Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘രണ്ടാമടക്കം’:...

‘രണ്ടാമടക്കം’: സമൂഹമനസ്സിന്‍റെ പുനഃപ്രതിഫലനങ്ങൾ

text_fields
bookmark_border
Salil Joses novel
cancel

ചില കഥകൾ നമ്മളിഷ്ടപ്പെടുന്നത് അവയുടെ അവതരണമേന്മകൊണ്ടു മാത്രമല്ല,അതിലെ കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ സാഹചര്യങ്ങളുമായി നമ്മുടെ ഇഴുകിച്ചേരൽ കൊണ്ടുകൂടിയാണ്. സലിൽ ജോസിന്‍റെ 'രണ്ടാമടക്കം' എന്ന നോവൽ അങ്ങനെയൊന്നാണ്. ഒരു കഥ പറഞ്ഞുപോകുന്ന വെറുമൊരു നോവലല്ല അത്. ഒരു കാലഘട്ടത്തിന്‍റെ, ഒരു ദേശത്തിന്‍റെ, പലകൂട്ടം ആളുകളുടെ കൂട്ടായ ഓർമ്മകളുടെ മാറ്റൊലിയാണത്.

ഈയടുത്ത കാലത്ത് "അജയന്‍റെ രണ്ടാം മോഷണം" (ARM) എന്ന സിനിമ കണ്ടപ്പോൾ അപ്രതീക്ഷിതമായ ഒരു ബന്ധത്തിന്‍റെ കണ്ണിയിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. സിനിമയിൽ വെള്ളത്തിലെറിയപ്പെട്ട ആ വിഗ്രഹം 'രണ്ടാമടക്ക'ത്തിൽ ഭൂഗർഭത്തിലെ കുളത്തിലടക്കം ചെയ്യപ്പെട്ട ആ വിഗ്രഹത്തെ ഓർമ്മിപ്പിച്ചു. ഈ സാമ്യതകൾ മനസിലങ്ങനെ കിടക്കുന്ന സമയത്താണ് പാലായിൽ കത്തീഡ്രൽ പള്ളിയുടെ പരിസരത്തു നിന്ന് ഒരു വിഗ്രഹം കിട്ടിയെന്ന വാർത്ത പ്രചരിക്കുന്നത്. ഇതെല്ലാം വെറും യാദൃശ്ചികതകളാണോ? അതോ ഭൂതകാലം നമ്മുടെ സർഗമനസ്സുകളെ നാമിനിയു മനസിലാക്കിയിട്ടില്ലാത്ത വിധങ്ങളിൽ സ്വാധീനിക്കുന്നതോ? കാലത്തിനും മായ്ച്ചുകളയാൻ കഴിയാത്തവിധം ജനമനസുകളിൽ രൂഢമൂലമായ വിശ്വാസ സംഘർഷങ്ങളുടെ പ്രതീകങ്ങളോ?

'രണ്ടാമടക്ക'ത്തിൽ ആ വിഗ്രഹ ഒരു വെറും വസ്തു അല്ല. വിശ്വാസവും രാഷ്ട്രീയവും വ്യക്ത്യനുഭവങ്ങളും ഇഴചേർന്ന ചരിത്ര ബിംബമാണ് അത്. വിശ്വാസവും അന്ധവിശ്വാസവും ഇഴപിരിഞ്ഞുകിടക്കുന്ന പാരമ്പര്യങ്ങളെ ഇപ്പോഴും മുറുകെപ്പിടിക്കുന്ന കേരളത്തിന്‍റെ സാമൂഹിക പശ്ചാത്തലം ഈ നോവൽ അസാധാരണ മികവോടെയും കൈയടക്കത്തോടെയും കൈകാര്യം ചെയ്യുന്നു.

ഒച്ചപ്പാടുകൾ ഉണ്ടാക്കാതെയും ന്യായവിധികൾ ഒന്നും നടത്താതെയും ഉള്ള നിയന്ത്രിതമായ കഥപറച്ചിൽ സലിൽ ജോസിന്‍റെ ഈ നോവലിനെ വേറിട്ടുനിർത്തുന്നു. പ്രകൃതിയെ, ചരിത്രത്തെ, കഥാപാത്രങ്ങളെ ഒക്കെ പൂർണ്ണസ്വതന്ത്രമായി വിട്ടുകൊണ്ട് വായനക്കാരെ അവരുടെ സ്വന്തം അർത്ഥതലങ്ങൾ കണ്ടെത്താൻ അനുവദിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി.

അടക്കപ്പെട്ട വിഗ്രഹങ്ങളെപ്പോലെ തന്നെ, മറഞ്ഞിരിക്കാൻ വിസമ്മതിക്കുന്നു "രണ്ടാമടക്ക" ത്തിന്‍റെ പ്രമേയം—നോവലിലും സിനിമയിലും യാഥാർത്ഥ്യത്തിലും. പുനർവ്യാഖ്യാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അവ ഇടയ്ക്കിടെ ഉയർന്നുവന്നുകൊണ്ടേയിരിക്കും. ഒരുപക്ഷേ അതായിരിക്കാം ഈ നോവലിന്‍റെ യഥാർത്ഥ ശക്തി. ഇത് ഇതെഴുതപ്പെട്ട കാലത്തെ മാത്രം കഥയല്ല. മറിച്ച്, പുതിയ യാഥാർത്ഥ്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന, പഴയതെല്ലാം എന്നേക്കുമായി അടക്കപ്പെട്ടതല്ല, കണ്ടെത്തപ്പെടാൻ വേണ്ട കാത്തിരിക്കുന്നവയാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു തുറന്നെഴുത്താണ്.

പൂർണ പബ്ലിക്കേഷൻസ് ആണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്.

Show Full Article
TAGS:novel 
News Summary - About Salil Joses novel
Next Story