അമ്മയുടെ പ്രതിവിപ്ലവം
text_fieldsഅമ്മയുടെ ഓർമപ്പുസ്തകം
മാധവൻപുറച്ചേരി
മാതൃഭൂമി ബുക്സ്
വിമോചന വിപ്ലവ സമരത്തിനായി ജീവിതം മാറ്റിവെച്ചവരുടെ വീടകങ്ങളിൽ ജീവിക്കാൻ വേണ്ടി പൊരുതിയ പെണ്ണിന് ആ പോരാട്ടത്തിലെ സംഭാവനയെന്താണ്. സമരചരിത്രത്തിൽ അവളുടെ ജീവിതത്തെ എത്രത്തോളം അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ ഇടംപിടിച്ച വിപ്ലവകാരികളുടെ കുടുംബിനികൾ അനുഭവിച്ച സമാനതകളില്ലാത്ത ത്യാഗത്തെ എങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്യൂണിസം അതിന്റെ രാഷ്ട്രീയ വായന ആരംഭിച്ച് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കമ്യൂണിസ്റ്റ് പാർട്ടിയെ വരിഞ്ഞിട്ടുമുറുക്കിയ ആണധികാരത്തിന്റെ ചവിട്ടടിയിൽതന്നെ ഉറപ്പിച്ചിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. ഈ യാഥാർഥ്യം ഉറവപൊട്ടി തെളിഞ്ഞുനിൽക്കുന്നതാണ് മാധവൻ പുറച്ചേരിയുടെ ‘അമ്മയുടെ ഓർമപ്പുസ്തകം’.
പോരാട്ടങ്ങൾക്ക് പ്രതിഫലം അധികാരമാകുമ്പോൾ അതിന് കൂട്ടുനിന്ന സ്ത്രീ പിന്നെയും അധികാരത്തിന്റെ അടുക്കള പുറത്തുതന്നെയെന്നാണ് വർത്തമാനവും. കവി മാധവൻ പുറച്ചേരിയുടെ ഈപുസ്തകം വിപ്ലവ ചരിത്രത്തിലെ ആൺ അടയാളങ്ങളുടെ പൂർണാധികാരത്തെ പൂർണമായും തള്ളിക്കളയുന്നു. അതിൽ സ്ത്രീയുടെ ജീവത്യാഗം എഴുതിച്ചേർക്കാത്തത് എന്ത് എന്ന ചോദ്യം ഉന്നയിക്കുന്നു. വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളിൽ ഇ.കെ. നായനാർക്കും കെ.എ. കേരളീയനും വിഷ്ണു ഭാരതീയനും സി. അച്യുത മേനോനുമൊപ്പം പ്രവർത്തിച്ച വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ മകനാണ് കവികൂടിയായ മാധവൻ പുറച്ചേരി. അമ്മ ഗംഗ അന്തർജനം. അച്ഛന്റെ ചരിത്രത്തിനും പോരാട്ടത്തിനും പരിക്കേൽക്കാതെ അമ്മ നടത്തിയ പരോക്ഷമായ പ്രതിവിപ്ലവത്തിന്റെ സ്മരണകളാണ് ഈ പുസ്തകം. പോരാട്ടങ്ങളെ ഒരു മുഖഭാവം കൊണ്ടുപോലും ചോദ്യം ചെയ്യാതെ അമ്മ നടത്തിയ, സ്മാരകം പ്രതീക്ഷിക്കാത്ത പോരാട്ടം. ജന്മിത്തം പടിയിറങ്ങി വർണവ്യവസ്ഥ തകർന്നപ്പോൾ വടക്കില്ലത്തേക്ക് പടികയറിവന്ന സമ്പന്നമായ പട്ടിണിയിൽ ഒരമ്മ മക്കളെ പോറ്റാൻ തന്നോടുതന്നെ നടത്തിയ യുദ്ധത്തിന്റെ കാണ്ഡമാണ് ഈ പുസ്തകം. അത് വിപ്ലവകാരിയുടെ ജീവിതം, കുടുംബ ബന്ധം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്നിവക്കപ്പുറത്ത് കേരളം കണ്ട ഏറ്റവും ശക്തമായ സ്ത്രീപക്ഷ ചരിത്രം കൂടിയാണ്.
