ആതുരാലയമായ ആരാധനാലയം
text_fieldsപോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ല് പള്ളി
എടക്കര: തോരാതെ പെയ്ത ദുരിതപ്പെയ്ത്തിന്റെ ഉള്ളുലച്ച ഓർമകൾക്കൊപ്പം മനസ്സിലെത്തുന്ന മാനവികതയുടെ പേരാണ് പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ല് കമ്മിറ്റി. 2019 ആഗസ്റ്റ് എട്ടിന് രാത്രി നാടിനെ നടുക്കിയ കവളപ്പാറ ദുരന്തത്തിന്റെ തുടര്ദിവസങ്ങളിലായിരുന്നു ഈ മഹല്ല് കമ്മിറ്റി ഐക്യവും സഹജീവി സ്നേഹവും എല്ലാത്തിനും മുകളിലാണെന്ന് ലോകരെ മുഴുവന്‍ പ്രവൃത്തികൊണ്ട് അറിയിച്ചത്. നിലക്കാതെ ആർത്തിരമ്പി പെയ്ത മഴയിൽ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞ് മണ്ണിലാണ്ടവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഇടമൊരുക്കിയത് ഈ പ്രാര്ഥനാലയത്തിലായിരുന്നു.
അക്കാലം വരെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ മനുഷ്യമനഃസാക്ഷി മരവിച്ചുനില്ക്കുമ്പോഴാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ല് കമ്മിറ്റിയുടെ ഇടപെടലുണ്ടായത്. പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യം മൂലം ദുരന്തത്തിലകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലോ, നിലമ്പൂര്‍ ജില്ല ആശുപത്രിയിലോ കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ അധികൃതര്‍ പറ്റിയ ഇടം അന്വേഷിച്ചാണ് പള്ളി ഭാരവാഹികളുമായി സംസാരിച്ചത്.
പള്ളി തുറന്നുകൊടുക്കാന്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ല് കമ്മിറ്റിക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ബലിപെരുന്നാളിലെയും വെള്ളിയാഴ്ചയിലെയും നമസ്കാരങ്ങള്‍ പോത്തുകല്‍ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി. പിന്നെ നമസ്കാര ഹാള്‍ ആശുപത്രി മുറിയും മദ്റസയിലെ മേശകള്‍ കൂട്ടിവെച്ച് പോസ്റ്റ്മോര്‍ട്ടം ടേബിളുമാക്കി. മയ്യിത്ത് പരിപാലന കര്‍മങ്ങള്‍ക്ക് പള്ളിയില്‍ ഉപയോഗിച്ചിരുന്ന സ്ട്രെച്ചര്‍ തന്നെയാണ് മുഴുവന്‍ പോസ്റ്റ്മോര്‍ട്ടത്തിനും ഉപയോഗിച്ചത്. അങ്ങനെ ജാതിമത ഭേദമന്യേ മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടപടി പള്ളിയില്‍ നിന്ന് പൂര്‍ത്തിയാക്കി.
പടച്ചവന്റെ ഭവനം എല്ലാ പടപ്പുകള്ക്കുമായി മാറ്റിയതിന് പിന്നില്‍ മനുഷ്യത്വത്തിലൂന്നിയ ചിന്തയും ദൈവികപ്രീതിയും മാത്രമാണെന്ന് പ്രസിഡൻറ് എം. സിദ്ദീഖ്, സെക്രട്ടറി കവണഞ്ചേരി അബ്ദുല്‍ കരീം എന്നിവർ പറയുന്നു. പള്ളി കമ്മിറ്റിയെടുത്ത തീരുമാനം ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ക്കിടയിലും പ്രശംസക്കിടയാക്കിയിരുന്നു. വഖഫ് ബോര്‍ഡിന്റെ പാരിതോഷികമായി പോത്തുകല്ലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരു ലക്ഷം രൂപ അന്നത്തെ ചെയർമാൻ റഷീദലി തങ്ങള്‍ പള്ളി കമ്മിറ്റിക്ക് കൈമാറിയിരുന്നു.