പാപബോധങ്ങളുടെ അഴിയാക്കുരുക്കുകൾ
text_fieldsജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ചില ചിന്താ - ദാർശനിക അനുഭവങ്ങൾ സാധാരണ മനുഷ്യരുടെ ജീവിത പരിസരങ്ങളിൽ പതുക്കെ രൂപപ്പെടും. അത് ഭൂതകാലജീവിതം സംബന്ധിച്ചുള്ള കുറ്റബോധം, ആധി എന്നിവയാൽ കലുഷിതമാകുകയും ഭാവിയെകുറിച്ചുള്ള ചിന്തകൾ ആകുലതകളായി മനസ്സുകളെ കഠിനമായി ഗ്രസിക്കുന്നതുമാകാം. ‘ആത്മീയമാകട്ടെ ഭൗതീകമാകട്ടെ, എല്ലാ ദര്‍ശനങ്ങളും മനുഷ്യന്റെ അതിജീവനത്തില്‍ നിന്നുണ്ടായതാണ്. പുറത്തുള്ള ലോകത്തേയും അകത്തുള്ള ലോകത്തേയും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ദാര്‍ശനിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്‘ എന്ന് എം.എൻ. വിജയൻ മാഷ് പറയുന്നുണ്ട്.
ഒരു മനുഷ്യായുസ്സിനപ്പുറം ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും, പരലോകം, ആത്മാവ്, നിത്യത എന്നുള്ള ഘോര അസ്തിത്വ ചിന്തകൾ ജീവിതത്തെ സംഘർഷഭരിതമാക്കും. മുറിവേൽപ്പിച്ചവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് ഇഹലോകത്തെ സ്വന്തം ജീവിതത്തിൽനിന്നും പാപവിമുക്തി നേടുവാൻ അവൻ ശ്രമം തുടങ്ങും. അങ്ങനെ അഴിയാക്കുരുക്കുകളുടെ ഒരു പുതിയ ജീവിത കുത്തൊഴുക്കിൽ ചെന്ന് നിപതിക്കും.
കുറ്റബോധം പേറിയുള്ള ജീവിത പരിക്രമത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, പരലോകത്തെ നിഗൂഢമായ അർത്ഥവും ലക്ഷ്യവും തേടുന്ന ഒരു മനുഷ്യന്റെ അന്വേഷണമാണ് ‘മിയ കുൾപ്പ’ എന്ന നോവലിന്റെ പ്രമേയം.
മനുഷ്യർക്ക് കുറ്റബോധമുള്ളത് ഒരു കണക്കിന് നല്ലതാണെന്നു ബൈബിൾ പറയുന്നു. ‘കുറ്റബോധം തോന്നുമ്പോൾ നമ്മൾ തെറ്റുകൾ തിരുത്തും, അതു വീണ്ടും ചെയ്യാതിരിക്കാൻ ശരിക്കും ശ്രമിക്കും’ (സങ്കീർത്തനം 51:17).
സദാ ഉണർന്നിരിന്നുകൊണ്ട്, ഒരു കണ്ണാടിയിൽ നിഴലിക്കുന്ന പ്രതിബിംബംപോലെ താൻ ജീവിക്കുന്ന ജീവിതകാലത്തെ, സാമൂഹിക പരിസരങ്ങളെ ജാഗ്രതയോടെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നേരിടുകയും പ്രശ്നവത്കരിക്കുകയുമാണ് എഴുത്തകാരന്റെ കർമ്മപഥം.
പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു നീറ്റലാണ്. പാലും തേനുമൊഴുകുന്ന വാഗ്ദത്ത നാടുകള്‍ തേടിയുള്ള മലയാളിയുടെ പ്രയാണത്തിന്റെ ചരിത്രം തുടർന്നുകൊണ്ടേയിരിക്കും. ചുട്ടുനീറുന്ന ആകുലതയുടെ കൊടിയടയാളമായി പ്രവാസം എന്ന സംജഞ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം നാട്ടില്‍നിന്ന് അന്യദേശത്ത് ജീവിക്കേണ്ടിവരുന്ന ഏതൊരാളും അനുഭവിക്കുന്നത് പ്രവാസം തന്നെയാണ്.
ഓർമ, ഗൃഹാതുരത്വം, തീവ്ര അനുഭവങ്ങൾ, നവസ്വത്വനിർമാണം എന്നിങ്ങനെ നിരവധി മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രവാസസാഹിത്യത്തിന്റെ ഭാവുകത്വപരമായ രചനയാണ് മിയ കുൾപ്പ. പ്രവാസിയുടെ തിളങ്ങുന്ന ബാഹ്യരൂപത്തിനപ്പുറം അവന്റെ ഉള്ളിൽ നൊമ്പരം നിറഞ്ഞ ഒരു മനസ്സുമുണ്ടെന്ന് നോവൽ സാക്ഷ്യപ്പെടുത്തുന്നു.
