റാഗിങ് തനി ഗുണ്ടായിസം
text_fieldsഏറ്റവും മൃദുലമായി, എന്തിന് ശബ്ദരഹിതമായി, ഒരു തൂവൽസ്പർശംപോലെ, അല്ലെങ്കിൽ അങ്ങനെത്തന്നെയായി സൗഹൃദം; സൗഹൃദത്തിലാവുന്ന ആരെയും സുഗന്ധനിർഭരമായി പൊതിയും. അഗാധമായ ഏത് സൗഹൃദവും പരസ്യമാവാത്ത ഒരു ധ്യാനാത്മകതയിൽ പുളകിതമാവും. എന്നാൽ നമ്മൾ രോഷാകുലരാവുമ്പോൾ, എവിടെയോ ഒളിച്ചിരുന്ന ശബ്ദങ്ങളൊക്കെയും പതിവിലേറെ ഒച്ചയുമായി പുറത്തുചാടും. സംസ്കാരം സർജറി ചെയ്ത് നീക്കിയെന്ന് കരുതപ്പെട്ടിരുന്ന നഖങ്ങൾ അതോടെ ഇരയുടെ നേരെ നീളും. എം.ടിയുടെ ‘മാന്ത്രികപ്പൂച്ച’യിലെന്നപോലെ!
പുറത്ത് പോടാ എന്നൊരാളോട് പറയേണ്ടത് അനിവാര്യമാവുകയും, അയാളത്രവേഗം പുറത്തുപോകുന്ന ടൈപ്പല്ലെന്ന് തിരിച്ചറിയുകയും ചെയ്താൽ ശബ്ദം പരമാവധി പൊങ്ങേണ്ടിവരും! പറഞ്ഞുവരുന്നത് റാഗിങ് ഉള്ളിലും പുറത്തുമുള്ള ശബ്ദകോലാഹലങ്ങളെയും കൊള്ളരുതായ്മകളെയും വർധിപ്പിക്കുന്ന, കാമ്പസിന്റെ സൗഹൃദപശ്ചാത്തലം പൊളിക്കുന്ന പക്കാഗുണ്ടായിസം മാത്രമാണെന്ന സത്യമാണ്. അവികസിതമായ അവസ്ഥകളോട് എതിരിടുമ്പോഴാണ്. ആപത്തിൽ താങ്ങുംതണലുമായി മനുഷ്യർ മാറുമ്പോഴാണ്, മറ്റുള്ളവർ പലകാരണങ്ങളാൽ മടിച്ചുനിൽക്കുന്നിടത്തേക്ക്, സഹായിക്കാനും േപ്രാത്സാഹിപ്പിക്കാനും ഒരാൾ സാഹസികമായി എടുത്തുചാടുമ്പോഴാണ് യഥാർഥ ഹീറോ പിറക്കുന്നത്. എന്നാൽ ഗുണ്ടായിസം മാക്സിം ഗോർക്കി വ്യക്തമാക്കിയപോലെ വ്യക്തിയുടെ സമഗ്രമായ അധഃപതനത്തിന്റെ ഭാഗമാണ്. വ്യക്തിയുടെ ശിഥിലീകരണം ഇനിയൊരു പാച്ച് വർക്കിനും സാധ്യതയില്ലാത്തവിധം പരമാവസ്ഥയിലെത്തിയിരിക്കുന്നു എന്നതിന്റെ തർക്കമറ്റ തെളിവാണ് ഗുണ്ടായിസത്തിൽ അഭിമാനിക്കുന്ന ഗുണ്ടായിസം.
