുന്നു. അതും ഷിബു വെട്ടത്തിന്റെ കലാവിരുതുതന്നെ. രണ്ടാൾ പൊക്കമുള്ള ശിൽപമാണത്. എല്ലാത്തിനും അടിസ്ഥാനം ജ്ഞാനമാണെന്നുള്ള വെളിപ്പെടുത്തലാണത്. പിന്നെ ഗ്രന്ഥപ്രതിഷ്ഠയുടെ തൊട്ടടുത്തായി ‘ജ്ഞാനമയി’ ശിൽപവും. കുറെ പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നു. അതിന്റെ മുകളിൽ ഒരു പുസ്തകം തുറന്ന് വെച്ചിട്ടുണ്ട്. പുസ്തകത്തിന്റെ താളിൽനിന്ന് ഒരു കുഞ്ഞിനെ അമ്മ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ശിൽപം. നല്ല കുഞ്ഞാവുന്നതും നല്ല അമ്മയാകുന്നതും അറിവിലേക്കുള്ള പ്രവേശനമാണെന്ന സന്ദേശവുമായി അതവിടെ തലയുയർത്തിനിൽക്കുന്നു.
‘ഗ്രന്ഥപ്രതിഷ്ഠ’യും ചെറുശ്ശേരിയുടെ ശിൽപവും സന്തോഷ് മാനസം എന്ന ആളാണ് രൂപകൽപന ചെയ്തത്. വലിയ ഒരു പാറയിലാണ് ഗ്രന്ഥപ്രതിഷ്ഠ. അവിടെയൊരു ബുദ്ധാലയവും ഇരിപ്പിടവുമുണ്ട്. ആളുകൾക്ക് അവിടെ ധ്യാനത്തിലിരിക്കാം. ‘വിദ്യ ഭാഷ സംസ്കാരം’ എന്ന ചുമർചിത്രംകൂടി ഇവിടെയുണ്ട്. ഇതുവരെയുള്ള മാനവ സംസ്കാര ചരിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നു. കൂടാതെ, ഗുരുകുല സമ്പ്രദായ പാഠശാലകളും ഏറ്റവും മുകളിൽ ഒരു ജ്ഞാനപീഠവും.
എട്ടായിരത്തോളം പുസ്തകങ്ങൾ
എട്ടായിരത്തോളം പുസ്തകങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. കയറിച്ചെല്ലുന്ന ‘പ്രഥമാലയം’ ഒരു ലൈബ്രറിയാണ്. പല എഴുത്തുകാരും ഇവിടെ വരാറുണ്ട്. പ്രത്യേകിച്ചും പുതിയ എഴുത്തുകാർ. അവർ വരുകയും അവരുടെ പുസ്തകം ഇവിടെ കൊടുക്കുകയും ചെയ്യും. പുസ്തകം പ്രകാശനം കഴിഞ്ഞാൽ ചിലർ 25-50 കോപ്പികൾ ഗ്രന്ഥാലയത്തിൽ ഏൽപിക്കും. ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ പ്രസാദമായി വരുന്നവർക്ക് നൽകുകയും ചെയ്യും. ഒരുലക്ഷം പുസ്തകങ്ങളുള്ള ഒരു റിസർച് ലൈബ്രറിയാണ് നവപുരം പുസ്തക ദേവാലയത്തിന്റെ ലക്ഷ്യം. അഞ്ചാറ് വർഷത്തിനുള്ളിൽ അത് സാധ്യമാകുമെന്ന് എല്ലാവരും ഒന്നിച്ചു പറയുന്നു.