‘മലയുടെ ചെരിഞ്ഞപ്രതലങ്ങളിൽ ക്യാപ്പർ ചെടികളും കാഫ് മരങ്ങളും കാണപ്പെട്ടു. മനുഷ്യപാദം ഒരിക്കലും ചെന്നിട്ടില്ലാത്ത സമതലങ്ങളിൽ പർപ്പിൾനിറമുള്ള ലാവണ്ടർപൂക്കൾ നിറഞ്ഞുനിൽക്കുന്നു. മരുഭൂമിയിൽ അടക്കപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങൾ പൂക്കളായി പുനർജനിച്ചിരിക്കാം.’
ഗൾഫിലെ പ്രവാസജീവിതത്തിനിടെ, തന്റെ ആത്മമിത്രവും ഏക ‘സഹമുറിയനുമായ’ സുഹൃത്തിനെ കോവിഡ് എന്ന മഹാമാരി, തന്നിൽനിന്ന് എന്നന്നേക്കുമായി അടർത്തിമാറ്റിയ യാഥാർഥ്യം കുഞ്ഞുമോൻ എന്ന ഈ നോവലിലെ മുഖ്യകഥാപാത്രം കുറ്റബോധത്തോടെ സ്മരിക്കുന്നതിൽ നിന്നുമാണ് ‘മിയ കുൾപ്പ’ എന്ന നോവൽ ആരംഭിക്കുന്നത്. മരുഭൂമിക്കുനടുവിൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സുഹൃത്തിനെ സംസ്കരിച്ച ഖബർസ്ഥാനിൽ, നിരവധി പ്രവാസികളുടെ സ്വപ്നങ്ങൾ കുഴിച്ചുമൂടപെട്ടതായി അയാൾക്കുതോന്നി. ആ ശ്മശാനഭൂമിയിൽ അവരുടെ സ്വപ്നങ്ങൾ, പർപ്പിൾനിറമുള്ള ലാവണ്ടർ പൂക്കളായി വിരിഞ്ഞുനിൽക്കുന്നതായും അയാൾക്ക് അനുഭവപ്പെട്ടു.
പ്രതീക്ഷകളുടെ വർണച്ചിറകിലേറി, മരുഭൂമിയുടെ വരണ്ടയാഥാർഥ്യങ്ങളിക്ക് വലിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ പിന്നീട് ചിറകുകൾ കരിഞ്ഞുണങ്ങി സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിപ്പോകുന്ന തീക്ഷ്ണമായ പ്രവാസാനുഭവത്തിലൂടെ, മറ്റേതൊരു പ്രവാസിയെയും പോലെ കുഞ്ഞുമോനും കടന്നുപോകുന്നു. മൂന്നു പതിറ്റാണ്ടിലധികമായുള്ള ഗൾഫ് പ്രവാസജീവിതം അവസാനിപ്പിച്ച് തന്റെ ജന്മനാടായ മലയോരഗ്രാമത്തിൽ തിരികെയെത്തുന്ന കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് നോവലിന്റെ ആഖ്യായനം.
പ്രവാസി മലയാളികളുടെ കണ്ണീരും വേദനയും വിയർപ്പും ഒറ്റപ്പെടലും അതിജീവനവും എക്കാലത്തും സാംഗത്യമുള്ള എഴുത്തനുഭവങ്ങളാണ്. സൗദിയിലെ പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്റെ പുതിയ നോവൽ ആവിഷ്കരിക്കുന്നതും ഒരു പ്രവാസിയുടെ ജീവിത അന്വേഷണങ്ങളാണ്.
‘എന്റെ പിഴ’ എന്നാണ് മിയ കുൾപ്പ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. വർഷങ്ങൾനീണ്ട പ്രവാസജീവിതം, അയാളെ പുതിയ ഒരു മനുഷ്യനാക്കി മാറ്റിയപ്പോൾ ജീവിതത്തിന്റെ അർഥം, മരണം, മരണാനന്തര ജീവിതം, നിത്യത തുടങ്ങിയ ഗാഢദാർശനിക ചിന്തകൾ അയാളെ വേട്ടയാടുന്നു. ആറ് പതിറ്റാണ്ടായി ഈ ഭൂമിയിൽ ജീവിക്കുന്ന താൻ എന്തെങ്കിലും സൽകർമ്മങ്ങൾ ചെയ്തുവോ?