വ്യാജഹീറോകളുടെ വേഷംകെട്ടിയാടുന്ന റാഗിങ് വീരരായ കാമ്പസ്ഗുണ്ടകൾ, വെറും സീറോകൾ മാത്രമാണെന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുംവിധമുള്ള നിരന്തര സാംസ്കാരിക പ്രവർത്തനമാണ്, റാഗിങ്പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് പലതിനുമൊപ്പം കാമ്പസ് ആവശ്യപ്പെടുന്നത്. അടച്ചുപൂട്ടി അടിപൊളി കാമ്പസുകൾക്ക് അപ്പുറം സർഗാത്മകവും കലാത്മകവും ധ്യാനാത്മകവും രാഷ്ട്രീയപ്രബുദ്ധവുമാവുന്ന മുറക്ക് ഏതൊരു കാമ്പസും റാഗിങ് മുക്തമാവും. മൗനപ്രാർഥനയടക്കം പലതരം പ്രാർഥനകൾ കാമ്പസുകളിലുണ്ട്. പക്ഷേ ആ പ്രാർഥനകൾക്കൊന്നും പൊതുവിൽ ബഹളത്തെ പ്രതിരോധിക്കാനാവുന്നില്ലെന്ന്, പ്രാർഥനാനന്തരമുള്ള ബഹളങ്ങൾ സാക്ഷ്യം വഹിക്കും. പൊട്ടിച്ചിരികൾക്കും കെട്ടിപ്പുണരലുകൾക്കും സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കുമിടയിൽ സന്നിഹിതമാവേണ്ട ധ്യാനാത്മകത നഷ്ടപ്പെടുന്നതുകൊണ്ടുകൂടിയാണ് കാമ്പസ് കുടുസ്സാവുന്നത്. ‘Noise is the new garbage in our life. What we urgently need is a meditative state for our society’ (സുന്ദർസരുക്കായ്).
സർഗാത്മകമാവും മുറക്ക് ധ്യാനാത്മകത ശബ്ദമാലിന്യമടക്കമുള്ള സർവ മാലിന്യങ്ങൾക്കുമെതിരെയുള്ള മൽപിടിത്തമായി മാറും. റാഗിങ്ങിനെ ഒരു കാമ്പസ്പ്രശ്നം മാത്രമായി കാണരുത്. ജീവിതത്തിന്റെ ഓരോ അടിവെപ്പിലും നമ്മളറിഞ്ഞും നമ്മളറിയാതെയും, അതായി, അതായത് റാഗിങ്ങായി, അത് നമുക്കൊപ്പമുണ്ട്. മറ്റുള്ളവരുടെ കണ്ണീരിൽ കുളിര് കാണുന്ന, അവരുടെ പതനത്തിൽ പുളകംകൊള്ളുന്ന ജീർണ മാനസികാവസ്ഥ എപ്പോൾ എവിടെയൊക്കെ ജയിക്കുന്നുവോ, അപ്പോൾ അവിടെയൊക്കെ റാഗിങ് വൈറസ് സജീവമാവും! സൗഹൃദം തരുന്ന സ്നേഹാവകാശം ഇല്ലാതെ ഒരാളുടെ തോളിൽ കൈയിടുന്നതും, അയാൾക്കത്ര ഇഷ്ടമില്ലാത്ത പേര് വിളിക്കലും, തമാശ പറയലും, ജീർണറാഗിങ്ങിന്റെ വകഭേദങ്ങൾതന്നെയാണ്. ഒരാൾക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ പെരുമാറാതിരിക്കാനുള്ള പരിശീലനമാണ്, അറിയാതെ പെരുമാറിപ്പോയാൽ, ഉടനെ തിരുത്താനുള്ള വിനയമാണ്, വളർത്തിയെടുക്കപ്പെടേണ്ടത്.
പരിചയപ്പെടൽ എന്നതിലല്ല, പരിചയമാവലിലാണ് കാമ്പസ് പൂക്കേണ്ടത്. പരിചയപ്പെടൽ കുറ്റകരമായതുകൊണ്ടല്ല, ചിലപ്പോഴെങ്കിലും അതിൽ അപരവിദ്വേഷക്കറ കലരാമെന്നുള്ളതുകൊണ്ടാണ്. എന്നാൽ, പരിചയമാവൽ തങ്ങൾക്കിടയിൽ ഒരു പൊതുമണ്ഡലം രൂപംകൊണ്ടുകഴിഞ്ഞതിന്റെ തെളിവായി പരിചയപ്പെടുന്നവർക്കിടയിൽ തിളങ്ങും. ഒരേ സ്ഥാപനത്തിലെ വിദ്യാർഥികൾ എന്ന സമാനമായ അവസ്ഥ അതോടെ പൊതുഅവസ്ഥയിലേക്ക് കുതിക്കും. ജാക്വിസ് ഡീലേഴ്സ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസചിന്തകർ വ്യക്തമാക്കിയപോലെ ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനമാണ് വിദ്യാഭ്യാസത്തിന്റെ നാല് തൂണുകളിൽ പ്രധാനം. ശരിക്കും ഒരുമിക്കണമെങ്കിൽ മുൻവിധികളെന്നപോലെ, സ്വന്തം കാരണമായോ അല്ലാതെയോ ഉണ്ടാവുന്ന കുറ്റബോധത്തെയും ഒരു ജീർണമാലിന്യത്തെയെന്നപോലെ എടുത്തെറിയാനുള്ള സന്നദ്ധത മനുഷ്യർക്കിടയിൽ വളർത്തിയെടുക്കണം.