ചെറുശ്ശേരി ഗ്രാമം
ചെറുശ്ശേരി ഗ്രാമത്തിലാണ് നവപുരം സ്ഥാപിച്ചിരിക്കുന്നത്. ചെറുശ്ശേരിയുടെ പേരിൽ കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെടുന്ന കലാസാഹിത്യ ഗ്രാമമാണ് ചെറുശ്ശേരി ഗ്രാമം. ചെറുശ്ശേരിയോടുള്ള ഇഷ്ടംകൊണ്ട് ഇവിടത്തെ ആളുകൾ ഇട്ട പേരാണിത്. അദ്ദേഹത്തിന്റെ ആദരസൂചകമായി ചെറുശ്ശേരിയുടെ ഒരു ശിൽപവും ചെറുശ്ശേരി പ്രസാധനാലയം എന്ന പ്രസാധനകേന്ദ്രവും ഇവിടെയുണ്ട്. പരിപാടികൾ അവതരിപ്പിക്കാനായി ചെറുശ്ശേരിയുടെ പേരിൽതന്നെ ഒരു കലാമണ്ഡപവും ഉണ്ട്. മനോഹരമായ ശിൽപങ്ങളുള്ള ഒരു കലാമണ്ഡപം. ബാവുൾ ഗായിക ശാന്തിപ്രിയ ഇവിടെ ബാവുൾ അവതരിപ്പിക്കാനെത്തിയിരുന്നു. സംഗീതശ്രീ പുരസ്കാരം നേടിയ സംഗീതജ്ഞൻ ഡോക്ടർ പയ്യാവൂർ ഉണ്ണികൃഷ്ണൻ ഇവിടെ കച്ചേരി നടത്തിയിട്ടുണ്ട്. പലയിടത്തുനിന്നും ആളുകൾ ഇവിടെ വന്ന് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
പുസ്തക ദേവാലയം,ചെറുശ്ശേരി കലാമണ്ഡപത്തിൽ ശാന്തിപ്രിയ ബാവുൽ അവതരിപ്പിക്കുന്നു
ഗ്രന്ഥം നിറക്കൽ
ഏപ്രിൽ-മേയ് മാസങ്ങളിൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമുണ്ട് ഇവിടെ. ക്ഷേത്രത്തിലെ കലവറ നിറക്കലിന് സമാനമായി ഉത്സവകാലത്ത് ഇവിടെ ‘ഗ്രന്ഥംനിറക്കൽ ചടങ്ങ്’ നടത്തിവരാറുണ്ട്. ആളുകൾ താലങ്ങളിൽ പുസ്തകങ്ങൾ എടുത്തുകൊണ്ടുവന്ന് സമർപ്പിക്കുന്ന ചടങ്ങാണിത്. എഴുത്തുകാരും കുട്ടികളും പുസ്തകങ്ങൾ ഇവിടെ സമർപ്പിക്കും. എല്ലാവർഷവും നിരവധിയാളുകൾ ഇവിടെ എത്തും. ജ്ഞാനമാണ് ശേഖരിച്ചുവെക്കേണ്ടത് എന്ന ചിന്തയാണ് ഗ്രന്ഥംനിറക്കൽ ചടങ്ങിന്റെ ആധാരം.
ഉത്സവത്തിന്റെ ഭാഗമായി ഓരോ വർഷവും ദ്രാവിഡഭാഷ പുരസ്കാരങ്ങൾ നൽകാറുണ്ട്. മലയാളം, തമിഴ്, കന്നട, തെലുഗു എന്നീ ഭാഷകളിലാണ് പുരസ്കാരം നൽകുന്നത്. കേരളത്തിലെ മികച്ച നർത്തകർക്ക്, സംഗീതജ്ഞർക്ക് നൃത്തശ്രീ, സംഗീതശ്രീ പുരസ്കാരങ്ങളും നാടൻ കലാകാരന്മാർക്കുള്ള പുരസ്കാരങ്ങളും നൽകിവരുന്നു. പല വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും സംവാദങ്ങളും നടക്കും. പ്രധാനപ്പെട്ട കോളജുകളിലെ പ്രഫസർമാർ ചർച്ചകളിൽ പങ്കെടുക്കാറുമുണ്ട്. നാടൻ പാട്ടുകൾ, മുടിയേറ്റ്, ദഫ് മുട്ട്, ബാവുൾ സംഗീതംപോലുള്ള കലാരൂപങ്ങളും അവതരിപ്പിക്കപ്പെടാറുണ്ട്.
