മണ്ണിനും മനുഷ്യനും ഒരു അക്ഷരത്തുരുത്ത്
text_fieldsകാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്ര ജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണിയാവുന്നു. ആവാസ കേന്ദ്രങ്ങളിലെ മാറ്റങ്ങൾ, താപനിലയിലെ വ്യതിയാനങ്ങൾ എന്നിവ ഭാവിയിൽ പ്രകൃതിക്കും മനുഷ്യനും ഏൽപിച്ചേക്കാവുന്ന പരിക്ക് നിസ്സാരമാവില്ല. കടലിലെ ഭക്ഷ്യ ശൃംഖലയെ ഇത് ദോഷകരമായും ബാധിക്കും. മറൈൻ സ്റ്റീവാർഡ്ഷിപ് കൗൺസിൽ (എം.എസ്.സി) നടത്തിയ പഠനങ്ങൾ ഇങ്ങനെ പറയുന്നു. സേതുവിന്റെ പുതിയ നോവൽ ‘അന്തകവള്ളികൾ’ പ്രകൃതിക്കുമേൽ മനുഷ്യരുടെ അധിനിവേശത്തെയും അതുൽപാദിപ്പിക്കുന്ന അവസ്ഥാന്തരങ്ങളെയും കുറിച്ച ഓർമപ്പെടുത്തലുകളാണ്.
മണ്ണും മരവും പ്രകൃതിയും സേതുവെന്ന എഴുത്തുകാരന്റെ പതിറ്റാണ്ടുകളായുള്ള കഥാപരിസരങ്ങളാണ്. ചോളന്മാരുടെ പ്രതാപകാലത്ത് അനേകം കുളങ്ങൾ കുഴിക്കാൻ ശ്രമിച്ചിരുന്നതായി നോവലിലെ കതിർ പ്രിയംവദയോട് പറഞ്ഞിരുന്നു, എല്ലാംതന്നെ പിൽകാലത്ത് മാലിന്യങ്ങളാൽ നികത്തപ്പെട്ടവ!
‘മുരുകൻ വരച്ച ചുവന്ന കുഴിയുടെ ചുറ്റും കണ്ട ഉറുമ്പുവട്ടങ്ങൾ, എന്നോ ചത്ത ചുവന്ന ഉറുമ്പുകൾ! കാലം ചതച്ചരച്ച ചോണനുറുമ്പുകൾ, നോവിക്കില്ല അവ പക്ഷേ കടിച്ചു തൂങ്ങിനിൽക്കും... തൂത്തിട്ടും തൂത്തിട്ടും പോകാത്ത ചോണനുറുമ്പുകൾ!’
മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിർമിത ദുരന്തത്തിനു നേരെ മുന്നറിയിപ്പാകുന്ന ഭാഷയാണ് നോവലിലുടനീളം. കാലങ്ങളായി മഴയും മഞ്ഞും ഒഴിഞ്ഞുനിന്ന ‘കാമാക്ഷിപുര’മെന്ന കൽപിത ദേശത്തേക്ക് എഴുത്തുകാരൻ വായനക്കാരെ ആനയിക്കുന്നു. കാവേരിയെന്ന യുവതിയുടെ സ്വപ്നങ്ങൾക്ക് ജീവിതപങ്കാളിയായ മുരുകൻ തന്റെ കാൻവാസിലൂടെ നിറം പകർന്നുകൊണ്ടേയിരിക്കുന്നു. കാവേരിയുടെ സ്വപ്നങ്ങളെ വരകളിലൂടെ പൂരിപ്പിക്കാനായിരുന്നു മുരുകന്റെ ശ്രമം!
‘കാലചക്രത്തിന്റെ പിൻതിരിച്ചിലുകളിൽ പ്രകൃതി, അല്ല മനുഷ്യൻ സ്വയമേ ചതിക്കാൻ തുടങ്ങിയിരുന്നു’ എന്നും എഴുത്തുകാരൻ. ‘വെട്ടം തെളിയുന്നതോടെ മാനത്തേക്ക് വഴുതിക്കയറിയ സൂര്യൻ മൂർച്ചയേറിയ അമ്പുകൾ തൊടുക്കാൻ തുടങ്ങിയതോടെ നീർപ്പറ്റും പൊടിപ്പുകളുമില്ലാത്ത വന്ധ്യയായ മണ്ണ് ആകാശത്തേക്കു നോക്കി തൊഴുകൈയോടെ മലർന്നുകിടന്നു, ഒരിറ്റു നീരിനായി ഉഴറിനടന്ന ആലംബമില്ലാത്ത ജീവികളിൽ പലതും പിടഞ്ഞുമരിച്ചു.’ സേതുവെന്ന എഴുത്തുകാരനിലെ പ്രകൃതിസ്നേഹി ആകുലനാകുന്നത് ഇപ്രകാരമാണ്.
