മൃഗങ്ങളെ വായിച്ചപ്പോൾ
text_fieldsകേരള ചരിത്രം പരിചരിച്ച് പോന്നിരുന്ന ഗതകാല ചരിത്ര ആഖ്യാനങ്ങൾക്കു പുറമെ ചരിത്രത്തിൽ വേറിട്ടൊരു അന്വേഷണരീതി പരിചയപ്പെടുത്തുകയാണ് മഹ്മൂദ് കൂരിയ എഴുതിയ ‘മൃഗകലാപം’ എന്ന പുസ്തകം. ഈ പുസ്തകം പ്രധാനമായും മലബാർ സമരങ്ങളുടെ ചരിത്രത്തിൽ മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കുന്നതിന് പകരം മൃഗങ്ങളെ നായകവേഷം അണിയിച്ചുകൊണ്ടുള്ള പഠനമാണ് ലക്ഷ്യം വെക്കുന്നത്.
നീണ്ട മലബാർ സമരകാലത്ത് നേരിട്ടോ അല്ലാതെയോ കലാപങ്ങളിൽ പങ്കുചേർന്ന മൃഗങ്ങളെ ചരിത്രത്താളുകളിൽ നിന്ന് കണ്ടെത്തി, മൃഗചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി മലബാറിലെ കലാപങ്ങളെ, സമരപോരാളികളെ, അധിനിവേശ ബ്രിട്ടനെ, ബ്രിട്ടൻ സേനയെ, എഴുത്തുകാരൻ വായിച്ചെടുക്കുമ്പോൾ, ഈ പുസ്തകം വായിക്കുന്ന വായനക്കാർക്ക് പുതിയ വായനനുഭവം ലഭിക്കുകയാണ്.
ഈ കഴിഞ്ഞ കാലംവരെ നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ, ദൈനംദിന പ്രക്രിയയിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൃഗങ്ങൾ, എന്തിന് ഈ കാലത്തും നാം സഹായ ഹസ്തങ്ങൾ അവർക്ക് നേരെ നീട്ടുമ്പോഴും നമ്മുടെ ചരിത്രങ്ങൾ മനുഷ്യകേന്ദ്രീകൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. കേരളത്തെ, മലബാർ ചരിത്രത്തെ, മൃഗങ്ങളെ കൊണ്ട് പുനർനിർമിക്കുകയാണ് ചരിത്രകാരൻ.
പ്രാദേശികവുമായി ഒത്തിണങ്ങിയ കന്നുകാലികളും ആനകളും നായകളും ഉൾക്കൊള്ളുന്നതിനോടൊപ്പം, ബ്രിട്ടൻ ഇറക്കുമതികളായ കഴുതകളും, കുതിരകളും കടന്നു വരുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഓരോ മൃഗത്തിനും ഓരോ അധ്യായം പുസ്തകത്തിൽ എഴുത്തുകാരൻ മാറ്റിവെക്കുമ്പോൾ ഓരോ മൃഗത്തെക്കുറിച്ചും ഗ്രന്ഥകാരൻ നടത്തിയ പഠനത്തിന്റെ ആഴവും അന്വേഷണത്തിന്റെ പരപ്പും തെളിയുന്നു.
സമരകാലങ്ങളോടും സമകാലിക വിവരണങ്ങളോടും നീതിപുലർത്താൻ പുസ്തകത്തിൽ 1930ന് മുമ്പുള്ള ഉറവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ അധികവും കേരളേതര ഉറവിടങ്ങളാണ്. ഓരോ പരാമർശത്തിനും സൂചികകൾ നൽകി ഉറവിടങ്ങൾ വ്യക്തമാക്കി കടന്നുപോയ പുസ്തകത്തിൽ എഴുത്തുകാരൻ നടത്തിയ പ്രയത്നം ശ്ലാഘനീയം. അതിനുപുറമെ വായനക്കാരുടെ ആസ്വാദനത്തിന് കോട്ടംതട്ടാതെയുള്ള വരിയിലെ ഒഴുക്കും വായനയെ ത്രസിപ്പിക്കുന്നു.
സാമൂഹിക പ്രതലത്തിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന പരാമർശങ്ങളുടെയും ആചാരങ്ങളുടെയും ചരിത്ര ഉദ്ധരണിയും പഴയകാല മാപ്പിളപ്പാട്ടുകളും അതിന്റെ സാരാംശങ്ങളും കവിതകൾ ചേർത്തതും, പ്രത്യേകിച്ച് അവസാന അധ്യായത്തിലെ ‘പൂച്ചവധം മുതൽ എലിപ്പട വരെ’ എന്ന മോയിൻകുട്ടി വൈദ്യരുടേതെന്ന് കരുതപ്പെടുന്ന വരികളിലൂടെയുള്ള പഠനവും വായനക്കാരിൽ കൗതുകമുണ്ടാക്കുന്നതാണ്.
വായന പൂർത്തീകരണത്തോടെ വായനക്കാരെ പുതിയ വീക്ഷണകോണിലൂടെ ചരിത്രത്തെ സമീപിക്കാനും, ചിന്തിപ്പിക്കാനും വഴിയൊരുക്കുന്നു. ചരിത്രത്തിൽ അടയാളപ്പെടുത്താതെ കടന്നുപോയതിനെ തേടിപ്പിടിക്കാൻ പ്രചോദിപ്പിക്കുകയും, ചരിത്രത്തെ പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതുകൂടിയാണ് പുസ്തകം.