നിങ്ങളിൽ മനുഷ്യൻ ബാക്കിയുണ്ടെങ്കിൽ കണ്ണുനനയാതെ ഈ പുസ്തകം മുഴുമിപ്പിക്കാനാവില്ല. ഒരു കവിയുടെ ഭാഷാലാവണ്യം പൂർണമായും പ്രയോഗിച്ച് അനുഭവങ്ങളുടെ ആഴങ്ങൾ രേഖപ്പെടുത്തിയ പുസ്തകമാണിത്. അമ്മയെക്കുറിച്ച് എഴുതാൻ ഭാഷയെ വെല്ലുവിളിക്കണം. അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം അടയാളപ്പെടുത്തണമെങ്കിൽ ഭാഷയും അത്രത്തോളം ആഴത്തിൽ ഇറങ്ങണം. അമ്മയോടുള്ള സ്നേഹവും അമ്മയനുഭവിച്ച യാതനയും നേരിട്ട വെല്ലുവിളികളും ദാരിദ്ര്യവും അനിതര സാധാരണമായ ഭാഷകൊണ്ട് അടയാളപ്പെടുത്തിയ അനുപമ ഗ്രന്ഥമായി ഈ പുസ്തകത്തെ കാണുന്നു. മൂന്നു മാനങ്ങളാണ് ഈ പുസ്തകത്തിൽ പ്രധാനമായും കാണുന്നത്. ഒന്ന്, അമ്മയെന്ന അനുഭവത്തെ ഭാഷകൊണ്ട് അടയാളപ്പെടുത്തുകയെന്ന സാഹിത്യതലം. രണ്ട്, ആൺ കോയ്മയാൽ രേഖപ്പെടുത്തപ്പെട്ട വിപ്ലവ ചരിത്രരചനകളെ നിഷ്കരുണം ചോദ്യം ചെയ്യുന്ന സ്ത്രീപക്ഷ ചരിത്രതലം. മൂന്ന്, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിൽ വകഭേദങ്ങൾക്കപ്പുറം വേദനയുടെയും ആത്മസംഘർഷങ്ങളുടെയും തലം.
വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും നേരവകാശം ആൺകോയ്മയുടെ പട്ടയമായി സമൂഹം ആലേഖനം ചെയ്തുകൊടുക്കുന്ന ചരിത്രാനുഭവങ്ങളെ രാഷ്ട്രീയമായി കീഴ്മേൽമറിക്കുകയാണ് മാധവൻ പുറച്ചേരി. ഗാർഹികാധ്വാനം സാമൂഹികാധ്വാനത്തിന്റെ ഭാഗമാണെന്ന രാഷ്ട്രീയ വായന ഗതിപിടിക്കാൻ ഏറെക്കാലം വൈകിയെങ്കിലും വിപ്ലവകാരികളുടെ സഹധർമിണികളും കുടുംബവും വിപ്ലവകാരികളുടേതിനേക്കാൾ ത്യാഗം അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സഹധർമണി ഗംഗ അന്തർജനത്തിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. പാർട്ടിയും സമരവും ലക്ഷ്യമാക്കുന്ന നേതാക്കളുടെ ജീവിതത്തിന് എത്രത്തോളം ചരിത്ര പ്രാധാന്യമുണ്ടോ അതേ പ്രാധാന്യമോ അതിലേറെയോ അതിനും മുകളിലോ, തിളക്കുന്ന വെള്ളത്തിലേക്ക് ഒരുപിടി അരിയുമായി ആരെങ്കിലും വരുന്നുണ്ടോയെന്ന് അന്വേഷിക്കുന്ന അന്തർജനം നേരിടുന്ന അഗ്നിപരീക്ഷയിലുണ്ട്.
ബ്രാഹ്മണനും നമ്പൂതിരിക്കും കോയ്മയിൽ അഭിരമിക്കണമെങ്കിൽ സമ്പത്ത് അടിസ്ഥാനമായി വേണം എന്നത് ഫിലോസഫി. സമ്പത്ത് ഇല്ലാതാവുകയും ആ സ്ഥാനത്തേക്ക് അടിത്തറയായി പട്ടിണി കയറുകയും ചെയ്യുമ്പോൾ ബ്രാഹ്മണ്യം ഉള്ളടക്കം നഷ്ടപ്പെട്ട തേങ്ങയുടെ തൊണ്ടുപോലെ പരിഹാസ്യമാകുന്നു എന്ന സത്യം മനസ്സിലാക്കാനുണ്ട്. ദാരിദ്ര്യം കടന്നുവന്നാലും ഇല്ലത്തുനിന്ന് ഇറങ്ങാതെ, അമ്മാത്തേക്ക് ഒഴിഞ്ഞുപോകാതെ കാലിൽ ചുറ്റിവലിക്കുന്ന ദുരഭിമാനത്തിന് ഒരു കോട്ടവും തട്ടാത്തത് അന്തർജനത്തിന്റെയും മക്കളുടെയും കുറ്റമല്ല എന്ന് സമൂഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല. പട്ടിണിയിലും അവരെ സവർണർ എന്ന് അവഹേളിക്കുന്ന അഭിനവ പോരാളികൾക്ക് മുന്നിൽ ഈ അമ്മയുടെ ജീവിതം പരിഹാസമാകാനും ഇടയുണ്ട്.