കണ്ടങ്ങൾ നിറയെ വിളഞ്ഞുനിൽക്കുന്ന കതിർക്കുലകൾ, ഉഴുതുമറിക്കാനും വിതക്കാനും കൊയ്യാനും അത്യപൂർവമായ ഒരുമയോടെ ആണും പെണ്ണും മെയ്യോടു മെയ്യ് ചേർന്നുനിന്ന കാലമെല്ലാം എഴുത്തുകാരന്റെതന്നെ ഗൃഹാതുര ഓർമകളാണ്. കാവേരിയെ ഭീതിദമാക്കി വിയർപ്പിച്ച സ്വപ്നമാവട്ടെ വരണ്ടു വെടിച്ച ഭൂമിയുടെ അനന്തതയാണ്. വിണ്ടുപൊട്ടിയ മൺ കട്ടകൾക്കിടയിൽനിന്നും പുറത്തേക്ക് തലനീട്ടാനുള്ള ശ്രമത്തിൽ കരിഞ്ഞുപോയ പുൽനാമ്പുകളും പതിഞ്ഞ ഇരുളിൽ ഭൂമിയുടെ നടുവിലായി ആരോ കുഴിച്ചുകൊണ്ടുമിരിക്കുന്ന കിനാക്കാഴ്ചകളിലെ അജ്ഞാതന്റെ തലയിലെ ചുവന്ന വട്ട കെട്ടും താഴെ മിന്നുന്ന വെള്ളിക്കമ്മലുമണിഞ്ഞ ശരീരഭാഗവുമൊഴിച്ചുള്ളതെല്ലാം കുഴിയിലാണ്, ഏതാണ്ട് ശരീരത്തിന്റെ പാതിമുക്കാൽ ഭാഗത്തോളം. അയാൾ കുഴിയിൽനിന്നും കോരിയെടുക്കുന്ന മണ്ണിന് കടും ചുവപ്പ്, മണ്ണിന്റെ അടരുകളും വേറിട്ട് കാണാനാകുന്നുണ്ട് കാവേരിക്ക്. വേരുകൾ... നിറങ്ങൾ... കലർപ്പുകൾ...
ഗ്രെറ്റ തുൻബർഗ്, പതിനഞ്ചാം വയസ്സിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആകുലചിന്തകളാൽ സ്വീഡിഷ് പാർലമെന്റിനു പുറത്ത് സ്കൂൾ സമരം നടത്തി ലോകശ്രദ്ധയാകർഷിച്ച ആ പെൺകുട്ടിയും നോവലിലെ അതിഥിയാണ്. മാമയുടെയും വെങ്കിയുടെയും പാരിസ്ഥിതിക ഭാഷണങ്ങളിൽ മിന്നിവഴുതുന്ന അതിഥി, തൂൺ ബറി.
അതിനിടയിൽ കാമാക്ഷിപുരത്ത് വേലിക്കെട്ടുകളുമുയർന്നു. ആരുമറിയാതെ താനേ ഉയർന്ന മുൾവേലികൾ! മുമ്പൊന്നും ഇങ്ങനെയായിരുന്നുമില്ല. പശിമയും ഈർപ്പവുമുള്ള ഇടവും വരണ്ട, നീരുവറ്റിയ ഇടവും തമ്മിൽ വിഭജിക്കപ്പെട്ടു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജാലകങ്ങൾ കൊട്ടിയടക്കപ്പെട്ടു. പക്ഷേ, അപ്പുറത്തെ തൊഴുത്തിലെ പുൽക്കൂമ്പാരവും വെള്ളത്തൊട്ടിയും കണ്ട് ആർത്തിപൂണ്ട കാലികളിൽ ചിലത് കെട്ടുപൊട്ടിച്ചു അതിരുകൾ ചാടുന്നത് തടയാനുമാകുന്നില്ല പലർക്കും.
അതിർവരമ്പുകളെ സൃഷ്ടിക്കുന്ന കാലിക സാമൂഹിക യാഥാർഥ്യങ്ങളെ എഴുത്തുകാരൻ വരയുന്നുണ്ടിവിടെ. അതിരുകൾക്കപ്പുറത്തേക്ക് പെണ്ണുകൊടുക്കാൻ മടിക്കാതിരുന്നവർ പോയ കാലങ്ങളുടെ സൗഹാർദ സ്മരണകൾ മായ്ച്ചുകളയാൻ തത്രപ്പെടുകയാണെന്നുകൂടി ആകുലപ്പെടുന്നുണ്ട് സേതുവിലെ സാമൂഹിക നിരീക്ഷകൻ.
ഒടുവിൽ ഉപരിതലങ്ങളിലെ, ജീവജാലങ്ങളുടെ, ആകാശപ്പറവകളുടെ ചെടിപ്പടർപ്പുകളുടെ ജീവജലം മുഴുവൻ കുടിച്ചുവറ്റിക്കാൻ പോന്ന ചെടിയുടെ വേരുകൾ തേടി ആഴത്തിൽ മണ്ണു കുഴിച്ച കാവേരിക്കും മുരുകനും വെങ്കിക്കുമെല്ലാം കാണാൻ കഴിഞ്ഞത് ഒറ്റനോട്ടത്തിൽ നിർദോഷികളെന്നു തോന്നിപ്പിക്കുന്ന വേരുകളാണ്. അവ പത്ത്-പന്ത്രണ്ടടി ആഴത്തിൽ പടർന്നുകിടക്കുന്നു. അതിവേഗം പടർന്നുപന്തലിച്ച് മറ്റുള്ളവയെ കീഴ്പ്പെടുത്താൻ ശേഷിയുള്ള അധിനിവേശ സസ്യങ്ങളുടെ കൂട്ടത്തിലെ ‘അന്തകവള്ളികൾ’!