റൈറ്റ് ദി ഖുർആൻ
text_fieldsതഷ്രീഫയും ഭർത്താവ് അബ്ദുൽ ഗഫൂറും

ജീവിതത്തിലെ ചില കാര്യങ്ങൾ അങ്ങനെയാണ്, ആഗ്രഹിക്കുന്നത് എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ആഗ്രഹം ശക്തമാണെങ്കിൽ എല്ലാം തരണം ചെയ്ത് നമ്മളിലേക്കെത്തും. സ്വന്തം കൈപ്പടയിൽ ഖുർആനെഴുതണം! ഇതായിരുന്നു കണ്ണൂരുകാരിയായ തഷ്രീഫയുടെ ആഗ്രഹം. ആ ആഗ്രഹത്തിന് പിന്നാലെ ഭാര്യയും, അമ്മയുമായ ഒരു ഇരുപത്തിയാറുകാരി ഇറങ്ങിത്തിരിച്ചു. തന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുത്തു. ആർക്കും എളുപ്പത്തിൽ ഖുർആൻ എഴുതാൻ കഴിയുന്ന വിപ്ലവകരമായ ‘Write The Quran’ എന്ന ആശയത്തിന് രൂപം നൽകി.

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ തഷ്രീഫയ്ക്ക് നിറങ്ങളോടും വരകളോടും ഇഷ്ടമായിരുന്നു. അവധിക്കാലങ്ങൾ തഷ്രീഫ വെറുതെ ഇരിക്കാനുള്ളതായിരുന്നില്ല; ജ്വല്ലറി മേക്കിങ് ക്രോഷേയുമെല്ലാം പഠിച്ചെടുക്കാനുള്ള അവസരങ്ങളായിരുന്നു. പിന്നീട് കണ്ണൂർ കോളജിൽ ബികോം പഠിക്കുമ്പോഴാണ് അറബിക് കാലിഗ്രാഫിയെ കുറിച്ചു കൂടുതൽ പഠിക്കുന്നത്. ആ ഇഷ്ടം വെറുമൊരു നേരംപോക്കായിരുന്നില്ല തഷ്രീഫയ്ക്ക്. ഗ്ലിറ്ററും ക്ലേയും ഉപയോഗിച്ച് മനോഹരമായ ഡിസൈനുകൾ ഒരുക്കി. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള മണ്ണ് ശേഖരിച്ച് തഷ്രീഫയ്ക്ക് ചെയ്ത കാലിഗ്രാഫി വർക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അപ്പോഴും, കഴിഞ്ഞ അഞ്ചു വർഷമായി തഷ്രീഫയുടെ മനസ്സിന്റെ ഒരു കോണിൽ വലിയൊരു ആഗ്രഹമുണ്ടായിരുന്നു. വിശുദ്ധ ഖുർആൻ മുഴുവൻ എന്റെ സ്വന്തം കൈകളാൽ എഴുതി പൂർത്തിയാക്കണം.

വിവാഹശേഷവും തഷ്രീഫ കാലിഗ്രാഫി പരിശീലനം തുടർന്നു. മകളെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് തന്റെ വലിയ സ്വപ്നത്തിലേക്ക് അവൾ പേന ചലിപ്പിച്ചു തുടങ്ങിയത്. അതൊരു വെറും എഴുത്തായിരുന്നില്ല. കാലിഗ്രഫിയും, ഖുർആൻ എഴുതുന്നതുമൊക്കെ തന്റെ മനസ്സ് ശാന്തമാക്കുന്നതാണ്. സൂറത്തുൽ ബഖറ എഴുതി പകുതിയായപ്പോൾ തഷ്രീഫയുടെ മനസ്സിൽ ഒരു ചിന്ത വന്നു. തനിക്ക് ലഭിക്കുന്ന ഈ ആശ്വാസം മറ്റുള്ളവർക്കും അനുഭവിക്കാനാകണ്ടേ? പക്ഷേ, അറബി എഴുതാനറിയാത്തവർക്ക്, അല്ലെങ്കിൽ കൈ വിറയ്ക്കുന്ന പ്രായമായവർക്ക് എങ്ങനെ പിഴവുകൾ കൂടാതെ ഖുർആൻ എഴുതാൻ കഴിയും? ഈ ചിന്തയാണ് ‘Write The Qur’an’ എന്ന വിപ്ലവകരമായ ആശയത്തിന് വിത്തുപാകിയത്. പ്രായഭേദമന്യേ എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു രീതി—അതായിരുന്നു തഷ്രീഫയുടെ ലക്ഷ്യം.

