ഗിന്നസ് റെക്കോഡ് ബുക്കിന് 70; അവിസ്മരണീയ ശേഖരവുമായി നോബി കുറിയാലപ്പുഴ
text_fieldsനോബി കുര്യാലപ്പുഴയും അദ്ദേഹത്തിന്‍റെ ഗിന്നസ് വേൾഡ് റെക്കോഡ്സുമായി ബന്ധപ്പെട്ട വാർത്തകളുടെ ശേഖരവും
തളിപ്പറമ്പ്: ലോകത്തെ അമ്പരപ്പിച്ച റെക്കോഡുകളുടെ പുസ്തകമായ ഗിന്നസ് വേൾഡ് റെക്കോഡ്സ് 70 വർഷം പൂർത്തിയാക്കുന്ന വേളയിൽ, പുസ്തകവുമായി ബന്ധപ്പെട്ട അപൂർവ ശേഖരങ്ങളാൽ ശ്രദ്ധേയനാവുകയാണ് ആലക്കോട് സ്വദേശി നോബി കുറിയാലപ്പുഴ.
ഗിന്നസ് റെക്കോഡ് ബുക്കുകളുടെ വാർത്തശേഖരത്തിന് പുറമെ, പഴയ നാണയങ്ങളും സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളിലെ കറൻസികളും പുരാവസ്തുക്കളുടെയും വലിയ ശേഖരമാണ് ഇദ്ദേഹത്തിന്റെ കൈമുതലായുള്ളത്.
നോബിയുടെ ശേഖരത്തിലെ ഗിന്നസ് റെക്കോഡ് ബുക്കുകളുടെ 1977, 1982 വർഷം പുറത്തിറക്കിയ പതിപ്പുകൾ
1955 ലാണ് ആദ്യത്തെ ലക്കം ഗിന്നസ് ബുക്ക് പുറത്തിറക്കിയത്. 1980 വരെ ചെറിയതരം ബുക്കുകളാണ് പുറത്തിറക്കിയത്. 1977ലെ ചെറിയ ഗിന്നസ് ബുക്കും 1982ലെ വലിയ ഗിന്നസ് ബുക്കും നോബിയുടെ ശേഖരത്തിലുണ്ട്.
ലോക റെക്കോഡുകളെ അടുത്തറിയുന്നതിലും അവ ശേഖരിക്കുന്നതിലും രണ്ട് പതിറ്റാണ്ടിലേറെയായി താൽപര്യം പുലർത്തിയിരുന്നു നോബി.
ഗിന്നസ് റെക്കോഡുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും റെക്കോർഡ് ഉടമകളെക്കുറിച്ചും ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണങ്ങളിൽ വന്ന നൂറുകണക്കിന് വാർത്ത ക്ലിപ്പുകളും സൂക്ഷിക്കുന്നുണ്ട്.ഈ വാർത്തശേഖരം ഒരു ആൽബത്തിൽ കാലക്രമത്തിൽ അടുക്കിവെച്ചിരിക്കുകയാണ്. അതിരുകളില്ലാത്ത മനുഷ്യന്റെ നേട്ടങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും അടുത്ത തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമൂല്യ ശേഖരങ്ങൾ സൂക്ഷിക്കുന്നതെന്ന് നോബി പറയുന്നു.