തിരിച്ചറിവുവന്ന കാലം മുതൽ, തന്റെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റായ ചില പ്രവൃത്തികൾ അദ്ദേഹത്തിന്റെ സ്മൃതിപഥത്തിലെക്കു ഓരോന്നായി കടന്നുവന്നു. നിത്യജീവിതത്തെക്കുറിച്ചുള്ള ചിന്തകളും സമസ്യകളും അയാളെ പാപബോധത്താൽ നിറച്ചു. പാപമുക്തിനേടുവാൻ ബോധപൂർവമായി പരിശ്രമിക്കുന്ന അയാൾ നിരവധിയായ ഭൂതകാലജീവിത യാഥാർഥ്യങ്ങളെ കണ്ടുമുട്ടുന്നു. പാപപരിഹാരം ചെയ്തു നിത്യത പ്രാപിക്കാം എന്ന ചിന്തകളാണ് അയാളെ നയിക്കുന്നത്.
പതിനാലാം നൂറ്റണ്ടിലെ ഇറ്റാലിയൻ കവി ദാന്തെയുടെ പ്രസിദ്ധ രചന ‘ഡിവൈൻ കോമഡി’യിൽ മോക്ഷത്തിനായി നടത്തുന്ന മനുഷ്യന്വേഷണം എത്തിച്ചേരുന്ന ഭാവനകളെ വിവക്ഷിക്കുന്നുണ്ട്.
നരകം, ശുദ്ധീകരണ മണ്ഡലം, സ്വർഗം എന്നൊക്കെയുള്ള സംജ്ഞകൾ അങ്ങേനെയാണ് മനുഷ്യമനസ്സുകളിൽ ശക്തിയാർജിച്ചത്. യൗവ്വനത്തിലെ സ്വപ്നകാമനകളിൽ നിറഞ്ഞുനിന്ന സ്ത്രൈണ ബിംബം ലീലാമ്മ ആൻറി, പഠനകാലത്തെ പ്രണയനീ ജെസ്സി , ആദ്യ തൊഴിൽസ്ഥാപനത്തിലെ ഉണ്ണുണ്ണിച്ചായൻ, പ്രവാസിജീവിതത്തിൽ ആകസ്മികമായി കണ്ടുമുട്ടിയ ശ്രീലങ്കൻ ഗദ്ദാമ യുവതി അനുഷ ദമയന്തി, ഗ്രാമീണ വായനശാലയിലെ സുഹൃത്ത് സിദ്ധാർത്ഥൻ, നക്സലൈറ്റ് സ്വപ്നഗിരി ചന്ദ്രൻ, പാസ്റ്റർ റെജിയും പിതാവ് ചന്ത ഉപദേശിയും...
പാപപരിഹാരം തേടിയുള്ള തീർത്ഥയാത്രയിൽ, തന്റെ ഭൂതകാലത്തിൽ പല ഘട്ടങ്ങളിലായി ജീവിതത്തിൽ ഇടപഴകിയ കഥാപാത്രങ്ങളെ അയാൾ ഒരിക്കൽക്കൂടി കണ്ടുമുട്ടുന്നു... മധ്യതിരുവിതാംകൂറിലെ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥാപാത്രങ്ങളുടെ, പാത്രസൃഷ്ടികളെ യുക്തിഭദ്രമായി അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ താൻ ജീവിച്ച ഗ്രാമത്തിലെ പ്രകൃതിയുടെ സത്യവും ഭാഷയും വിളിയും അദ്ദേഹത്തെ തേടിയെത്തുന്നു. മനുഷ്യജീവിതത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക്, തന്നെ വലിച്ചടുപ്പിച്ച പ്രകൃതിയിൽ ലയിച്ചുകൊണ്ട് അദ്ദേഹം നിത്യതയിലേക്കു പ്രവേശിക്കുന്നു.
വിഖ്യാത പോളിഷ് എഴുത്തുകാരിയും 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വിസ്ലാവ സിംബോർസ്കയുടെ കവിത അനുബന്ധമായി നൽകികൊണ്ട് നോവൽ അവസാനിക്കുന്നു.പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളിയിലും കുഞ്ഞുമോൻ എന്ന കഥാപാത്രത്തിന്റെ ആത്മാംശം കണ്ടേക്കാം. അയാളുടെ ജീവിതം തന്റെ ജീവിതവുമായി സാമ്യമുണ്ടല്ലോ എന്ന് തോന്നിയേക്കാം...
അയാൾ ഇടപഴകിയ പലരെയും പ്രവാസത്തിന്റെ പല ജീവിതസന്ധികളിൽ കണ്ടുമുട്ടിയേക്കാം... ജീവിതഗന്ധിയായ പ്രമേയത്തെ ദുർഗ്രഹമായ ആഖ്യാനരീതി സ്വീകരിക്കാതെ, ലളിതവും സരളവുമായ കഥന - ആഖ്യായന ഭാഷയിലൂടെ രചയിതാവ് അവതരിപ്പിച്ചു എന്നത് എടുത്തുപറയാവുന്ന മേന്മ തന്നെയാണ്. തീർച്ചയായും, മലയാളിക്ക് നല്ലൊരു വായന അനുഭവമായിരിക്കും ഈ നോവൽ.