ഏട്ടത്തിയമ്മ
text_fieldsനിങ്ങളിലാർക്കെങ്കിലും
അമ്മയ്ക്കു
തുല്യമായൊരു
ഏട്ടത്തിയുണ്ടോ
ഒന്നു മുട്ടുകുത്തിവീണാൽ
ദൈവമേ...
എന്റെ കുഞ്ഞിനെന്തെങ്കിലും
പറ്റിയോന്ന് പിറു, പിറുത്തോടി വരുന്നൊരേട്ടത്തി !
താഴെ മൂന്നാലെണ്ണം
ആണ്ടുതോറും അമ്മ പെറ്റിട്ടപ്പോൾ
വേലക്കാരി പരുവത്തിലേക്ക്
ഒതുക്കപ്പെട്ടവൾ
ആറാം ക്ലാസിന്റെ പകുതിയിൽ
പള്ളിക്കൂടത്തിനോട് വിട ചൊല്ലിയവൾ
അയൽപക്കത്തിലെ കുട്ടികൾ
കൊത്തങ്കല്ലാടുമ്പോൾ
കക്കു കളിക്കുമ്പോൾ
തനിക്കുതാഴെ പിറന്ന ചില്ലറകളുമായി
ചുളുചുളാന്ന് പടവെട്ടുകയായിരിക്കും
കുളികഴിഞ്ഞാൽ.....പത്തോ പതിനഞ്ചോ....
നിമിഷം മാത്രം
ഇത്തിരി ചന്തം
പിന്നെ പാടത്തിറങ്ങിയ
പണിക്കാരിയെ പോലെയായി
പഠിത്തം മറന്നപ്പോൾ
അടുക്കളയുമായി
ഒരടുക്കും ചിട്ടയും വന്നെത്തി
പിന്നി കെട്ടിയ മുടിയും
നെറ്റിയിലെ വരക്കുറിയും
ഏട്ടത്തിക്ക് ഒരമ്മ, ഭാവത്തിന്റെ
പ്രതിരൂപമേകി
തിരിച്ചറിവുകളുടെ കാലമെത്തിയപ്പോഴാണ്
സുമംഗലിയായി പോയൊരേട്ടത്തി
ഹൃദയത്തിലെത്രമാത്രം
സ്പർശിച്ചിരുന്നുവെന്നറിവായത് !
ആ.......ഓർമകളിന്നും
ഉമ്മവെച്ചു കിടക്കുന്നു
ഉള്ളാഴങ്ങളിൽ !
വാരിക്കോരി തന്നിരുന്ന
ചോറിനൊപ്പം നിറയെ സ്നേഹവും
ചാലിച്ചിരുന്നു!
സന്ധ്യക്കുപാടുന്ന ശ്രീരാമകീർത്തനം !
(രാമം ദശരഥം വിദ്ധി)
(മാം വിദ്ധി ജനകാത്മജാം)
(അയോദ്ധ്യാം അടവീം വിദ്ധി)
(ഗച്ഛ: താത യഥാ സുഖം)
വരികൾ ചൊല്ലി തരുന്നൊരാ.... രൂപം
ജീവിതത്തിന്റെ ഋതുസന്ധ്യകളിലൊട്ടിച്ചേർന്നു കിടപ്പുണ്ടിന്നും !
പണ്ട് !പ്രസവിക്കാതെ
മൂന്നു മക്കളുടെ
പോറ്റമ്മയായവൾ!
ഇന്നുമവൾ
വളർന്ന വീട്ടിൽ
വന്നിറങ്ങി പോകുമ്പോൾ
കണ്ണുകളിൽ ചുമപ്പു പടരുന്നതും
മനസ്സു പിടയുന്നതും
മുഖഭാവം വിളിച്ചുപറയും
പലപ്പോഴും !
പാവം മനസ്സിലെ....
മായാത്ത ഭംഗി ചിത്രം !
ഏട്ടത്തിയമ്മ !!!


