അനറബി നാട്ടിലെ അറബിക്കഥ
text_fieldsഡോ. എം. അബ്ദുല്ല സുല്ലമി
2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളാണ് വേദി. ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിഫൈനലിലെത്തിയ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കുന്നു. അന്ന് മൊറോക്കൻ ടീമിനെ പ്രശംസിച്ച് പ്രശസ്ത അറബി കവിയും പണ്ഡിതനുമായ മലപ്പുറം മങ്കട കൂട്ടിൽ സ്വദേശി ഡോ. എം. അബ്ദുല്ല സുല്ലമി ഒരു കവിതയെഴുതി. പരക്കെ പ്രചാരം ലഭിച്ച ഈ കവിത പ്രശസ്ത ജോർഡൻ കവി ഡോ. നിസാർ സർത്വാവി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ലോകകപ്പ് ഫുട്ബാൾ മാത്രമല്ല ലോകമെമ്പാടുമുള്ള വിഷയങ്ങളെല്ലാം അബ്ദുല്ല സുല്ലമിയുടെ കവിതകളിൽ നിറഞ്ഞുനിൽക്കുകയാണ്. വിഷയവൈവിധ്യം തന്നെയാണ് അറബി കവികൾക്കിടയിൽ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതും. പ്രണയവും വിരഹവും പ്രശംസയും ആക്ഷേപവും സന്തോഷവും സന്താപവുമെല്ലാം ആ കവിതകളിൽ നിറഞ്ഞുതുളുമ്പുന്നു. ഫലസ്തീൻ ജനതയുടെ പോരാട്ടത്തെയും രോദനത്തെയും കുറിച്ച് ഒട്ടേറെ കവിതകളാണ് രചിച്ചത്. അവയിലൂടെയാണ് അദ്ദേഹം കൂടുതൽ ലോകപ്രശസ്തി നേടിയതും.
ഒലിവിന്റെ രോദനം
ഡോ. എം. അബ്ദുല്ല സുല്ലമിയെ സഹപ്രവർത്തകരും ശിഷ്യരും സ്നേഹപൂർവം വിളിക്കുന്നത് ‘എം’ എന്നാണ്. അറബി ഭാഷയിൽ സമുദ്രം (യം) എന്നാണ് വാക്കിന്റെ അർഥം. അതുകൊണ്ട് തന്നെ തന്റെ രണ്ടാമത്തെ കവിതാസമാഹാരത്തിന് ‘ഖത്റതുൻ മിനൽ യം’ എന്നാണ് അദ്ദേഹം പേര് നൽകിയത്. സമുദ്രത്തിൽനിന്നുള്ള ഒരിറ്റ് എന്നർഥം. ആ ‘യം’ കൊണ്ട് തന്നെക്കൂടിയാണ് കവി ഉദ്ദേശിക്കുന്നത്. തന്നിലെ കാവ്യസമുദ്രത്തിൽനിന്നുള്ള തുള്ളികളുടെ പ്രവാഹം കൂടിയായി ആ സമാഹാരം മാറുകയാണ്. ‘സ്വദൻ മിനൽ ഖഫസ്’ എന്നതാണ് ആദ്യ കവിതാസമാഹാരം. കൂട്ടിൽനിന്നുള്ള പ്രതിധ്വനി എന്നർഥം. ഒരേസമയം പക്ഷിക്കൂടിനെയും കവിയുടെ സ്വന്തം നാടായ കൂട്ടിലിനെയും ഉൾക്കൊള്ളുന്നതാണ് ആ പേര്.