താമസിച്ച് എഴുതാം
എഴുത്തുപുരകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. അതിഥികളായെത്തുന്ന എഴുത്തുകാർക്ക് ഇവിടെ താമസിച്ച് അവരുടെ കൃതികൾ എഴുതാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ മൂന്ന് എഴുത്തുപുരകൾ പൂർത്തിയായി. ഏഴ് എഴുത്തുപുരകൾ പണിപ്പുരയിലാണ്. പല എഴുത്തുകൂട്ടായ്മ അംഗങ്ങളും രണ്ടു മൂന്നു ദിവസത്തോളം ക്യാമ്പ് ചെയ്യാൻ ഇവിടെയെത്താറുണ്ട്. പുസ്തക ചർച്ചകൾ, പുസ്തക പ്രകാശനങ്ങളൊക്കെ നടക്കും. എല്ലാത്തിനും ലളിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പ്രാഥമിക സൗകര്യങ്ങളും ലഘുവായ ഭക്ഷണവും ഇവിടെയുണ്ടാവും. ആരെയും നിർബന്ധിച്ച് ക്ഷണിക്കാറില്ല എന്നുമാത്രം. 25 പേർക്ക് ഒരേസമയം വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദങ്ങൾ നടത്താവുന്ന സംവാദ മണ്ഡപവും ഇവിടെയുണ്ട്. ചില വിഷയങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കാറുമുണ്ട്.
നവപുരത്തെ ശിൽപങ്ങൾ
പ്രാപ്പൊയിൽ മാഷ് പറഞ്ഞത്
ചെറുപുഴയിൽ പീയെൻസ് കോളജിന്റെ പ്രിൻസിപ്പലാണ് പ്രാപ്പൊയിൽ നാരായണൻ. ദേവാലയം പ്രവർത്തിക്കാനുള്ള ധനം ഇവിടെനിന്നാണ് കിട്ടുന്നത്. അധ്യാപനം തിരഞ്ഞെടുത്തതുതന്നെ വിദ്യയോടുള്ള, അറിവിനോടുള്ള ഇഷ്ടംകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും പഠിക്കുകയാണ്. എം.എ ഇംഗ്ലീഷ് ആണ് ഇപ്പോൾ പഠിക്കുന്നത്. ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാേജ്വഷനും ഉണ്ട്. പ്രായം എത്രയായാലും പഠിക്കാനും അറിവ് നേടാനുമുള്ള ഈ മനുഷ്യന്റ ത്വരയാണ് നവപുരം ദേവാലയത്തെ ചേർത്തുപിടിക്കുന്നത്.
ദേവാലയത്തെ കുറിച്ച് 27 പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. രണ്ട് പുസ്തകങ്ങൾ ഇംഗ്ലീഷിലും 25 എണ്ണം മലയാളത്തിലുമാണ്. എല്ലാത്തിന്റെയും ഗ്രന്ഥകർത്താവ് പ്രാപ്പൊയിൽ നാരായണൻതന്നെ. രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തെക്കുറിച്ചും ഇറങ്ങിയിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ പേര് ‘പ്രാപ്പൊയിൽ മാഷ് പറഞ്ഞത്’ എന്നുതന്നെ. പഠനകാലത്ത് തന്നെ പുസ്തകങ്ങളോട് താൽപര്യമുണ്ടായിരുന്ന പ്രാപ്പൊയിൽ നാരായണന് പ്രചോദനമായവർ പലരുമുണ്ട്. ബ്രണ്ണൻ കോളജിൽ വിഷ്ണുനാരായണൻ നമ്പൂതിരി ആയിരുന്നു നാരായണൻ മാഷിന്റെ അധ്യാപകൻ.