‘‘ദാ, ചെണ്ടക്കൂറ്റ് കേൾക്കുകയായി...’’; ‘അല്ലോഹലൻ’ എന്ന പുതിയ നോവലിനെ കുറിച്ച് അംബികാസുതൽ മാങ്ങാട് എഴുതുന്നു
text_fieldsഅംബികാസുതൽ മാങ്ങാട്
അംബികാസുതൽ മാങ്ങാടിന്റെ പുതിയ നോവൽ ‘അല്ലോഹലൻ’ വായനക്കാർക്ക് മുൻപിലേക്കെത്തുകയാണ്. േനാവലിനെ പരിചയപ്പെടുത്തി അംബികാസുതൽ മാങ്ങാട് എഴുതിയ കുറിപ്പാണ് ചുവടെ...
പ്രിയരെ, എൻ്റെ പുതിയ നോവൽ അല്ലോഹലൻ - വരികയായി. തെയ്യങ്ങൾ നിറഞ്ഞ നോവലാണ്. മരക്കാപ്പും മാക്കവും നിറയെ തെയ്യമാണ്. എൻമകജെയിൽ ജടാധാരി തെയ്യം നിറഞ്ഞ് നില്പുണ്ട്. തെയ്യങ്ങൾ തിങ്ങി നിറഞ്ഞ ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് തെയ്യങ്ങളെ എഴുതാതെ വയ്യ. പഠിക്കുന്ന കാലത്ത് തെയ്യം ഫീച്ചറുകൾ എഴുതിയതിന് കണക്കില്ല. ദൂരദർശൻ ആരംഭകാലത്ത് തെയ്യം ഡോക്യുമെൻ്ററികൾ ചെയ്തു. പിന്നെ 40 വർഷമായി തെയ്യം കഥകൾ എഴുതുന്നു കർക്കിടകം തൊട്ട് കാരക്കുളിയൻ വരെ വായനക്കാർ ഏറ്റെടുത്ത കുറേ തെയ്യം കഥകളുണ്ട്. ഒടുവിൽ വന്നത് തോട്ടുങ്കരപ്പോതി. വേട്ട ചേകോൻ എന്ന തെയ്യം, പൊട്ടിയമ്മത്തെയ്യം എന്നിവ എൻ്റെ തെയ്യം കഥകളുടെ സമാഹാരങ്ങളാണ്. മലയാളത്തിലെ തെയ്യം കഥകൾ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുമുണ്ട്.
മൂന്നര പതിറ്റാണ്ടിന് മുമ്പാണ്. മാങ്ങാട് നിന്നും നെഹ്റു കോളേജിലേക്ക് പോകുന്ന വഴിയിലാണ് അല്ലോഹലൻ എന്ന എട്ടു കുടക്കീഴിൽ പ്രഭുക്കന്മാരിലെ മുഖ്യൻ നാടുവാണ മടിയൻ കോവിലകം. അക്കാലത്ത് ആദ്യം പോയപ്പോൾ തന്നെ ആ വേറിട്ട ഭൂമികയും വേറിട്ട ക്ഷേത്രവും എന്നെ വല്ലാതെ വശീകരിച്ചു. അല്ലോഹലൻ്റെ ഐതീഹ്യം കേട്ടപ്പോൾ വിസ്മയിച്ചു. ചതിയിൽ കൊന്നു താഴ്ത്തിയ വടക്കേ ക്കുളത്തിലേക്ക് പോകുമ്പോഴൊക്കെ ഭയത്തോടെ നോക്കി. കാഞങ്ങാട് ദേശത്ത് പഴമക്കാർക്കൊക്കെ അല്ലോഹലചരിതം അറിയാം. പിന്നെ യും പലരിൽ നിന്നും അതൊക്കെ കേട്ടു. ഒരു വ്യാഴവട്ടം മുമ്പെഴുതിയ തുപ്പുന്ന എന്ന എൻ്റെ കഥയിലെ കോളാമ്പി അല്ലോഹലൻ്റേതാണ്.