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കവിത സമാഹാരമാണ് ‘അനീനുസ്സയ്ത്തൂൻ’ (ഒലീവിന്റെ രോദനം). ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരായ പ്രതിഷേധം കൂടിയാണ് ആ പുസ്തകം. ഫലസ്തീൻ വിഷയത്തിൽ മാത്രം മുപ്പതോളം കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ‘ഇസ്മീ അന സജ്ജിലീ’ (പേരെഴുത്ത്) എന്ന കവിത ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ചെറുത്തുനിൽപിനെക്കുറിച്ച് ലോകത്തിന്റെ കണ്ണ് തുറപ്പിക്കാൻ മാത്രം ശക്തിയുള്ളതാണ്. ഗസ്സയിലെ ഒരു കൊച്ചുകുട്ടി തന്റെ മാതാവിനോട് നടത്തുന്ന സംഭാഷണമാണ് കവിത. പിതാവിനെപ്പോലെ താനും കൊല്ലപ്പെട്ടാൽ തിരിച്ചറിയാനായി കൈയിൽ പേര് എഴുതിവെക്കാനാണ് കുട്ടി മാതാവിനോട് ആവശ്യപ്പെടുന്നത്. ‘ഞാൻ അമ്മിഞ്ഞ മുത്തിക്കുടിച്ചതു പോൽ നിങ്ങളെന്നെ ചുംബിക്കുക, ബോംബിങ്ങിന്റെ മുഴക്കം എന്നെ ഭയപ്പെടുത്തുന്നില്ല, പക്ഷേ, നിങ്ങളുടെ ഹൃദയത്തിന്റെ തേങ്ങലാണ് എന്നെ ഭയപ്പെടുത്തുന്നത്’ എന്ന ഹൃദയഭേദകമായ സംഭാഷണത്തോടെയാണ് കവിത അവസാനിക്കുന്നത്.
അറബ് ലോകത്ത് ഏറെ വായിക്കപ്പെടുന്ന നോവലിസ്റ്റും ജോർഡൻ യൂനിവേഴ്സിറ്റി പ്രഫസറും ഫലസ്തീനിയുമായ ഡോ. സന ശഅ്ലാൻ അബ്ദുല്ല സുല്ലമിയുടെ അടുത്ത സുഹൃത്താണ്. അവരുമായുള്ള സൗഹൃദത്തിന്റെ കവിതകളാണ് രണ്ട് സമാഹാരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ‘രിസാലതുൽ മത്വർ ഇലശ്ശംസ്’ (സൂര്യനുള്ള മഴയുടെ സന്ദേശം), നസാഇമുൽ മത്വർ (മഴയുടെ സുഗന്ധം) എന്നിവയാണവ. ‘അലയാനുൽ ഫുആദ്’ (ഹൃദയത്തിന്റെ തിളച്ചുമറിയൽ), ‘അവീലും വ ആഹാത്ത്’ (നെടുവീർപ്പുകളും നിലവിളികളും), ‘അസീറുസ്സറാബ്’ (മരീചികയുടെ തടവുകാരൻ), ‘നബ്ളാതുൻ വ ഹവാതിർ’ (ചിന്തകളും ഹൃദയമിഡിപ്പുകളും) എന്നിവ ഉൾപ്പെടെ ഒമ്പത് കനപ്പെട്ട കവിത സമാഹാരങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.