സവർണൻ എന്നാൽ സമ്പത്ത് വഹിക്കുന്നവൻ എന്ന അർഥം തന്നെയാണ് വർണ വ്യവസ്ഥയിലുള്ളത്. വർണം മാത്രം സ്വീകരിച്ച് വ്യവസ്ഥയിൽനിന്ന് നിഷ്പക്ഷ ഭൂമിയിലേക്ക് പലായനം ചെയ്യപ്പെടുന്ന അന്തർജനങ്ങളുടെ ജീവിതം മൂർധാവിൽ മുളപൊട്ടി ഗംഗാപ്രവാഹമായി വരുന്നതിന്റെ ആദ്യ ഉറവയാണ് ‘അമ്മയുടെ ഓർമപ്പുസ്തകം’. ഈ രോഷം ഒരു വേദ വിചാരമായി പുസ്തകത്തിൽ പലയിടത്തും പരിണമിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ എഴുത്തിൽ എഴുത്തുകാരൻ നേരിടുന്ന വലിയ സംഘർഷമുണ്ട്. വലിയ വിപ്ലവകാരിയുടെ ജീവിതം എന്നാണ് അച്ഛനെ കുറിച്ച് പറയുന്നത്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് അച്യുത മേനോൻ, ഇ.കെ. നായനാർ, എൻ.ഇ. ബാലാറാം, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ എന്നിവരുമായി ആത്മബന്ധമുള്ള മനുഷ്യനാണ് സ്മൃതിനാശം വന്ന് പിച്ചും പേയും പറയുന്നത് എന്ന് പരാമർശിക്കുന്നുണ്ട്. അതിന് വലിയ അന്തർധാരാർഥങ്ങളുണ്ട്.
അച്ഛന് ജീവിതം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതിനു താഴെ വല്ലപ്പോഴും തികട്ടിവരുന്ന ഓർമത്തുട്ടുകൾ മാത്രമാണ് കുടുംബം. വടക്കില്ലം എന്ന ആൽമരത്തിനു ചുവട്ടിൽനിന്ന് മാറി വെയിലത്തുനിർത്തപ്പെട്ട അന്തർജനത്തിന്റെ വേദനയും പട്ടിണിയും ആത്മസംഘർഷങ്ങളും മകൻ ആവിഷ്കരിക്കുമ്പോൾ അത് ആണധികാരത്തിന്റെ നേർക്കുള്ള സമരമായും മാറുന്നുണ്ട്. അച്ഛന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തെ അംഗീകരിക്കുന്നതിനൊപ്പം അമ്മയുടെ വേദനകൾക്കും ചേച്ചിയുടെ പരിഹാരമില്ലാത്ത രോഗത്തിനും ഉത്തരവാദി അച്ഛന്റെ പിടികിട്ടാത്ത യാത്രകളാണ് എന്ന് വരികൾക്കിടയിലല്ല, വരികൾക്ക് അടിയിൽ നിസ്സംഗമായി മകൻ പറഞ്ഞുവെക്കുന്നുണ്ട്. എല്ലാ വേദനകളെയും കടിച്ചമർത്തി, സ്ത്രീയുടെയും കുഞ്ഞിന്റെയും എല്ലാ സ്വാതന്ത്ര്യവും ജഠരാഗ്നിയിൽ ഹോമിച്ച് അതിൽനിന്ന് ജീവന്റെ ഹവിസ് സ്വീകരിച്ച് അരപ്പട്ടിണിയെയും മുഴുപ്പട്ടിണിയെയും മാറിമാറി ഉപനയനം നടത്തി ജീവിതംകൊണ്ട് അവർണനായ മകൻ അമ്മക്ക് തിരികെ നൽകിയ നിവേദ്യമായി ഈ പുസ്തകത്തെ കണക്കാക്കാനാകും..