കുഞ്ഞുണ്ണി മാഷ്: അക്ഷരങ്ങളിലെ നെപ്പോളിയൻ
text_fieldsകുഞ്ഞുണ്ണി മാഷ് - മലയാളത്തിന്റെ അക്ഷരമുറ്റത്ത് വിരിഞ്ഞ ഒരു കുറുങ്കവിതാ വിസ്മയമാണ്! വാക്കുകളുടെ വാലുമുറിച്ചും ഉടൽ ചെത്തിമിനുക്കിയും കവിതയുടെ പുതിയ ലോകം തീർത്തൊരു കാവ്യ ചക്രവർത്തിയാണദ്ദേഹം. ചരിത്രത്തിന്റെ യുദ്ധഭൂമിയിൽ നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ കുറിയ ഉടൽ കൊണ്ട് സാമ്രാജ്യങ്ങൾ കീഴടക്കിയത് പടവാൾ കൊണ്ടായിരുന്നെങ്കിൽ, മലയാളത്തിന്റെ അക്ഷരഭൂപടത്തിൽ മാഷ് ചക്രവർത്തിയായത് തന്റെ മൂർച്ചയുള്ള തൂലിക കൊണ്ടായിരുന്നു. നെപ്പോളിയൻ വലിയ സൈന്യത്തെ നയിച്ച് രാജ്യങ്ങൾ പിടിച്ചടക്കിയപ്പോൾ, മാഷ് വാക്കുകളിലെ കാപട്യം പിഴുതെറിഞ്ഞും അർത്ഥങ്ങളുടെ ആഴം കണ്ടെത്തിയും അധികാരത്തിന്റെ കപടമുഖങ്ങളെ വിചാരണ ചെയ്തു. രാഷ്ട്രീയത്തെ അദ്ദേഹം നിർവചിച്ചത് നഗ്നമായ സത്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു
2026ൽ ആ കാവ്യപ്രതിഭ വിടപറഞ്ഞിട്ട് ഇരുപതാണ്ടുകൾ തികയുമ്പോൾ, അദ്ദേഹം ബാക്കിവെച്ച ആ 'വാമനപ്പൊക്കത്തെ' നാം ഇന്നും വിസ്മയത്തോടെ നോക്കിനിൽക്കുന്നു. വലപ്പാട്ടെ നാട്ടുവഴികളിൽ വന്ന് തൊട്ടുപോകുന്ന ഒരൊറ്റപ്പെട്ട കാറ്റിന്റെ ഈരടികൾ പോലെയാണ് കുഞ്ഞുണ്ണി മാഷെക്കുറിച്ചുള്ള ഓർമ്മകൾ. അലങ്കാരങ്ങളുടെ പൊൻതുവലുകളില്ലാതെ, കുപ്പായത്തിന്റെ വെൺമയേക്കാൾ ഹൃദയത്തിന്റെ ശുദ്ധി നെഞ്ചേറ്റിയ ഒരു ഏകാന്ത യാത്രികൻ.
വാമനപ്പൊക്കത്തിലെ കാവ്യസാമ്രാജ്യം
തന്റെ ശാരീരിക പരിമിതിയെ ഒരു മഹാദർശനമാക്കി മാറ്റിയ മാന്ത്രികനായിരുന്നു മാഷ്. "പൊക്കമില്ലായ്മയാണെന്റെ പൊക്കം" എന്ന് അദ്ദേഹം പാടുമ്പോൾ അത് വെറുമൊരു വരിയായിരുന്നില്ല; മറിച്ച് അഹങ്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ ഇരിക്കുന്നവർക്കുള്ള വലിയൊരു 'കൊട്ടായിരുന്നു'. ജപ്പാനിലെ ഹൈക്കു കവിതകളെപ്പോലെ ഹ്രസ്വമെങ്കിലും ഹിമാലയത്തോളം അർത്ഥഭാരമുള്ളവയായിരുന്നു ആ വരികൾ. പുരാണത്തിലെ വാമനൻ മൂന്നടി കൊണ്ട് വിശ്വം അളന്നതുപോലെ, മാഷ് തന്റെ ചെറിയ വരികൾ കൊണ്ട് മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും അളന്നുതീർത്തു.
മലയാളം ഉള്ളിടത്തോളം കാലം മാഷ് നമ്മുടെ നാവിൻതുമ്പിൽ ഒരു അക്ഷരത്തുമ്പിയായി പാടിക്കൊണ്ടേയിരിക്കും. ജീവിതത്തെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ പ്രണയിച്ച ആ വലിയ 'ചെറിയ' മനുഷ്യൻ ഇന്നും നമ്മുടെ വരികൾക്കിടയിലിരുന്ന് മന്ത്രിക്കുന്നു: "നന്നാവുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല!" മലയാളാക്ഷരങ്ങളിലെ ആ മഹാ നെപ്പോളിയന് പ്രണാമം!


