വളയംപിടിക്കുന്ന കൈകളിൽ അക്ഷരവസന്തം
text_fieldsരതീഷും പാത്തിക്കാലൻ എന്ന പുസ്തകത്തിന്റെ പുറംചട്ടയും
നെടുങ്കണ്ടം: ജോലി: ഡ്രൈവിങ്, ഹോബി: എഴുത്ത് ഇതുവരെ എഴുതിയത് 500ലധികം സൃഷ്ടികള്‍. ഇത് നെടുങ്കണ്ടത്തെ ലോറി ഡ്രൈവറുടെ കഥ. ഉപജീവനമാര്‍ഗത്തിനായി ദേശാന്തരങ്ങള്‍ ചുറ്റിത്തിരിഞ്ഞ് വളയംപിടിച്ചപ്പോള് അതോടൊപ്പം പിറവി എടുത്തത് 500ലധികം സൃഷ്ടികൾ. കഥ, കവിത, ചെറുകഥ, യാത്ര വിവരണം, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയ അനവധി രചനകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നെടുങ്കണ്ടം കൈലാസപ്പാറ രശ്മീഭവനില് രതീഷ് (47)എഴുത്തിനെയും യാത്രകളെയും ഒരുപോലെ ഇഷ്ടപ്പെടുന്നു. വളയം പിടിച്ച് തഴമ്പിച്ച കൈകളില്‍നിന്ന് മെനഞ്ഞെടുത്ത രചനകള്‍ ഇപ്പോള്‍ പുസ്തക രൂപത്തിൽ പിറവിയെടുക്കുകയാണ്.
ലോറിയുമായി ദേശാന്തരങ്ങള്‍ ചുറ്റി മാസങ്ങള്‍ക്കുശേഷം വീട്ടില്‍ തിരികെ വന്നാല്‍ ഉടന്‍ തന്റെ മഹീന്ദ്ര ഫോര്‍ എക്സ് ഫോര്‍ ജീപ്പില്‍ കയറി ഹൈറേഞ്ചിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലോ, പൈന്മരക്കാട്ടിലോ എത്തി ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് തൂലിക ചലിപ്പിച്ച് തുടങ്ങും. നന്നേ ചെറുപ്പത്തിലെ കവിതകള്‍ എഴുതിയിരുന്നുവെങ്കിലും ആരെയും കാണിക്കാതെ കീറിക്കളയുകയായിരുന്നു പതിവ്.
1994 -95ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ‘വിടരുന്ന മൊട്ടുകള്‍’ കവിത കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സജീവമായത്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ എഴുത്തുകാരനാണ് രതീഷ്. സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ സൃഷ്ടികള്‍ അതിലേക്ക് മാറി. ഇത് ഏറെ ജനശ്രദ്ധ നേടുകയും സുഹൃത്തുക്കളുടെ പ്രോത്സാഹനവും ഏറിയതോടെ ആല്‍ബങ്ങളിലേക്കും ചുവടുവെച്ചു.
പിന്നാലെ ഓണപ്പാട്ടുകള്‍, ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും രചിച്ചു. അതോടൊപ്പം ‘എന്‍ മാതാവിന് കരങ്ങളില്‍’ എന്ന ക്രിസ്ത്യന്‍ ആല്‍ബത്തിലെ ഗാനത്തിന് വരികള്‍ എഴുതി. വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേടിന്റെ ഐതിഹ്യമുറങ്ങുന്ന കഥയും കവിതയാക്കി രചിച്ചിട്ടുണ്ട്.
‘പാത്തിക്കാലന്‍’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അറവുശാലയിലെ അതിഥി, അങ്ങനെ ഒരു കാളരാത്രി, പുട്ട് ഒരു അപാരത, കൂട്ടുകാരി, ഫ്രീക്കന്‍, നീലക്കൊടുവേലി തേടിയ പെണ്ണ്, ഒരുപെണ്ണ് കാണല്‍ ചടങ്ങ്, ഒരു ഉടുമുണ്ടിന്റെ തേപ്പുകഥ, പാത്തിക്കാലന്‍ എന്നിങ്ങനെ 18 കഥകള്‍ ചേര്‍ന്ന പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നത്. ഓണത്തിന് ശേഷം പുസ്തക പ്രകാശനം നടക്കും. ഭാര്യ: രജനി. മക്കള്‍: അര്‍ച്ചന, അര്ജുന്.