കൂട്ടിൽ വിരിയുന്ന കാവ്യസമുദ്രം
നിരവധി അംഗീകാരങ്ങളാണ് ഡോ. അബ്ദുല്ല സുല്ലമിയെ തേടിയെത്തിയത്. അനറബി നാട്ടിലെ അറബി കവി എന്നനിലയിൽ കഴിഞ്ഞ മേയിൽ ഈജിപ്തിലെ െകെറോവിൽ നടന്ന അറബ് പ്രതിഭ സംഗമത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഫലസ്തീൻ വിഷയത്തിലെ കവിതകൾ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് ക്ഷണം ലഭിച്ചത്. ‘അനറബി രാജ്യങ്ങളിലെ അറബി കവിതകളും കവികളും’ എന്ന വിഷയത്തിൽ സൗദിയിൽ നടന്ന ചർച്ചയിൽ ഇന്ത്യയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുത്തത് അഭിമാന മുഹൂർത്തമാണ്. അവിടെ കവിത അവതരിപ്പിച്ച് കൈയടി നേടുകയും ചെയ്തു. വിവിധയിടങ്ങളിൽ നടന്ന കാവ്യസദസ്സുകളിലും സാഹിത്യ സംവാദങ്ങളിലും പങ്കെടുക്കാനും അവസരം ലഭിച്ചു. അനവധി വേദികളിൽ അദ്ദേഹത്തിന്റെ കവിതകൾ ചർച്ചക്ക് വിധേയമായി. ഈ റമദാനിൽ സൗദി രാജാവിന്റെ പ്രത്യേക അതിഥിയായി ഉംറ നിർവഹിക്കാനും ഭാഗ്യം ലഭിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ ഏറ്റവും പുതിയ ഇന്റഗ്രേറ്റഡ് പി.ജി സിലബസിൽ അബ്ദുല്ല സുല്ലമിയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. കൽക്കത്ത യൂനിവേഴ്സിറ്റി സിലബസിൽ നേരത്തേ കവിത ഉണ്ടായിരുന്നു. അറബി സാഹിത്യ ലോകത്ത് വിവിധ കോണുകളിൽ അബ്ദുല്ല സുല്ലമിയുടെ കവിതകളും രചനാപാടവവും കാൽപനികതയും പി.ജി-പിഎച്ച്.ഡി വിദ്യാർഥികളുടെ ഗവേഷണ വിഷയമാണ്.
അധ്യാപനത്തിന്റെ അരനൂറ്റാണ്ട്
1952 മേയ് 26ന് മലപ്പുറം മങ്കട കൂട്ടിൽ മാനാത്തൊടി മുഹമ്മദ് മൗലവിയുടെയും ഫാത്തിമയുടെയും മകനായാണ് അബ്ദുല്ല സുല്ലമിയുടെ ജനനം. മങ്കടയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പട്ടിക്കാട്, കക്കൂത്ത് എന്നിവിടങ്ങളിലെ ദർസുകളിൽ പഠനം നടത്തി. എടവണ്ണ ജാമിഅ നദ്വിയ്യയിലും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലുമായിരുന്നു തുടർപഠനം. പിന്നീട് ഡൽഹി അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് പി.ജി പൂർത്തിയാക്കി. അടുത്തിടെ അമേരിക്ക ആസ്ഥാനമായ ജി.എച്ച്.പി യൂനിവേഴ്സിറ്റി പി.എച്ച്.ഡി ബിരുദം സമ്മാനിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ പഠിക്കുമ്പോൾതന്നെ അവിടത്തെ മദ്റസ അധ്യാപകനായാണ് അധ്യാപന രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് വളവന്നൂർ അൻസാർ അറബിക് കോളജിൽ നീണ്ട 32 വർഷത്തെ സേവനം. പ്രിൻസിപ്പലായാണ് ഔദ്യോഗികമായി വിരമിച്ചത്. എടവണ്ണ ജാമിഅ നദ്വിയ്യ, തിരൂരങ്ങാടി കെ.എം.എം.എം.ഒ, ചെന്ത്രാപ്പിന്നി ബുസ്താനുൽ ഉലൂം, കരിങ്ങനാട് സലഫിയ്യ എന്നീ കോളജുകളിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ 72ാം വയസ്സിലും മലപ്പുറം മിനിഊട്ടി ജാമിഅ അൽഹിന്ദിൽ വിസിറ്റിങ് പ്രഫസറാണ്. 1974 ലാണ് ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചത്. ധന്യമായ 50 അധ്യാപന വർഷങ്ങൾ പൂർത്തിയായിട്ടും തലമുറകൾക്ക് വഴികാട്ടിയായി കർമരംഗത്ത് സജീവമാണ് അദ്ദേഹം. ഖദീജയാണ് ഭാര്യ. മക്കൾ: ജാസിർ (ദുബൈ), റാഷിദ് (എക്സൈസ് വകുപ്പ്), നാസിഫ് (യു.കെ), റബീബ, ആയിശ, നസീറ.
.