ജൂതപീഡനകാലത്ത് ജർമനിയിൽ ജീവിച്ച പാസ്റ്റർ നിമോയുള്ളർ, ഒരു ജൂതസുഹൃത്തിനെ അഭിസംബോധന ചെയ്തുകൊണ്ട്, ‘കുറ്റബോധവും പ്രതീക്ഷയും’ എന്ന പ്രബന്ധത്തിൽ എഴുതി: സുഹൃത്തെ, കുറ്റബോധം നമുക്കിടയിൽ വിലങ്ങടിച്ചു നിൽക്കുന്നതിനാൽ നിങ്ങൾക്കൊപ്പം ചേർന്ന് നിൽക്കാൻ എത്ര ചേർന്നുനിൽക്കുമ്പോഴും എനിക്കാവുന്നില്ല. എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങളോടും, നിങ്ങളുടെ ജനതയോടും പാപം ചെയ്തിരിക്കുന്നു. ഈയൊരു മാനസികാവസ്ഥയെങ്കിലും മിനിമം റാഗിങ് നടന്ന കലാലയത്തിൽ സർവർക്കും ഉണ്ടാവേണ്ടതുണ്ട്.
റാഗിങ്ങിന്റെ പേരിൽ ജീവിതം തകർന്നവർക്ക് ആ ജീവിതം തിരിച്ചുനൽകാൻ ആര് വിചാരിച്ചാലും കഴിയില്ല. ആകക്കൂടി ചെയ്യാവുന്നത് റാഗിങ് വീരരായ ജീർണമനുഷ്യരെ, ജന്തുതയിൽനിന്ന് മാനവികതയിലേക്ക് വീണ്ടെടുക്കുംവിധം ഒരു കലാലയത്തെ റാഗിങ് വിരുദ്ധ പോർക്കളമാക്കി മാറ്റി അവിടെ കൊടിപറത്തുന്ന കുറ്റബോധത്തെ, കുതറുന്ന നീതിബോധംകൊണ്ട് പകരംവെക്കുംവിധമുള്ള ബദൽപ്രവർത്തനങ്ങൾക്ക് കരുത്തുപകരുകയാണ്. പഠിക്കുന്നത് എന്തിനാണെന്ന് മറന്നുപോവുന്നതിനോളം വലിയ പരാജയം വേറെ ഇല്ലെന്ന് എപ്പോഴും ഓർത്തിരിക്കണം. ‘A University should be a place of light, of liberty, and of learning’ എന്ന് മുമ്പ് വായിച്ചതോർക്കുന്നു. കലാലയത്തിൽ അനിവാര്യമായും എപ്പോഴും ഉണ്ടാവേണ്ട ആ വെളിച്ചമാണ് റാഗിങ് വേളയിൽ അണയുന്നത്.
ഒരു സർവവിജ്ഞാനകോശം റാഗിങ്ങിനെ പരിചയപ്പെടുത്തുന്നത് കോളജുകളിൽ പുതുതായി ചേർന്നവരെ സീനിയർമാർ ആഘോഷപൂർവം സ്വീകരിക്കുന്ന ഒരു ചടങ്ങ് എന്നാണ്. ചിലപ്പോൾ റാഗിങ് വളരെ താണ നിലവാരത്തിലെത്താറുണ്ട് എന്ന രീതിയിലുള്ള ഒരു കുമ്പസാരവും പ്രസ്തുത വിജ്ഞാനകോശത്തിൽ കാണുന്നു. നല്ലനിലയിൽ നടത്തിയാൽ ഗുണമുള്ള കാര്യമാണ് റാഗിങ് എന്ന് തോന്നിപ്പിക്കുംവിധമാണ് പൊതുവിൽ വിവരണരീതി. എന്തൊക്കെ ന്യായം പറഞ്ഞാലും, മിതം എന്ന് മുദ്രചാർത്തപ്പെട്ട പ്രച്ഛന്ന സ്നേഹറാഗിങ്ങും, സൂക്ഷ്മാർഥത്തിൽ ജീവിതം കാവൽ നിൽക്കേണ്ട സൗഹൃദത്തിന്റെ ശത്രുവാണ്. സീനിയർമാർ കൽപിക്കുകയും ജൂനിയർമാർ അനുസരിക്കുകയും ചെയ്യുന്നത് കേക്ക് തിന്നാനായാലും കുപ്പായത്തിന്റെ കുടുക്കിടാനായാലും താടി വടിക്കാനായാലും പാട്ട് പാടാനായാലും, ആധിപത്യം അടിച്ചേൽപക്കൽ ആധിപത്യം അടിച്ചേൽപിക്കൽതന്നെയാണ്. സൗഹൃദം ആധിപത്യവിധേയത്വങ്ങൾക്കെല്ലാം അപ്പുറമുള്ള ഒരാവിഷ്കാരമാണെന്ന് അംഗീകരിക്കപ്പെടുന്നതോടെ, സ്നേഹറാഗിങ്ങിനെ വളമാവാൻപോലും കൊള്ളാത്ത ജീർണമാലിന്യ വകുപ്പിൽപെടുത്തി അതിനേക്കാളും മലിനമായൊരു അഴുക്ക് കടലിലേക്ക് ഒഴുക്കിവിടേണ്ടിവരും.
