നഗരത്തിലെ നരച്ച ബംഗ്ലാവ്
text_fieldsവര: ഇസ്ഹാഖ് നിലമ്പൂർ
അമീന ബഷീർ
നഗരത്തിലെ പച്ചത്തുരുത്തായ
ഒരു നരച്ചബംഗ്ലാവിൽ
ഞാനെന്റെ പ്രണയത്തെ
പ്രതിഷ്ഠിച്ചു...
ശബ്ദമുഖരിതമായ നഗരത്തിൽ
ഞങ്ങളിരുവരും
നിശ്ശബ്ദതയുടെ പേടിപ്പെടുത്തുന്ന
ആഴങ്ങളെ അറിഞ്ഞതേയില്ല...
തലയുയർത്തി നിൽക്കുന്ന
പ്രൗഢമായ ഭൂതകാലം തിരഞ്ഞ്
ഞാനാ വിള്ളലുകൾ നിറഞ്ഞ
കെട്ടിടത്തിൽ
സ്വയം മറന്നവനെപ്പോലെ
ഉന്മത്തനായി നടന്നു...
പ്രണയമെങ്ങനെയാണ്
ഇത്രമേലലകൾ
ഒരുവനിൽ സൃഷ്ടിക്കുന്നത്?
അടുപ്പങ്ങൾ അടക്കം പറയുന്നത്
ഞാൻ കേട്ടില്ലെന്നു നടിച്ചു...
ആരെയോ കാത്തുനിൽക്കുന്ന
പോലെ നിൽപുറപ്പിച്ച
ആ ബംഗ്ലാവെന്നോടു പറഞ്ഞതും
ഒരിക്കലും കിട്ടില്ലെന്നറിഞ്ഞിട്ടും
ഭൂതകാലത്തിൽ സ്വയമൊടുങ്ങുന്ന
ഒരുവന്റെ കഥതന്നെയായിരുന്നു!