അല്ലോഹല ചരിതം നോവലാക്കണമെന്ന ചിന്ത രൂഢമൂലമായത് 2005 ൽ ആണ്.തുളുനാടൻ പെരുമ എന്ന അജാനൂർ പഞ്ചായത്തിൻ്റെ, ഡോ. സി. ബാലൻ എഡിറ്റ് ചെയ്ത ഗ്രന്ഥം വായിച്ചപ്പോൾ. അത്ര മികച്ച ഒരു പ്രദേശിക ചരിത്ര ഗ്രന്ഥം ഞാൻ വേറെ കണ്ടിട്ടില്ല. അതിൻ്റെ അനുബന്ധമായി കൊടുത്ത സ്വരൂപാചാരത്തിൽ ഞാൻ പല തവണ മുഴുകി. പാട്ടുത്സവത്തിന് മുകയ , മുക്കുവതെയ്യങ്ങൾ മടിയൻ കൂലോം നടയിൽ വന്ന് ഉരിയാടുന്ന ആ സ്വരൂപ വിചാരം ഈടുറ്റ ചരിത്രലിഖിതമായി ഞാനറിഞ്ഞു. അതിൽ അല്ലോഹല ചരിതം ഉണ്ട്. കൂടാതെ രണ്ടാമത്തെ അനുബന്ധമായി ചേർത്ത അള്ളട ചരിത്രം എന്ന പനയന്തട്ട ദേർമൻ നായർ 1945 ൽ എഴുതി യ നീണ്ട ലേഖനത്തിലും അല്ലോഹലനെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തുളുനാടൻ പെരുമ എന്ന ഗ്രന്ഥത്തിൻ്റെ ഉള്ളടക്കത്തിലും അല്ലോഹല നെക്കുറിച്ച് നാട്ടിൽ പ്രചാരത്തിലുള്ള പല കഥകളും ചേർത്തിട്ടുണ്ട്. എടുത്തു പറയേണ്ട വലിയൊരു പുസ്തകമുണ്ട്. എം. ബാലകൃഷ്ണൻ നായർ എഴുതിയ - നീലേശ്വരം അള്ളടം സ്വരൂപം - മിത്തും ചരിത്രവും ഇടകലർന്ന ഈ പുസ്തകത്തിലും അല്ലോഹല ചരിതമുണ്ട്. ഈ നോവലെഴുത്തിൽ എന്നെ സഹായിച്ച പതിനഞ്ചോളം ഗ്രന്ഥങ്ങളെ ഞാൻ അനുബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിക്കോത്തെ മൃദംഗ വിദ്വാനായ രാജീവനൊപ്പം നിരവധി പേരെ സന്ദർശിച്ച് വിശദാംശങ്ങളറിഞ്ഞു. പല തെയ്യം കലാകാരന്മാരെയും കണ്ടു. നോവലിൻ്റെ ഈ രചനാ വഴികളെക്കുറിച്ച് മേല്പറഞ്ഞ വസ്തുതകൾ നോവലിൻ്റെ അനുബന്ധത്തിലും ഞാൻ ദീർഘമായി ഉപന്യസിച്ചിട്ടുണ്ട്.
2005 ൽ സ്വരൂപാ ചാരത്തിൻ്റെ വായനയാൽ അല്ലോഹല നെ എഴുതാൻ കുറേ കുറിപ്പുകളെടുത്തുതുടങ്ങിയെങ്കിലും എൻമകജെയുടെ രചനയിലേക്ക് 2006 ൽ കയറി . ഇത് കഴിഞ്ഞിട്ടെഴുതാം എന്ന് നിശ്ചയിച്ചു. എന്നാൽ എൻമകജെയുടെ രചന എന്നെ വല്ലാതെ തളർത്തി .അതിലെ കുഞ്ഞുങ്ങളെല്ലാം എനിക്ക് നേരിട്ടറിയുന്നവരായിരുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും നോവലെഴുതില്ല എന്ന പ്രതിജ്ഞ എടുത്തു. പിന്നെ പത്തുവർഷം നോവലെഴുതിയില്ല. പത്താണ്ട് കഴിഞ്ഞപ്പോൾ ഇനി എന്തിന് എഴുതാതിരിക്കണം എന്ന ചിന്തവന്നു തുടങ്ങി. അല്ലോഹലനും മാക്കവും ഒന്നിച്ചു മനസ്സിൽ ഉറഞ്ഞാടി. 17-ാം നൂറ്റാണ്ടിലെ മാക്കത്തെ ആദ്യമെഴുതി. 14-ാം നൂറ്റാണ്ടിലേക്ക്, അല്ലോഹലനിലേക്ക് കടക്കാൻ അത് എളപ്പമായി. മാക്കം എഴുതുമ്പോഴാണ് അല്ലോഹലനിലെ പല പ്രധാനപ്പെട്ട വിഷ്വലുകളും മനസ്സിലേക്ക് കയറി വന്നത്.
മൂന്നുനാലു വർഷത്തെ തപസ് ഈ നോവലിന് പിന്നിലുണ്ട്. 400 പേജ് വരുന്ന സാമാന്യം വലിയ നോവലാണ്. ഒരു രാജാവിൻ്റെ കഥ പറയുകയല്ല എൻ്റെ ലക്ഷ്യം. എക്കാലത്തും പ്രസക്തമായ പൊള്ളുന്ന ഒരു പ്രമേയം പറയാൻ ശ്രമിക്കുകയാണ്. അത് ഇപ്പോൾ വെളിപ്പെടുത്തി വായനയുടെ രസംകൊല്ലുന്നില്ല. എന്നും ഒപ്പം നിന്ന വായനക്കാർ ഏറെയുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം... ദാ, ചെണ്ടക്കൂറ്റ് കേൾക്കുകയായി....