മലയാളം ഔദ്യോഗിക ഭാഷയാക്കാൻ വീണ്ടും ബിൽ; പ്രത്യേകം വകുപ്പിനും മന്ത്രിക്കും വ്യവസ്ഥ
text_fieldsമലയാള ഭാഷ
തിരുവനന്തപുരം: മലയാളത്തെ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന 2025ലെ മലയാള ഭാഷ ബില്ലിന്‍റെ കരടിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. മലയാളം ഭാഷക്കായി പ്രത്യേക വകുപ്പും മന്ത്രിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനുപുറമേ മലയാളം ഡയറക്ടറേറ്റ് ഉൾപ്പെടെ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2015ൽ മലയാള ഭാഷ (വ്യാപനവും പോഷണവും) നിയമസഭ പാസാക്കിയിരുന്നെങ്കിലും ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയും പത്ത് വർഷത്തിനുശേഷം കാരണം വ്യക്തമാക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.
1969ൽ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ മലയാളവും ഇംഗ്ലീഷും ആയിരിക്കുമെന്ന് വ്യക്തമാക്കി ഔദ്യോഗിക ഭാഷ നിയമം നിർമിച്ചിരുന്നു. 1973ൽ ഇത് ഇംഗ്ലീഷോ മലയാളമോ ആയിരിക്കുമെന്ന് ഭേദഗതി ചെയ്തു. തുടർന്നാണ് 2015ൽ ഔദ്യോഗിക ഭാഷ മലയാളമാക്കി പുനർനിർവചിച്ച് മലയാള ഭാഷ (വ്യാപനവും പോഷണവും) ബിൽ നിയമസഭ പാസാക്കിയത്.
ബിൽ സംസ്ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുമെന്ന സംശയമുയർത്തി അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവം രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. സ്കൂൾ, കോളജ് തലങ്ങളിൽ മലയാള ഭാഷ പഠനത്തിന് പ്രാമുഖ്യം നൽകുന്നതുൾപ്പെടെ വ്യവസ്ഥകൾ അടങ്ങിയതായിരുന്നു ബിൽ.