ആശയം ലളിതമായിരുന്നെങ്കിലും അത് നടത്തിയെടുക്കാൻ തഷ്രീഫയ്ക്ക് വേണ്ടിവന്നത് രണ്ടര വർഷമായിരുന്നു. ഖുർആൻ അക്ഷരങ്ങൾ നേരിയതായി പ്രിന്റ് ചെയ്യുക (ട്രേസിങ് മെത്തേഡ്), അതിനു മുകളിലൂടെ ആർക്കും എളുപ്പത്തിൽ എഴുതാം.
പ്രിന്റിങ്ങിനെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന തഷ്രീഫ, ഇന്ത്യയിലുടനീളമുള്ള പ്രിന്റിങ് രീതികളെക്കുറിച്ച് പഠിച്ചു. ആദ്യത്തെ സാമ്പിളുകൾ വീണ്ടും മെച്ചപ്പെടുത്താൻ തീരുമാനിച്ചു. ഒരുപാടാളുകൾ അത് വാങ്ങുകയും ചെയ്തു. നിറം, പേപ്പറിന്റെ ഗുണമേന്മ, ബൈൻഡിങ് എല്ലാം ശ്രദ്ധിക്കണം. ‘ഇക്കാലത്ത് ഇതൊക്കെ ആര് വാങ്ങാനാണ്?’ എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.
ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികളും തളരുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യം 12,000 രൂപ ചിലവിട്ട് 10 ഖുർആൻ പ്രിന്റ് ചെയ്തു തുടങ്ങിയത്, ഇപ്പോൾ ലക്ഷങ്ങളുടെ ഖുർആൻ വിതരണം ചെയ്യുന്നിടത്തെത്തി. കൂടുതലായി ഇറക്കാൻ ഭർത്താവ് അബ്ദുൽ ഗഫൂർ സ്വന്തമായി ഒരു കാർ വാങ്ങാൻ സ്വരുക്കൂട്ടിവെച്ച പണം, പിന്നീടുള്ള പ്രിന്റിങ്ങിന് സന്തോഷത്തോടെ നൽകിയത് തനിക്കേറെ സന്തോഷമുള്ള നിമിഷമായിരുന്നു. ഉപ്പ മുഹമ്മദ് അലിയും, ഉമ്മ തജൂലയും പിന്തുണ നൽകിയിരുന്നു. ബിസിനസ്സുകാരും, കൂട്ടുകാരും മറ്റുപലരും തന്റെ സ്വപ്നത്തിന് പിന്തുണ നൽകിയിട്ടുണ്ട്. പാണക്കാട് സാദിഖ് അലി തങ്ങൾ, മുനവ്വറലി തങ്ങൾ തുടങ്ങിയവർ തനിക്ക് നൽകിയ പിന്തുണയും സഹായവും മറക്കാനാവാത്തതാണ് തശ്രീഫക്ക്.
ഒരു കൈയിൽ ചെറിയ കുഞ്ഞിനെ ഉറക്കി, മറു കൈ കൊണ്ടാണ് തഷ്രീഫ പലപ്പോഴും ഡിസൈനിങ്ങും പാക്കിങ്ങും വീഡിയോ ഷൂട്ടിങ്ങും എല്ലാം ചെയ്തത്. തെറ്റു പറ്റിയാൽ മായ്ക്കാൻ കഴിയുന്ന ‘ഇറേസബിൾ പെൻ’ ഉൾപ്പെടെ, ആ കിറ്റിലെ ഓരോ ചെറിയ കാര്യവും വലിയ ശ്രദ്ധയോടെയാണ് തഷ്രീഫ ഒരുക്കിയത്. മുതിർന്നവർക്കും, പുതുതായി ഇസ്ലാം സ്വീകരിച്ചവർക്കും ഇതൊരു അനുഗ്രഹമാണ്. എഴുതുമ്പോൾ മനസ്സ് ശാന്തമാകുന്നു, വായന മെച്ചപ്പെടുന്നു, ഖുർആൻ മനഃപാഠമാക്കാൻ സഹായിക്കുന്നു. പലരും ഇത് വിവാഹ മഹ്റായി നൽകുന്നു എന്നത് തഷ്രീഫയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന ട്രേസിങ് കിറ്റുകൾ മാത്രമല്ല തഷ്രീഫ ചെയ്യുന്നത്. 12000 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന കസ്റ്റമൈസ്ഡ് ഖുർആൻ വർക്കുകളും ഇപ്പോൾ ആവശ്യാനുസരണം ചെയ്തുകൊടുക്കുന്നുണ്ട്. തന്റെ സൃഷ്ടികൾ എത്ര വിലയേറിയതായാലും സാധാരണമായതായാലും, തഷ്രീഫയുടെ മനസ്സിലെ ഏക ലക്ഷ്യം ഒന്നുമാത്രമാണ്: തന്റെ കൈകളിലൂടെ പിറന്ന ഈ വിശുദ്ധ ഗ്രന്ഥം, അതിലെ അക്ഷരങ്ങളുടെ വെളിച്ചം, ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള, കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചേരണം.
ഷാർജ ബുക്ക് ഫെയറിൽ തന്റെ പുസ്തകവുമായി എത്തുകയെന്ന വലിയ ആഗ്രഹവും തഷ്രീഫ സഫലമാക്കി. സാധാരണ കുടുംബത്തിൽ ജനിച്ച തഷ്രീഫ, ആത്മാർത്ഥമായ ആഗ്രഹത്തിന് വേണ്ടിയുള്ള കഠിനാധ്വാനം കൊണ്ടാണ് അത് നേടിയെടുത്തത്. വലിയ ആഗ്രഹങ്ങളുണ്ടാവുന്നിടത്തല്ല അത്തിനുവേണ്ടി ഇറങ്ങി തിരിക്കുമ്പോൾ എന്തും സാധ്യമാകും എന്ന് തന്നെപോലെയുള്ള ഓരോ പെൺകുട്ടികളോടും പറയാതേ പറയുകയാണ് തഷ്രീഫ. റൈറ്റ് ഖുർആൻ ഒഫീഷ്യൽ (writethequranofficial) എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് എഴുതാവുന്ന ഖുർആൻ തഷ്രീഫ ആളുകളിലേക്ക് എത്തിക്കുന്നത്.


