Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'രാജീവിനോടുള്ള പ്രണയം...

'രാജീവിനോടുള്ള പ്രണയം മാത്രമല്ല, ഇന്ത്യയോടുള്ള അടുപ്പത്തിന്റെ കഥയും’; ആത്മകഥയെക്കുറിച്ച് സോണിയ ഗാന്ധി

text_fields
bookmark_border
രാജീവിനോടുള്ള പ്രണയം മാത്രമല്ല, ഇന്ത്യയോടുള്ള അടുപ്പത്തിന്റെ കഥയും’; ആത്മകഥയെക്കുറിച്ച് സോണിയ ഗാന്ധി
cancel

ന്യൂഡൽഹി: രാജീവ് ഗാന്ധിയുമായുള്ള പ്രണയകഥ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തോടും ഇന്ത്യയോടും വളർന്നുവന്ന സ്നേഹത്തിന്റെ കഥ കൂടിയാണ് പുതിയ പുസ്തകമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ച് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 10ന് ഹാർപർകോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

യുവതിയായി ഇന്ത്യയിലെത്തിയപ്പോൾ രാജ്യത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് സോണിയ പറഞ്ഞു. രാജീവ് ഗാന്ധിയിൽനിന്നും ഇന്ദിര ഗാന്ധിയിൽനിന്നുമാണ് ഇന്ത്യയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പലതും പഠിച്ചത്. അവരുടെ ധൈര്യവും മറ്റുള്ളവരോടുള്ള കരുതലും മതേതര, ജനാധിപത്യ ഇന്ത്യയോടുള്ള പ്രതിബദ്ധതയും തന്നെ ഏറെ സ്വാധീനിച്ചെന്നും അവർ വ്യക്തമാക്കി.

രാജീവിനോടുള്ള പ്രണയം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ സ്നേഹിക്കാനും പിന്നീട് ഇന്ത്യയോട് അടുപ്പം തോന്നാനും ഇടയായ അനുഭവങ്ങളാണ് പുസ്തകത്തിന്റെ കാതൽ. ഈ സ്നേഹമാണ് തന്നെ പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും എത്തിച്ചതെന്നും സോണിയ പറഞ്ഞു.

മറ്റുള്ളവർ വർഷങ്ങളായി തന്റെ ജീവിതകഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ സ്വന്തം കഥ പറയാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ദശാബ്ദത്തിലേറെ മുമ്പാണ് പുസ്തകത്തിനായി എഴുതിത്തുടങ്ങിയത്. എന്നാൽ ഏകദേശം അഞ്ചുവർഷം മുമ്പാണ് ഗൗരവമായി എഴുത്തിലേക്ക് കടന്നതെന്നും സോണിയ പറഞ്ഞു.

രാഷ്ട്രീയമാണ് പുസ്തകത്തിന്റെ പശ്ചാത്തലമെങ്കിലും വ്യക്തിപരമായ ഓർമകൾക്കും അനുഭവങ്ങൾക്കുമാണ് പ്രധാന്യം നൽകിയിരിക്കുന്നത്. രാജീവ് ഗാന്ധിയുമായുള്ള ജീവിതം, ഇന്ദിര ഗാന്ധിയുമായുള്ള അടുപ്പം, ഇന്ത്യയിലേക്കുള്ള വരവ്, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ അനുഭവങ്ങളും പുസ്തകത്തിലുണ്ട്.

അഭിമുഖത്തിൽ രാഷ്ട്രീയ വിഷയങ്ങളിലും സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ നാശമുണ്ടായെന്ന് ബിജെപി ഭരണത്തെ വിമർശിച്ച അവർ, ആർ.എസ്.എസിൽനിന്ന് ഒന്നും പഠിക്കാനില്ലെന്നും പറഞ്ഞു. 2004ൽ പ്രധാനമന്ത്രി പദം നിരസിച്ചതിനെക്കുറിച്ചും സോണിയ അഭിമുഖത്തിൽ സംസാരിച്ചു. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെത്തുടർന്നുള്ള കുടുംബത്തിന്റെ ആശങ്കകളും മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എതിർപ്പുമാണ് അന്നത്തെ തീരുമാനത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി പദം നിരസിച്ചതിൽ ഇപ്പോൾ പശ്ചാത്താപമില്ലെന്നും സോണിയ പറഞ്ഞു.

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് ആദ്യം താൽപര്യമില്ലായിരുന്നുവെന്നും രാജീവ് ഗാന്ധിയുടെ കുടുംബവും കോൺഗ്രസ് പാർട്ടിയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പൊതുരംഗത്തേക്ക് കടന്നുവന്നതെന്നും സോണിയ പറയുന്നു. കുടുംബം നടത്തിയ ത്യാഗങ്ങളുടെ ലക്ഷ്യം ഭീഷണിയിലാണെന്ന് തോന്നിയതും പാർട്ടി ദുർബലമായതുമാണ് ഇടപെടാൻ പ്രേരിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:sonia gandi memoir Congress Rajiv Gandhi India 
Next Story