ജീവിതത്തെ പിച്ചിച്ചീന്തുന്ന ഭീകരതകൾ പലതും സ്നേഹറാഗിങ്ങിന്റെ മറവിലാണ് നടക്കുന്നതും ഒളിക്കുന്നതും! കാമ്പസ് നിഘണ്ടുവിൽനിന്ന് റാഗിങ് എന്ന വാക്ക് തന്നെ എന്നെന്നേക്കുമായി കുത്തിക്കളയുകയും, പരിചയമാവൽ സൗഹൃദമാവൽ കവിതയാവൽ എന്നിപ്രകാരമുള്ള വാക്കുകൾ തൽസ്ഥാനത്ത് നിറയുകയും ചെയ്യണം. പുതിയ കെട്ടിടങ്ങൾ പണിതുയർത്തുമ്പോൾ, പഴയൊരു അന്ധവിശ്വാസത്തിന്റെ ഭാഗമായി, കരിങ്കണ്ണാ നോക്കല്ലേ എന്നെഴുതിവെക്കുന്ന കൊള്ളരുതാത്തൊരു പതിവ് മുമ്പുണ്ടായിരുന്നു. എന്നാലിപ്പോൾ കാമ്പസ് അതിനെ പുതുരീതിയിൽ ഉൾക്കൊണ്ട് കാമ്പസിനെ റാഗിങ്ഡാഷുകൾക്കെതിരെയുള്ള ചിത്രങ്ങളും ശിൽപങ്ങളും കാരിക്കേച്ചറുകളുംകൊണ്ട് നിറക്കേണ്ടതുണ്ട്. ചേട്ടന്മാർ ഓന്നോ രണ്ടോ കൊല്ലത്തെ സീനിയോറിറ്റി അവകാശം, അങ്ങനെയൊന്നുണ്ടെങ്കിൽ, പ്രയോജനപ്പെടുത്തേണ്ടത് അനിയന്മാർ ചോദിച്ചാൽമാത്രം കാന്റീൻ എവിടെയാണെന്നോ, ലൈബ്രറി എവിടെയാണെന്നോ ടോയ്ലറ്റ് എവിടെയാണെന്നോ കാണിച്ചുകൊടുക്കാൻ മാത്രമാവണം. ചേട്ടാ, ചേച്ചി ഒരു ചായ എന്നവർ സ്നേഹപൂർവം വിളിക്കാതെ ഒരു ഓസി ചായപോലും സീനിയോറിറ്റി പദവി ദുരുപയോഗം ചെയ്ത്, വിവേകമുണ്ടെങ്കിൽ അകത്താക്കരുത്. കലാലയം പൊതുമണ്ഡലത്തിന്റെ ഭാഗമാണ്. അതോടൊപ്പം ഒരു കാരണവശാലും അണയാൻ പാടില്ലാത്ത അതിന്റെതന്നെ പ്രകാശഗോപുരവും! അധ്യാപകസംഘടനകൾ വിദ്യാർഥി സംഘടനകൾ രക്ഷിതാക്കളുടെ കൂട്ടായ്മകൾ, രാഷ്ട്രീയപാർട്ടികൾ, സർക്കാർ സംവിധാനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ സർവ പൊതുവേദികളും റാഗിങ്ഡാഷുകളുടെ ക്രൂരതകളോട്, അവരേത് കൊമ്പത്തുള്ളവരായാലും, എന്തിന്റെ പേരിലായാലും ഒരുവിധ സന്ധിയും ചെയ്യരുത്.
