ആേത്മാപദേശശതകം പുനർവായിക്കുമ്പോൾ
text_fieldsകേരളം ലോകത്തിനു നൽകിയ സന്യാസവര്യനാണ് ശ്രീനാരായണ ഗുരു. ഒരുതരത്തിൽ പറഞ്ഞാൽ സ്വാമി വിവേകാനന്ദനെപ്പോലെ ഇന്ത്യ കണ്ട ആത്മീയാചാര്യനാണ് ഗുരു. മഹാത്മാഗാന്ധിയുമായും രവീന്ദ്രനാഥ ടാഗോറുമായും സംവാദത്തിൽ ഏർപ്പെട്ട നവോത്ഥാന നായകനായിരുന്നു അദ്ദേഹം. പദ്യവും ഗദ്യവും ഒരുപോലെ ആവിഷ്കരിക്കാൻ കഴിഞ്ഞ, മനുഷ്യജീവിതത്തെ ദാർശനികമായി സംവാദവിധേയമാക്കിയ, വ്യാഖ്യാനിച്ച പ്രതിഭയായിരുന്നു നാരായണഗുരു.
വളരെക്കുറച്ചു കവിതകളേ ഗുരുവിന്റേതായി വെളിച്ചം കണ്ടിട്ടുള്ളൂ. അതിൽ ആേത്മാപദേശശതകം, ഷൺമുഖസ്തോത്രം, ഷൺമുഖദശകം, സുബ്രഹ്മണ്യകീർത്തനം, കുണ്ഡലിനിപ്പാട്ട്, അദ്വൈതദീപിക, ദൈവദശകം ദർശനമാല എന്നിവയാണ് പ്രധാനകാവ്യങ്ങൾ. ഇതിൽ ദൈവദശകം സ്വാമി ആലുവ അദ്വൈതാശ്രമത്തിൽ താമസിക്കുമ്പോൾ കുട്ടികൾക്കായി രചിച്ച കാവ്യമാണ്. എന്നാൽ, ഈ രചന കുഞ്ഞുങ്ങൾക്കുമാത്രമല്ല മുതിർന്നവർക്കും പ്രിയങ്കരമായ സൃഷ്ടിയാണ്.
കാവ്യങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട, ആഴക്കാഴ്ചകൾ പങ്കുവെക്കുന്ന രചനയാണ് ‘ആത്മോപദേശ ശതകം’. ഇതിനെ വ്യാഖ്യാനിക്കുക എന്നത് ദുർഗ്രഹമാണ്. ഭാഷയിലും ഭാവുകത്വത്തിലും പൊളിച്ചെഴുത്തു നടത്തിയ കവിയാണ് ഗുരു. ദാർശനികത കവിതകളുടെ അന്തർഹിത ശക്തിയെ അവതീർണമാക്കുന്നു. അരുണോദയത്തെ തുടർന്നുവരുന്ന സൂര്യപ്രഭപോലെ പരപ്പേറിയ ഒരു വിചാരരാശിയിലാണ് രണ്ടാംഘട്ടത്തെ പിന്തുടർന്നുവരുന്ന അനുഭൂതിഘട്ടത്തിൽ നാം എത്തിച്ചേരുന്നത്.
വെറും ദേവസ്തുതികളുടെ നുരയല്ല, ആത്മസാക്ഷാത്കാരത്തിന്റെ തിരയാണ് ‘ആത്മോപദേശ ശതക’ത്തിൽ അന്തർലീനമായതെന്ന ഡോ. സുകുമാർ അഴീക്കോടിന്റെ നിരീക്ഷണം ഇവിടെ അർഥവത്താണ്. അതുപോലെ ശിരോമണി എം.കെ. ഗോവിന്ദൻ എഴുതിയപോലെ, തത്ത്വജ്ഞാനികൾ കവികളാകുന്നു എന്നുപറഞ്ഞാൽ അതിൽ വളരെയധികം പരമാർഥം കലർന്നിട്ടുണ്ട്. ഏതു പരമാർഥസാരവും കവിതാമധുവിൽ മുക്കിക്കൊടുത്താൽ അത് ആസ്വദിക്കുന്നതായി കാണാം. കവിതയുടെ മാധുര്യം അത്രമാത്രം ആസ്വാദ്യകരമാകുന്നു.
യഥാർഥത്തിൽ ഈ കവിത അറിവിനെ, ആത്മജ്ഞാനത്തെ സംവാദ വിധേയമാക്കുന്ന രചനകൂടിയാണ്. ചിന്തയുടെ അഗാധതയും ലോകാനുഗ്രഹ പ്രവണതയും ധർമനിഷ്ഠയുമാണിവിടെ ഉയർന്നുകാണുന്നത്. ‘ആത്മോപദേശ ശതകം’ ഈ ഗുണങ്ങളാൽ മുന്നിട്ടുനിൽക്കുന്നു. ഗുരുവിന്റെ ദാർശനികമായ കവിതകളിലെല്ലാം തനിമലയാള പദങ്ങളാണ് ഉപയോഗിക്കുന്നത്. ‘ആത്മോപദേശ ശതക’ത്തിന് വ്യാഖ്യാനമെഴുതിയ ഗുരു ശിഷ്യനായ മഹാകവി കുമാരനാശാൻ എഴുതിയതുപോലെ, ഭാഷ ശുദ്ധ മലയാളവും രചന അതിമനോഹരവും ആയിരുന്നാലും ഗുരുവിന്റെ കവിതകൾക്ക് അർഥകൽപനയിൽ പലപ്പോഴും കാണാറുള്ള ഒരു ദുരവഗാഹതയിൽനിന്ന് ഈ കവിതയും മുക്തമല്ല എന്ന നിരീക്ഷണവും അർഥവത്താണ്. ‘ശതക’ത്തിന്റെ ആദ്യഖണ്ഡം ചേർക്കുന്നു.
‘അറിവിലുമേറിയറിഞ്ഞിടുന്നവൻ തന്നുരുവിലുമൊത്തു പുറത്തുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കിത്തെരുതെരെ വീണുവണങ്ങിയോതിടേണം!’ മേലുദ്ധരിച്ച കാവ്യഖണ്ഡത്തെ കുമാരനാശാൻ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. ‘അറിയുന്നവൻ, അറിയപ്പെടുന്നത്, അറിവ് എന്ന് പദാർഥങ്ങൾ മൂന്നാകുന്നു. സംസ്കൃതത്തിൽ ഇവക്ക് ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയം ഇങ്ങനെ പറയും. അദ്വൈത പുസ്തകങ്ങളുടെ ലക്ഷ്യം, ശാസ്ത്ര വിചാരം, തത്ത്വചിന്തനം, സ്വാനുഭവം, ഇവയെക്കൊണ്ടു മഹാത്മാക്കൾ ആ പരമാർഥത്തെ അറിഞ്ഞുജീവിക്കുന്നുണ്ട്.’
‘ആത്മോപദേശ ശതക’ത്തിന്റെ കാവ്യാവസാനം കുറിക്കുന്നത്, ‘അവനിവനെന്നറിയുന്നതൊക്കെയോർത്താലവനിയിലാദ്യമമായൊരാത്മരൂപം അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നുസുഖത്തിനായ് വരേണം.’ അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരനുസുഖത്തിനായ് ഭവിക്കേണം എന്ന് ഗുരു പറയുന്നു. അങ്ങനെ കേവലമായ വ്യക്തിപരതയിൽനിന്ന് സമൂഹപരതയിലേക്ക് പകർന്നാടുന്ന രചനയാണ്, കാവ്യത്തിന്റെ അന്തഃസത്തയാണ് ഈ കാവ്യഖണ്ഡം അനാവരണം ചെയ്യുന്നത്. മാനവികതയുടെ, മനുഷ്യത്വത്തിന്റെ സംത്രാസമാണ് ഗുരുവിന്റെ എല്ലാ കവിതകളും സന്നിവേശിപ്പിക്കുന്നത്. മതേതര ആത്മീയതയുടെ ആഴക്കാഴ്ചകൾ പങ്കുവെക്കുന്ന സൃഷ്ടികളാണ് ഗുരുവിന്റേത്.