വിവിധ വിദ്യാർഥി സംഘടനകളിൽപെട്ടവർ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സംവാദാത്മക കൂട്ടായ്മയായി മാറുന്നത് കാമ്പസുകളെ സംബന്ധിച്ചിടത്തോളം എത്രയോ സ്വാഗതാർഹമാണ്. എന്നാൽ, കൊള്ളരുതായ്മകൾക്കുള്ള ഒന്നിക്കലിന് സ്വന്തം സംഘടനകളെ മറയാക്കുന്നത് സംഘടനയെയും സ്വന്തത്തെയും മലിനപ്പെടുത്തലാണ്. സർവസംഘടനകളും റാഗിങ്ങിന് എതിരായിരിക്കെ റാഗിങ് വളരുന്നത്, റാഗിങ് ഡാഷുകളുടെ കരുത്തുകൊണ്ടല്ല, അതിനെ എതിർക്കുന്നവരുടെ നിഷ്ക്രിയത്വംകൊണ്ടാണ്. നിയമം എതിര്, നാട്ടുകാർ എതിര്, സ്വന്തം വീട്ടുകാരും എതിര്, സംഘടനകളൊക്കെയും എതിര്, മാധ്യമങ്ങൾ എതിര്, വിദ്യാലയ അധികൃതരും എതിര്, എന്നിട്ടും അത് അഴുക്കുചാലിൽ കൃമികീടങ്ങളെന്നപോലെ വളരുന്നു എന്ന് വരുന്നത് ഒരു കാമ്പസിനും അഭിമാനകരമല്ല. ഓരോ കാമ്പസിന്റെയും പ്രവേശനകവാടത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്ന വ്യത്യസ്ത സംഘടനകളുടെ ബോർഡുകൾക്കു മുന്നിൽ സമ്പൂർണ റാഗിങ് മുക്തം എന്നെഴുതിയ ബോർഡാണ്, സർവ സംഘടനകളും ഒന്നിച്ച് ആദ്യം സ്ഥാപിക്കേണ്ടത്. ബാക്കിയൊക്കെ പിന്നെ മതി.
കടുവയുടെ നഖത്തെയും കുട്ടിയുടെ കൈയിലെ പിറന്നാൾ സമ്മാനമായി ലഭിച്ച പേനക്കത്തിയെയും മുൻനിർത്തി രവീന്ദ്രനാഥ ടാഗോർ നടത്തിയൊരു നിരീക്ഷണം റാഗിങ് വിശകലനത്തിലും പ്രസക്തമാവുമെന്ന് കരുതുന്നു. കടുവയുടെ നഖവും അതിന്റെ മനോഭാവങ്ങളും ഒന്നിച്ചാണ് വളരുന്നത്. അതുകൊണ്ടുതന്നെ നഖം എപ്പോഴാണ് ഉപയോഗിക്കേണ്ടത് എന്നതിൽ അതിനൊരു സന്ദേഹവുമില്ല. ടാഗോറിന്റെ ഭാഷയിൽ വ്യാഘ്രത്വവും നഖങ്ങളും തമ്മിലൊരു പൊരുത്തക്കേട് ഒരു കടുവക്കും ഉണ്ടാവുകയില്ല. എന്നാൽ, പേനക്കത്തി പിറന്നാൾ സമ്മാനമായി കിട്ടിയ കുട്ടിയുടെ അവസ്ഥ അതല്ല. അവന്റെ ആന്തരപ്രകൃതി കടുവയിലെന്നപോലെ ഇതിനോട് ഇണങ്ങി ചേരത്തക്കവണ്ണം വളർന്നിട്ടില്ല. ടാഗോർ എഴുതി. പുതുതായി കിട്ടിയ പേനക്കത്തികൾ ഉപയോഗിച്ച് തന്റെയും അന്യരുടെയും ജീവക്ഷേമങ്ങളെ അപകടത്തിലാക്കുന്ന കുട്ടികൾ! ആ പേനക്കത്തികൾക്കാകട്ടെ മനുഷ്യപ്പറ്റുണ്ടാവാൻ ഇനിയും സമയമായിട്ടില്ല.
.